Saudi Arabia
ഊര്‍ജ്ജ സുരക്ഷയും അന്താരാഷ്ട്ര വ്യാപാരവും സംരക്ഷിക്കല്‍ ലോകരാജ്യങ്ങളുടെ പൊതു ഉത്തരവാദിത്തമെന്ന് സഊദി
മേഖലയിലെ നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ഭീഷണികളില്‍ നിന്ന് ഊര്‍ജ്ജ വിപണിയെയും നാവിക ഗതാഗതത്തെയും സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് മന്ത്രിസഭ ഓര്‍മ്മിപ്പിച്ചു
റിയാദ് | ആഗോള ഊര്‍ജ്ജ സുരക്ഷ, അന്താരാഷ്ട്ര വ്യാപാരം, വിതരണ ശൃംഖല എന്നിവ സംരക്ഷിക്കുന്നത് ലോകരാജ്യങ്ങളുടെ പൊതുവായ ഉത്തരവാദിത്തമാണെന്ന് സഊദി മന്ത്രിസഭ വ്യക്തമാക്കി. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഈ പ്രസ്താവനയുണ്ടായത്.
മേഖലയിലെ നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ഭീഷണികളില്‍ നിന്ന് ഊര്‍ജ്ജ വിപണിയെയും നാവിക ഗതാഗതത്തെയും സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് മന്ത്രിസഭ ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ ജനവാസ മേഖലകള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെ ഹൂത്തി വിമതര്‍ നടത്തുന്ന ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു.
ചെങ്കടലിലും ബാബ് അല്‍-മന്ദേബ് കടലിടുക്കിലും അന്താരാഷ്ട്ര നാവിക ഗതാഗതത്തിന് നേരെ ഉണ്ടാകുന്ന ഭീഷണികള്‍ തടയാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ 2216-ാം പ്രമേയം പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹൂത്തികള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് തടയാന്‍ പ്രായോഗികമായ അന്താരാഷ്ട്ര കൂട്ടായ്മ വേണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു.
പ്രാദേശികമായ സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിക്കാതിരിക്കാന്‍ എല്ലാ സുഹൃദ് രാജ്യങ്ങളുമായും സഊദി അറേബ്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമ മന്ത്രി സല്മാന് അല്‍-ദോസരി വ്യക്തമാക്കി
Content Highlights: The Saudi Cabinet chaired by King Salman highlighted the shared global responsibility to safeguard energy security and trade routes. It strongly condemned Houthi attacks on civilian areas and energy infrastructure. The Cabinet urged full implementation of UN Resolution 2216 to protect maritime navigation.






