Connect with us

Articles

ഈ നാടിനെക്കുറിച്ച് നമുക്ക് ഒരുമിച്ചു പറയാം

ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം

Published

|

Last Updated

‘യാത്രകള്‍ ആദ്യം നിങ്ങളില്‍ മൗനം നിറക്കും, പക്ഷേ പിന്നീടത് നിങ്ങളെ കഥകള്‍ കൊണ്ട് മൂടും’ എന്ന് പറഞ്ഞത് ലോക സഞ്ചാരിയായ ഇബ്‌നു ബത്തൂത്തയാണ്. മനുഷ്യന്റെ എല്ലാ ചോദനകളെയും സജീവമായി നിലനിര്‍ത്തുന്നതില്‍ യാത്രകള്‍ക്ക് വലിയ പങ്കുണ്ട് എന്നാണ് ബത്തൂത്തയുടെ ഈ വരികളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. നമ്മുടെയുള്ളില്‍ ഉറങ്ങുന്ന വാക്കുകളെ, ചിത്രങ്ങളെ, ഊര്‍ജത്തെ യാത്രകള്‍ ഉണര്‍ത്തും. നമ്മുടെ സ്വന്തം നാടിനും നഗരത്തിനും അപ്പുറത്തേക്ക് നിരന്തരം യാത്രകള്‍ ചെയ്യുമ്പോഴാണ് നാം കാണാത്ത ആളുകളെ കാണുന്നത്, കാണാത്ത സ്ഥലങ്ങള്‍ കാണുന്നത്, കഴിക്കാത്ത ഭക്ഷണങ്ങളുടെ രുചി അറിയുന്നത്, അറിയാത്ത ജീവിതങ്ങള്‍ തൊട്ടറിയുന്നത്. എല്ലാത്തിനുമപ്പുറം നമ്മള്‍ അതുവരെ കഴിഞ്ഞ ലോകം എത്ര ചെറുതായിരുന്നു എന്ന് തിരിച്ചറിയുന്നത്. ഈ തിരിച്ചറിവില്‍ നിന്നാകണം മനുഷ്യന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ മറുനാടുകള്‍ അന്വേഷിച്ചു യാത്ര തുടങ്ങിയത്.

ഇന്ന് ദേശീയ വിനോദ സഞ്ചാര ദിനമാണല്ലോ. ഇപ്പോള്‍ നമ്മള്‍ സഞ്ചരിക്കുന്നത് വിനോദത്തിനു വേണ്ടി മാത്രമായല്ല. ചെല്ലുന്ന നാടിന്റെ ചരിത്രവും സംസ്‌കാരവും ഭക്ഷണ വൈവിധ്യം അറിയലും എല്ലാം ഉള്‍പ്പെടുന്നതാണ് അത്, സ്വന്തം രാജ്യത്തായാലും വിദേശത്തായാലും. നമ്മുടെ നാട് കാണാന്‍ വരുന്ന വിദേശ, ആഭ്യന്തര സഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുകയും അതേസമയം അവിസ്മരണീയമായ ആതിഥ്യം അരുളുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല, വിനോദ സഞ്ചാരവും അതിന്റെ സാധ്യതകളും വളരുമ്പോള്‍ നമ്മുടെ നാടിനും നാട്ടുകാര്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കണമെന്നും സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. ആ ലക്ഷ്യത്തില്‍ ഊന്നിയുള്ള പദ്ധതികളാണ് ഈ സര്‍ക്കാറിന്റെ മുന്നിലുള്ളത്. മഹാമാരിയുടെ മൂന്നാം വരവ് സൃഷ്ടിച്ച അനിവാര്യമായ നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് നാം ഇതെല്ലം പറയുന്നത്. പക്ഷേ ഏത് തരംഗത്തെയും നേരിടാനുള്ള സജ്ജീകരണങ്ങള്‍ എല്ലാ മേഖലയിലും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വാക്‌സീനേറ്റഡ് ടൂറിസം കേന്ദ്രങ്ങള്‍ എന്ന ആശയം സര്‍ക്കാര്‍ നേരത്തേ തന്നെ യാഥാര്‍ഥ്യമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ തന്നെ സുരക്ഷിത കേരളം, സുരക്ഷിത ടൂറിസം എന്ന ആശയം മുന്നോട്ടു വെച്ചു. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ടൂറിസം കേന്ദ്രങ്ങള്‍ നൂറ് ശതമാനം വാക്‌സീനേറ്റഡ് ആക്കാന്‍ മുന്‍കൈ എടുത്തു. വയനാട്ടിലെ വൈത്തിരിയിലാണ് ഇത് തുടങ്ങിയത്. വയനാട് ജില്ല തന്നെ നൂറ് ശതമാനം ആദ്യ ഡോസ് വാക്‌സീനെടുത്ത ജില്ലയാകുകയും അത് ദേശീയതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു. ബയോബബിള്‍ സംവിധാനത്തിലൂടെ ടൂറിസം മേഖല സുരക്ഷിതമാണെന്ന സന്ദേശം നല്‍കാന്‍ കഴിഞ്ഞു. കാരവന്‍ ടൂറിസം, ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട്, മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, അഗ്രി ടൂറിസം നെറ്റ് വര്‍ക്ക് ഇന്‍ കാര്‍ ഡൈനിംഗ് തുടങ്ങിയവ വിനോദ സഞ്ചാര മേഖലയില്‍ ഈ സര്‍ക്കാര്‍ അഭിമാനത്തോടെ അവതരിപ്പിച്ച നൂതന പദ്ധതികളാണ്.

വിനോദ സഞ്ചാരം എന്നത് ജനങ്ങളുടെ ജീവതവുമായി ബന്ധപ്പെട്ടതാണ്. പൂര്‍ണാര്‍ഥത്തില്‍ ജനങ്ങള്‍ ടൂറിസവുമായി ബന്ധപ്പെടണം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ടൂറിസം വകുപ്പ് അക്കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു.

ഹൗസ് ബോട്ട് അവതരിപ്പിച്ച് മൂന്നര പതിറ്റാണ്ടിനു ശേഷം കേരള ടൂറിസം പുറത്തിറക്കിയ ഉത്പന്നമായ കാരവാന്‍ ടൂറിസത്തില്‍ അത് പ്രതിഫലിക്കുന്നുണ്ട്. പ്രാദേശിക തൊഴില്‍ സാധ്യത ഇത് വര്‍ധിപ്പിക്കും. സഞ്ചാരികള്‍ക്ക് പ്രാദേശികമായി ഭക്ഷണം നല്‍കാനുള്ള സംവിധാനം ഒരുക്കാം. പ്രാദേശിക കലാരൂപങ്ങളെ പരിചയപ്പെടുത്താം, സുരക്ഷ ഒരുക്കാന്‍ പ്രത്യേക പരിശീലനം നല്‍കി യുവജനങ്ങളെ സജ്ജമാക്കാം, അങ്ങനെ ഒരു പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹമായി ടൂറിസം വളരും. തിരിച്ചും. ആഭ്യന്തര വിനോദ സഞ്ചാരം ശക്തിപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഓരോ പ്രദേശത്തും ഒന്നില്‍ കുറയാത്ത വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കുക എന്നത് പ്രധാന ഉദ്ദേശ്യമാണ്. ഈ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കുന്ന നടപടികള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ഈ വര്‍ഷം തുടക്കം കുറിക്കും. കാര്‍ഷിക സംസ്‌കൃതിയെ അനുഭവിച്ചറിയാന്‍ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുന്ന അഗ്രിടൂറിസം ശൃംഖലയും അത്തരമൊരു ഇടപെടലാണ്. സഞ്ചാരികളുടെ അഭിരുചിക്കനുസരിച്ച് നീങ്ങുക മാത്രമല്ല ടൂറിസം. നമ്മുടെ സവിശേഷതകളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുക കൂടി ടൂറിസത്തിന്റെ ലക്ഷ്യമാണ്. നമ്മുടെ പ്രത്യേകതകള്‍ സഞ്ചാരികള്‍ക്കു കൂടി അനുഭവവേദ്യമാക്കണം. അതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. നമുക്കൊരുമിച്ചു നമ്മുടെ നാടിനെക്കുറിച്ച് ലോകത്തോട് അഭിമാനത്തോടെ പറയാന്‍ കഴിയണം.

കേരള പൊതുമരാമത്ത് മന്ത്രി