Connect with us

Business

അബൂദബി ഷവാമെഖില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അല്‍ വത്ബ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ഹുമൈദ് അല്‍ മര്‍സൂഖി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

അബൂദബി | ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂദബി ഷവാമെഖില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അല്‍ വത്ബ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ഹുമൈദ് അല്‍ മര്‍സൂഖി ഉദ്ഘാടനം ചെയ്തു.

അബൂദബി നഗരത്തിന്റെ പ്രാന്തപ്രദേശമായ ഷവാമെഖില്‍ പുതുതായി ആരംഭിച്ച ഷവാമെഖ് സെന്‍ട്രല്‍ മാളിലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. 85,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കളുടെ സൗകര്യം മുന്‍നിര്‍ത്തി ഏറ്റവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ലേഔട്ട് ഡിസൈനിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റ്, ഹോട്ട് ഫുഡ്സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ് വിഭാഗം, ലുലു ഫാഷന്‍ സ്റ്റോര്‍ തുടങ്ങിയ സെക്ഷനുകളുമുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റിനെ കൂടാതെ മണി എക്‌സ്‌ചേഞ്ച്, ഫാര്‍മസി, ഫുഡ് & ബിവറേജസ് ഔട്ട്‌ലെറ്റുകള്‍, എ ടി എം തുടങ്ങി വിവിധോദ്ദേശങ്ങളായ സ്ഥാപനങ്ങളുമുണ്ട്.

വിവിധങ്ങളായ ജനസമൂഹങ്ങളെ സേവിക്കുന്നതിനായി ലുലു ഗ്രൂപ്പ് ആരംഭിച്ച ഷോപ്പിംഗ് കേന്ദ്രം പ്രാദേശിക കാര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് ഹുമൈദ് അല്‍ മര്‍സൂഖി പറഞ്ഞു. നഗരത്തില്‍ മാത്രമല്ല, പ്രാന്തപ്രദേശങ്ങളിലും ലുലു ഗ്രൂപ്പ് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

അബൂദബിയില്‍ അടുത്ത വര്‍ഷാവസാനത്തോടെ ഏഴ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുമെന്ന് എം എ യൂസഫലി പറഞ്ഞു. ഇത് 268-ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണ്. അടുത്ത വര്‍ഷം അവസാനത്തോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം 300 എന്നതാണ് ലക്ഷ്യം. എമിറേറ്റിലെ ഉള്‍പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കും ദീര്‍ഘദൂരം യാത്ര ചെയ്യാതെ വേണ്ടതെല്ലാം വാങ്ങാനാവുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് നഗരത്തില്‍ നിന്നും മാറി ഷവാമെഖില്‍ ആരംഭിച്ചത്.

ലുലു ഗ്രൂപ്പിന് യു എ ഇ ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണക്ക് യൂസഫലി നന്ദി പറഞ്ഞു. ലുലു ഗ്രൂപ്പ് സി ഇ ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ലുലു അബൂദബി ഡയറക്ടര്‍ അബൂബക്കര്‍, റീജ്യണല്‍ ഡയറക്ടര്‍ അജയ് കുമാര്‍ എന്നിവരും സംബന്ധിച്ചു.

 

 

Latest