National
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലോട്ടറി; എട്ടാം ശമ്പള കമ്മീഷൻ ശുപാർശകളിൽ വരാനിരിക്കുന്നത് വൻ വർധനവെന്ന് സൂചന
ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട ശുപാർശകൾ സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ന്യൂഡൽഹി | എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാലയളവിനെക്കുറിച്ച് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തത വരുത്തി. 2025 നവംബർ 3 നാണ് എട്ടാം ശമ്പള കമ്മീഷൻ ഔദ്യോഗികമായി രൂപീകരിച്ചതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ അറിയിച്ചു. ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട ശുപാർശകൾ സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ശുപാർശകൾ സമർപ്പിക്കുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തതിന് ശേഷം മാത്രമേ കൃത്യമായ സാമ്പത്തിക ആഘാതം എത്രയെന്ന് വ്യക്തമാകൂ എന്നും മന്ത്രി അറിയിച്ചു. നിലവിൽ വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ കമ്മീഷൻ തേടിവരികയാണ്. ഇതിനായി മൈ ഗവ് (MyGov) പോർട്ടലിൽ 18 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ, ജീവനക്കാർ, പെൻഷൻകാർ, യൂണിയനുകൾ എന്നിവർക്ക് മാർച്ച് 31, 2026 വരെ ഓൺലൈനായി മറുപടികൾ സമർപ്പിക്കാം.
എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കണക്കാക്കുന്നതെങ്കിലും ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരിഷ്കരിച്ച ശമ്പളം എത്താൻ വൈകിയേക്കും. 2026 അവസാനമോ അല്ലെങ്കിൽ 2026 27 സാമ്പത്തിക വർഷത്തിലോ മാത്രമേ യഥാർത്ഥ ഗുണഫലം ലഭിക്കാനിടയുള്ളൂ എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ശമ്പളം വൈകി ലഭിച്ചാലും 2026 ജനുവരി 1 മുതലുള്ള കുടിശ്ശിക (Arrears) ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
ശമ്പള വർധനവ് എത്ര ശതമാനമായിരിക്കും എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മുൻകാല ട്രെൻഡുകൾ അനുസരിച്ച് 20 മുതൽ 35 ശതമാനം വരെ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഫിറ്റ്മെന്റ് ഫാക്ടർ 2.4 നും 3.0 നും ഇടയിലായിരിക്കുമെന്നും കരുതപ്പെടുന്നു.
എങ്കിലും വരാനിരിക്കുന്ന മാസങ്ങളിലെ പണപ്പെരുപ്പം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
Summary
The central government has confirmed that the 8th Pay Commission was formally established on November 3, 2025, with an 18-month window to submit recommendations. While the revised pay scales are expected to be effective from January 1, 2026, employees may only see the actual increase in their accounts by late 2026 or early 2027. Early estimates suggest a potential salary hike of 20-35%, and stakeholders have until March 31, 2026, to submit their feedback via the MyGov portal.







