Kerala
അമേരിക്കയില്‍ നിന്ന് മംഗലാപുരം തുറമുഖത്ത് എല്‍ പി ജി എത്തി; പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രം
എല്‍ പി ജി പ്രതിസന്ധിയില്‍ അടിയന്തര നടപടികളുമായി ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു
ന്യൂഡല്‍ഹി | അമേരിക്കയിലെ ടെക്‌സസില്‍ നിന്ന് ഇന്നലെ മംഗലാപുരം തുറമുഖത്തെത്തിയ എല്‍ പി ജി നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. എല്‍ പി ജി പ്രതിസന്ധിയില്‍ അടിയന്തര നടപടികളുമായി ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ആശങ്കകള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ വൈകിട്ട് യോഗം ചേര്‍ന്നത്. മന്ത്രിതല സെക്രട്ടറിതല സമിതികള്‍ രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും രാസവള ലഭ്യത ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. ഹോര്‍മുസ് കടലിടുക്കിലുള്ള ഇന്ത്യയുടെ കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
രാജ്യത്തുടനീളം തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുകയിരുന്നു യോഗത്തിന്റെ ലക്ഷ്യം. പുതുതായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഉപഭോക്തൃ, വ്യവസായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആഗോള സംഭവവികാസങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കയില്‍ നിന്ന് ഇന്നലെ മംഗലാപുരം തുറമുഖത്ത് എല്‍ പി ജി എത്തുന്നതിനു മുന്‍പായി റഷ്യന്‍ എണ്ണയുമായി ‘അക്വാ ടൈറ്റന്‍’ എന്ന കപ്പലും മംഗലാപുരത്ത് എത്തിയിട്ടുണ്ട്. കപ്പലിന്റെ വലിപ്പക്കൂടുതല്‍ കാരണം ഇത് തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്ന് 18 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡ് എത്തിക്കും.


