Kerala
ഗ്യാനേഷ് കുമാറിന്റെ രാജി; ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളൂവെന്ന് എം എ ബേബി
ആജീവനാന്ത സംരക്ഷണമാണ് മോദി-അമിത്ഷാ സഖ്യം ഗ്യാനേഷ് കുമാറിനും കൂട്ടാളികള്‍ക്കും നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം | മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഡല്‍ഹിയില്‍ ദിവസങ്ങളോളമായി നടക്കുന്ന പ്രക്ഷോഭത്തില്‍ സജീവ നേതൃത്വം നല്കിയ ശേഷം കേരളത്തിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് ബേബി തിരുവനന്തപുരത്ത് എത്തിയത്.
രാജ്യം പ്രക്ഷുബ്ധമായ ഒരു സമരത്തിലാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്രിമം നടത്തിയവര്‍ വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്‍ ബി ജെ പിയും അവരെ അനുകൂലിക്കുന്ന ചില രാഷ്ട്രീയ സംഘടനകളുമൊഴികെ എല്ലാവരും ഒറ്റക്കെട്ടായി അണിചേര്‍ന്നിരിക്കുകയാണെന്നും സി പി എം സെക്രട്ടറി പറഞ്ഞു. ഗ്യാനേഷ് കുമാറിന് ഒറ്റക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാനാകില്ല. അതിന് വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഒരുക്കി നല്‍കുകയായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റിന് പോലുമില്ലാത്ത വിചിത്രമായ സംരക്ഷണമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കേന്ദ്ര ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ നല്‍കിയിരിക്കുന്നത്. ഒരു ക്രിമിനല്‍, സിവില്‍ കേസുകളില്‍ പോലും അദ്ദേഹത്തെ പ്രതിയാക്കാന്‍ കഴിയില്ലെന്നതാണ് സ്ഥിതി. പ്രസിഡന്റിനും ഗവര്‍ണര്‍മാര്‍ക്കും അവര്‍ പദവിയിലിരിക്കുന്ന കാലത്ത് മാത്രമാണ് ഈ സംരക്ഷണമുള്ളത്. എന്നാല്‍, ആജീവനാന്ത സംരക്ഷണമാണ് മോദി-അമിത്ഷാ സഖ്യം ഗ്യാനേഷ് കുമാറിനും കൂട്ടാളികള്‍ക്കും നല്‍കിയിരിക്കുന്നത്. സിവില്‍-ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ച് തന്നെയാണ് ഇവരെ നിയമിച്ചിട്ടുള്ളതെന്ന് വ്യക്തമാണെന്നും എം എ ബേബി ആരോപിച്ചു.
ജനങ്ങള്‍ക്കും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി സി പി എമ്മും ഇടതുപക്ഷവും ഇനിയും മുന്നോട്ട് പോകും. ശക്തമായ പ്രക്ഷോഭങ്ങള്‍ ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
Content Highlights:
CPIM leader M A Baby stated that stronger agitations are yet to come regarding the controversy surrounding Election Commissioner Gyanesh Kumar. He warned that public protests will intensify in the coming days. The opposition continues to press for immediate accountability in the matter.






