Eduline
കരകൗശലം പഠിക്കാം
ക്രാഫ്റ്റ് ഡിസൈൻ രംഗത്ത് വിവിധ ബാച്ചിലർ, മാസ്റ്റേഴ്സ്, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കരകൗശല രംഗത്ത് താത്പര്യമുള്ളവരാണോ നിങ്ങൾ? എങ്കിൽ ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈനിൽ (ഐ ഐ സി ഡി) ഇപ്പോൾ തന്നെ അപേക്ഷിക്കൂ. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് വിശ്വകർമ സ്‌കിൽ യൂനിവേഴ്സിറ്റിയുടെ (വി എസ് യു) അംഗീകാരമുണ്ട്. ക്രാഫ്റ്റ് ഡിസൈൻ രംഗത്ത് വിവിധ ബാച്ചിലർ, മാസ്റ്റേഴ്സ്, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്‌പെഷ്യലൈസേഷൻ
ഹാർഡ് മെറ്റീരിയൽ ഡിസൈൻ, സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ക്ലോത്തിംഗ് ഡിസൈൻ, ജ്വല്ലറി ഡിസൈൻ, ക്രാഫ്റ്റ്‌സ് കമ്മ്യൂണിക്കേഷൻ, ഇന്റീരിയർ ഡിസൈൻ എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനോടെയാണ് ബിരുദ, ബിരുദാനന്തര പഠനം. ബി ഡെസ് എട്ട് സെമസ്റ്ററുകളിലായി നാല് വർഷത്തെ കോഴ്സാണ്. ഒരുവർഷത്തെ ഫൗണ്ടേഷനും ഉൾപ്പെടും. 180 സീറ്റുകളുണ്ടാകും. അംഗീകൃത ബോർഡിൽ നിന്ന് പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. നാല് സെമസ്റ്ററിലായി എം ഡെസിന് രണ്ട് വർഷമാണ് കാലാവധി. 60 സീറ്റുകളുണ്ട്. ഡിസൈൻ, ആർക്കിടെക്ച്ചർ ബിരുദമാണ് യോഗ്യത. ഡിസൈൻ, ആർക്കിടെക്ച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും ബിരുദമുള്ളവർക്കും അപേക്ഷിക്കാം. അല്ലെങ്കിൽ ഡിസൈൻ ഫൗണ്ടേഷനിൽ ഒരു വർഷത്തെ പി ജി ഡിപ്ലോമ വേണം. പി ജി ഡിപ്ലോമയുടെ കാലാവധി ഒരുവർഷമാണ്. 20 സീറ്റകളുണ്ടാകും. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.
തിരഞ്ഞെടുപ്പ്, അപേക്ഷ
ഓൺലൈനായി നടത്തുന്ന പ്രവേശനപ്പരീ ക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മേയ് ഒന്നിന് വാട്സാപ്പ് വഴി അഭിമുഖം നടത്തും. എഴുത്തുപരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ അഡ്മിറ്റ് കാർഡ് കം ക്വസ്റ്റ്യൻ പേപ്പർ വഴി ലഭിക്കും. രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ അഞ്ച് മുതൽ വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 1,750 രൂപയാണ്. അപേക്ഷ ഐ ഐ സി ഡി വെബ്‌സൈറ്റ് വഴി സമർപ്പിക്കണം. അവസാന തീയതി മാർച്ച് 31. ജൂലൈയിൽ ക്ലാസ്സുകൾ തുടങ്ങും. വിവരങ്ങൾക്ക് www.iicd. ac.in.




