International
പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചിരുന്ന് നല്ലൊരു അത്താഴം കഴിക്കട്ടെ: ട്രംപ്
ഇന്ത്യ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെ നിരസിക്കുകയും പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നേരിട്ടുള്ള ചര്‍ച്ചകളുടെ ഫലമാണെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്.

റിയാദ് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിനായി ഒരുമിച്ച് നല്ലൊരു അത്താഴം കഴിക്കണമെന്ന് നിര്‍ദേശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇരുരാജ്യങ്ങളെയും ഒരുമിപ്പിക്കുന്നതിന് അമേരിക്കയ്ക്ക് സാധിച്ചേക്കും.വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്‍റെയും വിദേശകാര്യ സെക്രട്ടറി റൂബിയോയുടെയും ഇടപെടലാണ് സമാധാനം സാധ്യമാക്കിയത്.ഇനിയവര്‍ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുക നല്ലതായിരിക്കില്ലേയെന്നും മാര്‍ക്കോ റൂബിയോയോട് ട്രംപ് ചോദിക്കുകയായിരുന്നു.താന്‍ ഒരു നല്ല സമാധാന സ്ഥാപകനാണെന്നും ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലാന്‍ സാധ്യതയുള്ള ആണവയുദ്ധം ഒഴിവാക്കാന്‍ തന്റെ ഭരണകൂടം മധ്യസ്ഥത വഹിച്ചെന്നുമുള്ള അവകാശവാദം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ പങ്കെടുത്ത യുഎസ് നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്താനും യോജിച്ചുപോകുന്നുണ്ട്.ഇന്ത്യയും പാകിസ്ഥാനുമിടിയിലെ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ തന്റെ ഭരണകൂടത്തിന് സാധിച്ചു.അതിനായി ഞാന്‍ ഉപയോഗിച്ചത് വ്യാപാരത്തെയാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഇന്ത്യ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെ നിരസിക്കുകയും പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നേരിട്ടുള്ള ചര്‍ച്ചകളുടെ ഫലമാണെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്.