Connect with us

ലോകസഭ തിരഞ്ഞെടുപ്പ്: കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും

സാമുദായിക സമവാക്യത്തിനു പറ്റിയ മറ്റൊരു സ്ഥാനാര്‍ഥിയില്ലെന്നത് അനുകൂലമായി

Published

|

Last Updated

ന്യൂഡല്‍ഹി | യു ഡി എഫ് സ്ഥാനാര്‍ഥിയായി കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും. കെ പി സി സി അധ്യക്ഷ പദവിയും എം പി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നില്ലെന്ന നിലപാട് തുടക്കത്തില്‍ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് താന്‍ തന്നെ മത്സരിക്കും എന്ന നിലപാടിലേക്ക് അദ്ദേഹം മാറി. സമുദായിക സമവാക്യങ്ങള്‍ക്കൊത്ത മികച്ച സ്ഥാനാര്‍ഥിയായി മറ്റൊരാളില്ലെന്ന കെ സുധാകരന്റെ വാദവും വീണ്ടും നറുക്കു വീഴാന്‍ കാരണമായി.

തന്റെ പിന്‍ഗാമി ആരായിരിക്കണമെന്ന കാര്യത്തില്‍ ഉണ്ടായ അനിശ്ചിതത്വമാണ് അദ്ദേഹത്തെ വീണ്ടും മത്സരിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. നിലവിലുള്ള എല്ലാ എം പി മാരും ജനവിധി തേടുമ്പോള്‍ താന്‍ മാത്രം മാറിനില്‍ക്കുന്നതിലും അദ്ദേഹത്തിനു വൈമനസ്യമുണ്ടായിരുന്നു. കെ പി സി സി പ്രസിഡന്റ് പദവി ഒഴിയേണ്ട സാഹചര്യമുണ്ടായാല്‍ പദവികളൊന്നുമില്ലാത്ത അവസ്ഥവരുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു. ലോക സഭാ സീറ്റ് ഒഴിഞ്ഞാല്‍ പകരം തനിക്ക് രാജ്യസഭ സീറ്റ് നല്‍കാണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചിരുന്നു.യു ഡി എഫ് ഒത്തു തീര്‍പ്പിന്റെ ഭാഗമായി ഒഴിവുവരുന്ന രാജ്യ സഭാ സീറ്റ് ലീഗിനു നല്‍കേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ ആ പ്രതീക്ഷയും അസ്ഥാനത്താകും എന്നു സുധാകരന്‍ ഭയപ്പെട്ടിരുന്നു.

കെ പി സി സി പ്രസിഡന്റ് പാര്‍ലിമെന്ററി ചുമതലകൂടി വഹിക്കേണ്ട എന്ന നിലപാട് ദേശീയ നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാല്‍ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജനെന്ന ശക്തനായ സ്ഥാനര്‍ഥിയെ രംഗത്തിറക്കിയ സാഹചര്യത്തില്‍ പോരാട്ടത്തിന് താന്‍ തന്നെ വേണമെന്ന നിലപാട് സുധാകരന്‍ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.

സുധാകരന്‍ മത്സര രംഗത്തില്ലെങ്കില്‍ പകരം പല നേതാക്കളുടേയും പേരുകള്‍ കണ്ണൂര്‍ സീറ്റിലേക്ക് ഉയര്‍ന്നുകേട്ടെങ്കിലും അവര്‍ക്കെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ എതിര്‍പ്പും ഉയര്‍ന്നു. ഇതും സുധാകരന് അനുകൂലമായി. ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണു താന്‍ വീണ്ടും മത്സര രംഗത്ത് എത്തുന്നത് എന്നാണു കെ സുധാകരന്‍ പറയുന്നത്. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ വിജയ സാധ്യത കുറവെന്ന് സംസ്ഥാന നേതൃത്വം എ ഐ സി സിയെ അറിയിച്ചിരുന്നു.

അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഘട്ടത്തിലാണ് ഒരു പദവി ഒഴിയാമെന്ന നിലയിലേക്ക് അദ്ദേഹം മാറിയിരുന്നത്. എന്നാല്‍ അടുത്തയിടെ അമേരിക്കയില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നു കണ്ടെത്തിയതോടെയാണ് അദ്ദേഹം വീണ്ടും പോരാട്ടത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ്സിനെ അര്‍ധ കേഡര്‍ പാര്‍ട്ടിയാക്കുമെന്ന പ്രഖ്യാപനത്തോടെ കെ പി സി സി പ്രസിഡന്റ് പദവി ഏറ്റെടുത്തെങ്കിലും പ്രതീക്ഷിച്ചതുപോലെ പാര്‍ട്ടിയെ അദ്ദേഹത്തിനു നയിക്കാന്‍ കഴിഞ്ഞില്ലെന്നാണു പാര്‍ട്ടിയിലെ വിലയിരുത്തല്‍.

Latest