Malappuram
ലക്‌നൗ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയുമായി സഹകരിക്കാന്‍ മഅ്ദിന്‍ അക്കാദമി
ഭാഷാ-അക്കാദമിക് വിനിമയങ്ങള്‍ക്ക് ധാരണ; മഅ്ദിന്‍ ചെയര്‍മാര്‍ കരാറില്‍ ഒപ്പുവെക്കും
ലക്‌നൗ | ലക്‌നൗ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയുമായി (KMCLU) ചേര്‍ന്ന് വിവിധ ഭാഷാ-അക്കാദമിക് വിനിമയ പദ്ധതികള്‍ നടപ്പിലാക്കാന്‍ മഅ്ദിന്‍ അക്കാദമി ധാരണയിലെത്തി. മഅ്ദിന്‍ മുപ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍’ പ്രതിനിധി സംഘം സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. അജയ് തനേജയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. പദ്ധതിയുടെ ഭാഗമായുള്ള ഔദ്യോഗിക സഹകരണ കരാറില്‍ (MoU) മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഒപ്പുവെക്കും.
ആഗോളതലത്തില്‍ പുതിയ ഭാഷകള്‍ പഠിക്കുന്നതിനും ഉന്നതവിദ്യാഭ്യാസ അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുമായി മഅ്ദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ലാംഗ്വേജ് അക്കാദമികളുടെയും പഠനകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം വിസി പ്രൊഫ. അജയ് തനേജ പ്രത്യേകം വിലയിരുത്തി. കേരളത്തില്‍ സ്പാനിഷ് ഭാഷാ പഠനത്തിനായി ആദ്യമായി ആരംഭിച്ച മഅ്ദിന്‍ സ്പാനിഷ് അക്കാദമി, ജര്‍മന്‍ ഭാഷാ പഠനകേന്ദ്രം, ദുബായ് ഭരണാധികാരിയുടെ ‘വേള്‍ഡ് അറബിക് റീഡിങ് ചലഞ്ചില്‍’ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അറബിക് അക്കാദമി, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയുടെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ ലഭ്യമാക്കുന്ന സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് മുന്നില്‍ വിശദീകരിച്ചു. ഈ രംഗത്തെ മഅ്ദിന്റെ അനുഭവസമ്പത്ത് യൂണിവേഴ്‌സിറ്റിയുമായുള്ള സഹകരണത്തിന് വലിയ കരുത്താകുമെന്ന് വിസി പ്രത്യാശ പ്രകടിപ്പിച്ചു.

വിദേശഭാഷാ പഠനരംഗത്ത് മഅ്ദിന്‍ കൈവരിച്ച മികവിന്റെ തെളിവായി, സ്ഥാപനത്തിന് കീഴില്‍ ചൈനീസ് ഭാഷ അഭ്യസിച്ച മുഹമ്മദ് ആഷിഖ് അദനി അടുത്തിടെ യു ജി സി ജെ ആര്‍ എഫ് (JRF) കരസ്ഥമാക്കിയ നേട്ടവും കൂടിക്കാഴ്ചയില്‍ പ്രതിപാദിക്കപ്പെട്ടു. വിദേശഭാഷാ കോഴ്‌സുകളിലെ ഇത്തരം ഉന്നത നിലവാരത്തെ സര്‍വ്വകലാശാലാ അധികൃതര്‍ പ്രത്യേകം പ്രശംസിച്ചു.
ഇന്ത്യയിലുടനീളം പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍’ പ്രതിനിധി സംഘം രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളില്‍ സന്ദര്‍ശനം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി നേരത്തെ ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിവിധ വകുപ്പ് മേധാവികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തുകയും പ്രധാനപ്പെട്ട അക്കാദമിക് ധാരണകളില്‍ എത്തുകയും ചെയ്തിരുന്നു.
കൂടിക്കാഴ്ചയില്‍ ഖോജ് സഫര്‍ ക്യാപ്റ്റന്‍ സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, വൈസ് ക്യാപ്റ്റന്‍ ബഷീര്‍ സഅദി വയനാട്, സര്‍വ്വകലാശാലാ അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫ. മസൂദ് ആലം, ഇമാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വാഹിദ് മുഈനി, ഖോജ് സഫര്‍ കണ്‍വീനര്‍ മുഹമ്മദ് ജുനൈദ് അദനി, അല്‍ വാരിസിയ്യ ഡെലിഗേഷന്‍ നജ്മുല്‍ ഹസന്‍ ലക്‌നൗ, മഅ്ദിന്‍ എംബ്രേസ് ഗ്ലോബല്‍ സെക്രട്ടറി ഹാഫിള് നസീം അദനി എടക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights
Ma’din Academy has partnered with Lucknow’s Khwaja Moinuddin Chishti Language University (KMCLU) for language and academic exchange programs. The agreement was finalized during a meeting between the ‘Khoj Safar’ delegation and VC Prof. Ajay Taneja. Ma’din Chairman Sayyid Ibraheemul Khaleel Al Bukhari will sign the MoU.





