സാഹിത്യം
ബുക്കർ പെരുമയിൽ ബ്രിട്ടീഷ് നോവൽ...
ബ്രിട്ടീഷ് സാഹിത്യത്തിലെ സയൻസ് ഫിക്്്ഷൻ ശാഖയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച എഴുത്തുകാരനാണ് എം ഹോൺ ഹാരിസൺ. ശാസ്ത്രസാങ്കൽപ്പികതയും സാമൂഹിക വിഷയങ്ങളും പരസ്പരവിരുദ്ധങ്ങളല്ലെന്നും സാഹിത്യത്തിന്റെ ഭൂമികയിൽ അവക്ക് ഒരുമിച്ചു നിൽക്കാനാകുമെന്നും അദ്ദേഹം തന്റെ രചനകളിലൂടെ തെളിയിക്കുന്നു. വ്യത്യസ്തമായ ആഖ്യാനശൈലിയും ഭാവനയുടെ വിശാലതയും ഭാഷാപരമായ മികവുംകൊണ്ട് എഴുത്തിൽ വിസ്മയം തീർക്കുന്നു ഈ എഴുത്തുകാരൻ.
ഈ വർഷത്തെ ബുക്കർ പ്രൈസിന് അർഹനായ എം ജോൺ ഹാരിസൺ (M John Harrison) ഇംഗ്ലണ്ടിലെ തലമുതിർന്ന എഴുത്തുകാരിൽ പ്രമുഖനാണ്. പതിറ്റാണ്ടുകളോളം ബ്രിട്ടീഷ് സാഹിത്യത്തിൽ സയൻസ് ഫിക്ഷന്റെ മായികമായ പ്രഭ പരത്തിയ എഴുത്തുകാരനാണ് അദ്ദേഹം. ഇക്കഴിഞ്ഞ നവംബർ ഒന്പതിന് സാഹിത്യലോകത്തെ ഈ വിഖ്യാത പുരസ്കാരം എൺപത്തിയൊന്നുകാരനായ ഹാരിസണിന് സമ്മാനിക്കപ്പെട്ടപ്പോൾ ബുക്കർ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പുരസ്കാരജേതാവ് എന്ന വിശേഷണം കൂടി സ്വന്തമാക്കുകയായിരുന്നു അദ്ദേഹം. പുരസ്കൃതരചനയായ “The End of Everything’ എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവലാണ്. ഇരുനൂറ് പേജിൽ താഴെയുള്ള ഈ പുസ്തകം സയൻസ് ഫിക്്ഷൻ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
ബ്രിട്ടീഷ് സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് എം ജോൺ ഹാരിസൺ. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സാഹിത്യവിമർശകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ഖ്യാതിനേടിയിട്ടുണ്ട്. 1945 ജൂലൈ 26ന് ഇംഗ്ലണ്ടിലെ വാർവിക്ഷെയറിലെ റഗ്ബിയിൽ ജനിച്ച എഴുത്തുകാരന്റെ യഥാർഥ പേര് മൈക്കൽ ജോൺ ഹാരിസൺ എന്നാണ്. സയൻസ് ഫിക്്ഷൻ, ഫാന്റസി, ഹൊറർ എന്നിവയാണ് ഇഷ്ടമേഖലകൾ. 1965ൽ സാഹിത്യലോകത്തേക്ക് പ്രവേശിച്ച ഹാരിസൺ 1969 ൽ പ്രശസ്തമായ പുതുലോകങ്ങൾ (New Worlds) എന്ന സയൻസ് ഫിക്്ഷൻ മാസികയുടെ പത്രാധിപസമിതി അംഗമായി. Climbers (1989), Light (2002), Nova Swing (2006), Empty Space (2012), The Sunken Land Begins to Rise Again (2020), The End of Everything (2026) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. Climbers എന്ന നോവൽ ബ്രോഡ് മാൻ ടാസ്കർ പ്രൈസിനും Nova Swing ആർതർ സി ക്ളാർക്ക് അവാർഡിനും The Sunken Land Begins to Rise Again എന്ന കൃതി ഗോൾഡ്സ്മിത്ത് പ്രൈസിനും അർഹമായി.
ബുക്കർ പ്രൈസ് നേടിയ The End of Everything എഴുത്തുകാരന്റെ പതിമൂന്നാമത്തെ നോവലാണ്. 2026ൽ പ്രസിദ്ധീകരിച്ച ഈ സയൻസ് ഫിക്്ഷൻ കൃതിയുടെ പ്രധാന പ്രമേയം ദുരന്താനന്തര കാലത്തെ ബ്രിട്ടീഷ് സമൂഹത്തിന്റെ ജീവിതവും മനുഷ്യന്റെ നിലനിൽപ്പിനെയും തിരിച്ചറിവിനെയും സംബന്ധിച്ച ആശങ്കകളുമാണ്. ശാസ്ത്രകല്പനകൾക്കൊപ്പം സാമൂഹികവിമർശനവും ആക്ഷേപഹാസ്യവും കലർത്തി രചിക്കപ്പെട്ട ഈ നോവൽ സമകാലിക ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലേക്ക് വായനക്കാരുടെ ശ്രദ്ധയെ ആകർഷിക്കുന്നു.
ദുരന്താനന്തര സമൂഹത്തിലെ മനുഷ്യന്റെ അസ്തിത്വപ്രതിസന്ധി, രാഷ്ട്രീയപ്രശ്നങ്ങൾ ഭാവിലോകത്തിന്റെ അനിശ്ചിതത്വം തുടങ്ങിയവ ഇതിൽ സൂക്ഷ്മമായി ആവിഷ്കരിക്കുന്നു. സമൂഹത്തിന്റെ പതിവ് ക്രമങ്ങൾ തകർക്കപ്പെട്ട തികച്ചും അനിശ്ചിതമായ ഒരു ഭാവിലോകമാണ് നോവലിന്റെ പശ്ചാത്തലമായി വർത്തിക്കുന്നത്. “ലോകത്തെക്കുറിച്ചുള്ള നമ്മുടെ എല്ലാ പ്രതീക്ഷകളും വിശദീകരണങ്ങളും തുടർച്ചയായ ദുരന്തങ്ങളായി മാറുമ്പോഴും നമ്മുടെ ജീവിതം നമുക്കിവിടെ ജീവിച്ചുതീർക്കേണ്ടതില്ലേ എന്ന ചോദ്യമാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്’ എന്ന് ഒരഭിമുഖത്തിൽ തന്റെ നോവലിനെക്കുറിച്ച് വിശദീകരിക്കുമ്പോൾ എഴുത്തുകാരൻ വ്യക്തമാക്കുന്നുണ്ട്.
മനുഷ്യജീവിതത്തെയും സമൂഹത്തെയും വിശകലനം ചെയ്യാനുള്ള ഉപാധിയായി ശാസ്ത്രകഥകളെ ഉപയോഗിച്ച എഴുത്തുകാരനാണ് എം ജോൺ ഹാരിസൺ. ഒപ്പം സമകാലിക സാമൂഹിക, രാഷ്ട്രീയാവസ്ഥകൾ, അധികാരബന്ധങ്ങൾ, മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വം എന്നിവയും അദ്ദേഹത്തിന്റെ രചനകൾ ശക്തമായി പ്രതിഫലിപ്പിക്കുന്നു. ഹാരിസണിന്റെ നോവലുകളുടെ എടുത്തുപറയാവുന്ന സവിശേഷത ശാസ്ത്രകഥയുടെയും സാഹിത്യകലയുടെയും അതിരുകൾ മറികടക്കുന്ന രചനാരീതിയാണ്. ശാസ്ത്രസാങ്കൽപ്പികതയെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളുമായി ഇഴചേർക്കുന്നതിൽ അദ്ദേഹം അത്ഭുതകരമായ കഴിവാണ് പ്രദർശിപ്പിക്കുന്നത്. രചനകളിലുടനീളം പടർന്നൊഴുകുന്ന പരിഹാസത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നേർത്ത അന്തരീക്ഷവും ആകർഷകമായ ഭാഷയുടേയും ആഖ്യാനത്തിന്റെയും പ്രസാദാത്മകതയും അദ്ദേഹത്തിന്റെ രചനകൾക്ക് സവിശേഷമായൊരു ഔന്നത്യം നൽകുന്നു.
ബ്രിട്ടീഷ് സാഹിത്യത്തിലെ സയൻസ് ഫിക്ഷൻ ശാഖയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച എഴുത്തുകാരനാണ് എം ഹോൺ ഹാരിസൺ. ശാസ്ത്രസാങ്കൽപ്പികതയും സാമൂഹിക വിഷയങ്ങളും പരസ്പരവിരുദ്ധങ്ങളല്ലെന്നും സാഹിത്യത്തിന്റെ ഭൂമികയിൽ അവക്ക് ഒരുമിച്ചുനിൽക്കാനാകുമെന്നും അദ്ദേഹം തന്റെ രചനകളിലൂടെ തെളിയിക്കുന്നു. വ്യത്യസ്തമായ ആഖ്യാനശൈലിയും ഭാവനയുടെ വിശാലതയും ഭാഷാപരമായ മികവുംകൊണ്ട് എഴുത്തിൽ വിസ്മയം തീർക്കുന്ന ഈ എഴുത്തുകാരന്, ഏറെ വൈകിയാണെങ്കിലും ബുക്കർ പ്രൈസ് ലഭിച്ചതിലുള്ള ആഹ്ലാദം പങ്കുവെക്കുകയാണ് വായനലോകം.
Content Highlights: M John Harrison won the Booker Prize at age 81 for his novel The End of Everything, becoming the oldest winner in the award’s history. The science fiction work explores post-disaster British society, human existence, and contemporary uncertainties. Harrison is celebrated for seamlessly blending speculative fiction with social and political critique.






