ആരോഗ്യം
ല്യൂക്കോറിയ നിസ്സാരമല്ല; അല്‍പം കരുതലാകാം...
പലപ്പോഴും ലജ്ജയോ ഭയമോ കാരണം ചികിത്സ തേടാതെ പോകുന്നത് ഇതിനെ സങ്കീര്‍ണമാക്കിയേക്കും.
മിക്ക സ്ത്രീകള്‍ക്കും ഒരിക്കലെങ്കിലും അനുഭവപ്പെടാറുള്ളതും പലരും തുറന്ന് സംസാരിക്കാന്‍ മടിക്കുന്നതുമായ ഒരു ആരോഗ്യപ്രശ്നമാണ് വെള്ളപോക്ക് (Leucorrhoea). പലപ്പോഴും ലജ്ജയോ ഭയമോ കാരണം ചികിത്സ തേടാതെ പോകുന്നത് ഇതിനെ സങ്കീര്‍ണമാക്കിയേക്കും. എന്നാല്‍, ശരിയായ അറിവും സമയബന്ധിത ചികിത്സയും ഉണ്ടെങ്കില്‍ വെള്ളപോക്ക് പൂര്‍ണമായും നിയന്ത്രിക്കാവുന്ന ഒരു രോഗാവസ്ഥയാണ്.
എന്താണ് വെള്ളപോക്ക്?
യോനിയില്‍ നിന്ന് അമിതമായി വെളുത്ത സ്രവം പുറത്തേക്ക് വരുന്നതിനെയാണ് സാധാരണയായി വെള്ളപോക്ക് എന്ന് പറയുന്നത്. മുട്ടയുടെ വെള്ളപോലെയോ വെളുത്ത നിറത്തിലോ ആണ് ഇത് സാധാരണ കാണപ്പെടാറുള്ളത്. സാധാരണ (Normal) എന്നും രോഗപരമായ (Abnormal) എന്നും ഈ സ്രവത്തിനെ രണ്ടായി തരംതിരിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാം.
സാധാരണ വെള്ളപോക്ക് (Physiological / Normal Vaginal Discharge) യോനിയുടെ ആരോഗ്യത്തിനും ശുചിത്വത്തിനും അത്യന്താപേക്ഷിതമാണ്. ഇത് ഒരു രോഗമല്ല. കൗമാരത്തിലേക്ക് കടക്കുന്ന സമയം (Puberty), ഗര്‍ഭകാലം, ആര്‍ത്തവ ചക്രത്തിലെ അണ്ഡോത്പാദന സമയം (Ovulation), മാസമുറക്ക് മുന്പുള്ള ദിവസങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ ഇത് സാധാരണയായി കാണപ്പെടാറുണ്ട്. മുട്ടയുടെ വെള്ളപോലെയോ വെളുത്ത നിറത്തിലോ ഉള്ള സ്രവം ചെറിയ അളവില്‍ മാത്രമാണ് കാണുക. ഇതിന് ദുര്‍ഗന്ധവുമില്ല. ഇത് പുറപ്പെടുന്നവര്‍ക്ക് ആ സമയത്ത് പ്രത്യേകിച്ച് ചൊറിച്ചിലോ കുരുക്കളോ വേദനയോ ഒന്നുമുണ്ടാകാറുമില്ല.
എന്നാല്‍, രണ്ടാമത്തെ തരമായ രോഗപരമായ വെള്ളപോക്ക് (Pathological/ Abnormal Vaginal Discharge) അണുബാധ മൂലമോ മറ്റ് രോഗാവസ്ഥകള്‍ മൂലമോ ആണ് ഉണ്ടാകുന്നത്. ഇത് തീര്‍ച്ചയായും ചികിത്സ ആവശ്യമായ അവസ്ഥയാണ്.
പാഡ് അല്ലെങ്കില്‍ തുണി ഉപയോഗിക്കേണ്ടിവരുന്നത്ര അമിതമായ വെളുത്തസ്രവം, രൂക്ഷമായ ദുര്‍ഗന്ധം, യോനിയില്‍ ചൊറിച്ചില്‍, അമിത ക്ഷീണം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. മൂത്രമൊഴിക്കുമ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുമെല്ലാം വേദന അനുഭവപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്.
അടിവയറ്റിലും നടുവിനുമെല്ലാം വേദന അനുഭവപ്പെടുന്നവരുമുണ്ട്. മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളിലോ തൈര് പോലെയോ ആണ് രോഗം മൂലമുള്ള വെള്ളപോക്ക് കാണാറുള്ളത്. ഈ അവസ്ഥയുണ്ടെങ്കില്‍ വളരെ പെട്ടെന്ന് വിദഗ്ധ ചികിത്സ തേടണം.
യോനിയിലെ ബാക്ടീരിയ അല്ലെങ്കില്‍ ഫംഗസ് അണുബാധകള്‍ മൂലമാണ് രോഗാവസ്ഥയിലുള്ള വെള്ളപോക്ക് ഉണ്ടാകുന്നത്. ശുചിത്വക്കുറവ്, മാനസിക പിരിമുറുക്കം, ദീര്‍ഘകാലം ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിക്കല്‍, ശരീരം ക്ഷീണിക്കല്‍, രോഗപ്രതിരോധശേഷിക്കുറവ് എന്നിവ മൂലം ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ലൈംഗികബന്ധത്തിലൂടെ അണുബാധ പകരുകയും ചെയ്യാറുണ്ട്.
അതേസമയം, ശുചീകരണം അമിതമായാലും രോഗാവസ്ഥ വരാം. സോപ്പ്, വജേനല്‍ വാഷ്, ഡൂഷസ് എന്നിവ അമിതമായി ഉപയോഗിക്കുന്നതാണ് പ്രശ്നം. സെര്‍വിക്കല്‍ പൊളിപ് പോലുള്ള മുഴകള്‍, ഗര്‍ഭാശയ ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുടെ ലക്ഷണമായി അമിത വെളുത്തസ്രവം കാണാവുന്നതാണ്. എത്രയും പെട്ടെന്ന് വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകളെ സമീപിച്ച് ചികിത്സ തേടുകയാണ് വേണ്ടത്. രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സയും എളുപ്പമാകും. മടിയും സ്വയം ചികിത്സയും മാറ്റിവെച്ച് ആരോഗ്യം സംരക്ഷിക്കാം.
Content Highlights:
Leucorrhoea or white discharge is a common condition experienced by many women, which can be categorized into physiological and pathological types. While normal discharge is essential for reproductive health, abnormal discharge accompanied by foul smell, itching, and color changes indicates underlying infections. Factors like poor hygiene, stress, overusing chemical vaginal washes, and fungal infections can trigger this pathological condition. Experts advise consulting a qualified gynecologist early instead of self-medicating to ensure effective recovery and rule out serious risks.







