Kerala
എസ് എം എ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് എസ് എ ടിയില്‍ പരീക്ഷണ ലേബലുള്ള മരുന്നുകള്‍ നല്‍കിയത് ഗുരുതര വീഴ്ച; ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്
ഗുരുതരമായ ഇത്തരം നിയമലംഘനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരോഗ്യവകുപ്പിന് സാധിക്കില്ല
തിരുവനന്തപുരം | സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍രക്ഷാ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്തകള്‍ അതീവ ഞെട്ടലുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മാതാപിതാക്കളെ കാര്യങ്ങള്‍ വിശദീകരിച്ച് സമ്മതം വാങ്ങാതെ പരീക്ഷണ ലേബലിലുള്ള മരുന്നുകള്‍ ഗുരുതര രോഗം ബാധിച്ച കുട്ടികള്‍ക്ക് നല്കി എന്നത് നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കില്ലെന്നും സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആശുപത്രി വഴി വിതരണം ചെയ്ത മരുന്നുകളില്‍ ‘Physician Sample’ എന്നും ‘For Clinical Trials Only’ എന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രോഗികളായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ തന്നെ തെളിവുസഹിതം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെയും സര്‍ക്കാര്‍തല സംഭരണച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഗുരുതരമായ ഇത്തരം നിയമലംഘനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരോഗ്യവകുപ്പിന് സാധിക്കില്ല. ആരാണ് ഇതിന് അനുമതി നല്‍കിയതെന്നും ഉത്തരവാദികള്‍ ആരൊക്കെയാണെന്നും കണ്ടെത്തി അവര്‍ക്കെതിരെ മാതൃകാപരമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി വിജയന് ആവശ്യപ്പെട്ടു.
ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന അതീവ ഭീതിദമായ ചോദ്യമാണ് ഇതിലൂടെ ഉയര്ന്നുനില്ക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കാണിക്കുന്ന നിസ്സംഗതയും അനാസ്ഥയും ക്രൂരവും ഞെട്ടിക്കുന്നതുമാണ്. പതിവുപോലെ വളരെ നിരുത്തരവാദപരമായ സമീപനമാണ് വകുപ്പുമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കാര്യങ്ങളെ ഗൗരവത്തോടെ കാണാന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തെ ആരോഗ്യരംഗം സര്‍വ്വതലത്തിലും തകര്‍ന്നടിഞ്ഞു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്. ആരോഗ്യവകുപ്പിന്റെ സമ്പൂര്‍ണ്ണ പരാജയം കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് വകുപ്പുമന്ത്രിക്കുതന്നെ തുറന്നുസമ്മതിക്കേണ്ടി വന്നിരുന്നു. ഭരണപരമായ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടുപോയി എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സര്‍ക്കാര്‍, ഒടുവില്‍ നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്വെച്ചുപോലും ക്രൂരമായ ചൂതാട്ടത്തിന് മുതിരുകയാണെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറയുന്നു
Content Highlights: The Opposition Leader criticized the government over reports of trial-labeled SMA drugs given to children at Trivandrum SAT Hospital. He urged strict criminal action for violating drug safety laws. He stated that the health department cannot evade responsibility for endangering young lives.



