Connect with us

Career Education

പറക്കാം ആകാശത്തേക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് www.rgnau.ac.in സന്ദര്‍ശിക്കുക.

Published

|

Last Updated

+2 വിന് ശേഷം ഏവിയേഷൻ, ടൂറിസം കോഴ്‌സ് പഠിച്ച് അനുബന്ധ മേഖലകളിൽ ജോലി ചെയ്യണമെന്നാണ് ആഗ്രഹം; വഴികൾ വിശദീകരിക്കുമോ?
ശമീം അലി, കരുവാരക്കുണ്ട്

വ്യോമയാന വ്യവസായം, ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നിവ പരസ്പരം സംയോജിച്ച കിടക്കുന്ന മേഖലയാണ്. കൊവിഡ് മഹാമാരിയെ അതിജീവിച്ച ജനത വിനോദത്തിനും ഉല്ലാസത്തിനും വിദ്യാഭ്യാസത്തിനും ബിസ്സിനസിനും വേണ്ടി മുമ്പത്തേക്കാള്‍ കൂടുതല്‍ യാത്ര ചെയ്യുന്നതിനാല്‍ വ്യോമയാന ടൂറിസം വ്യവസായം വളര്‍ച്ചയുടെ കുതിപ്പിലാണ്. പുതിയ എയര്‍ ലൈനുകള്‍, വിമാനത്താവളങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ബിസ്സിനസ് കോണ്‍ഫറന്‍സുകള്‍, എജ്യൂക്കേഷനല്‍ ഇവന്റുകള്‍ കണ്‍വെന്‍ഷനുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിവയുടെയൊക്കെ നടത്തിപ്പുകളും മാനേജ്മെന്റും ഈ മേഖലയിലെ സാധ്യതകളെയാണ് തുറന്നുകാട്ടുന്നത്.

സുസ്ഥിര പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര രീതികളും മാനേജ്മെന്റും പുതിയ തൊഴില്‍ പാതകളിലേക്ക് വാതില്‍ തുറക്കും. സേവന മനോഭാവം, പരസ്പര ബഹുമാനം, ആശയ വിനിമയ ശേഷി, ആകര്‍ഷകമായ വ്യക്തിത്വം, ഭാഷാ വൈദഗ്ധ്യം എന്നിവ കൈമുതലായുള്ളവര്‍ക്ക് ലോകത്തിന്റെ ഏത് കോണിലും മികച്ച സാധ്യതകള്‍ ഉണ്ട്.

ഈ മേഖലകളില്‍ തൊഴില്‍ നേടുന്നതിനായി ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളില്‍ സ്പെഷ്യലൈസേഷന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷന്‍, ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ട്രാവല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്, ഇവന്റ് മാനേജ്മെന്റ് ആന്‍ഡ് പ്ലാനിംഗ്, എയര്‍ലൈന്‍ മാനേജ്മെന്റ്, എയര്‍പോര്‍ട്ട് ഓപറേഷന്‍ എന്നീ വിഷയങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഈ മേഖലയിലെ പ്രധാന സ്ഥാപനങ്ങളും കോഴ്സുകളും നോക്കാം.
ഡല്‍ഹി യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റി, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, അലിഗഢ് യൂനിവേഴ്സിറ്റി എന്നിവിടങ്ങള്‍ കോഴ്സുകള്‍ ലഭ്യമായ ഉന്നത കലാലയങ്ങളാണ്.

കൂടാതെ രാജീവ് ഗാന്ധി നാഷനല്‍ ഏവിയേഷന്‍ യൂനിവേഴ്സിറ്റി നല്‍കി വരുന്ന ബാച്ചിലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഏവിയേഷന്‍ സര്‍വീസസ് ആന്‍ഡ് എയര്‍ കാര്‍ഗോ തുടങ്ങിയ ഇടങ്ങളില്‍ ഹയര്‍സെക്കന്‍ഡറി 50 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍സ് 50 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rgnau.ac.in സന്ദര്‍ശിക്കുക.

ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി നല്‍കിവരുന്ന ബി വോക്ക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഡോ.ബി ആര്‍ അംബേദ്കര്‍ യൂനിവേഴ്സിറ്റി ഡല്‍ഹിയുടെ ബി വോക്ക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് ഗ്വാളിയോര്‍, ഭുവനേശ്വര്‍, നോയിഡ, നെല്ലൂര്‍, ഗോവ കേന്ദ്രങ്ങളില്‍ ബി ബി എ / എം ബി എ ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി ഡെറാഡൂണി ലെ സ്‌കൂള്‍ ഓഫ് ബിസിനസ്സ് നല്‍കിവരുന്ന ബി ബി എ ഏവിയേഷന്‍ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, എം ബി എ ഏവിയേഷന്‍ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ലൗലി പ്രൊഫഷനല്‍ യൂനിവേഴ്സിറ്റി പഞ്ചാബ്, അമിറ്റി യൂനിവേഴ്സിറ്റി നോയിഡ, കേരളത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ് എന്നിവിടങ്ങളിലും കോഴ്സുകള്‍ ലഭ്യമാണ്.

കേരളത്തില്‍ കാലിക്കറ്റ്, മഹാത്മാഗാന്ധി, കേരള, കണ്ണൂര്‍ യൂനിവേഴ്സിറ്റികള്‍ക്ക് കീഴില്‍ ഉള്ള അഫിലിയേറ്റഡ് കോളജുകളിലും ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ ലഭ്യമാണ്.
മേല്‍പ്പറഞ്ഞ യൂനിവേഴ്സിറ്റികളുടെ പ്രവേശനത്തിനായി ബിരുദ പ്രോഗ്രാമുകള്‍ക്ക് കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് പരീക്ഷയും ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷയും അഭിമുഖീകരിക്കേണ്ടതാണ്.
ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്കു ശേഷം ഏവിയേഷന്‍ ടൂറിസം മേഖലകളിലെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ചെയ്തു ജോലി നോക്കാം.

ഡിപ്ലോമ ഇന്‍ എയര്‍ ഫെയര്‍ ആന്‍ഡ് ടിക്കറ്റിംഗ് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ അയാട്ട, ഡിപ്ലോമ ഇന്‍ ഗ്രൗണ്ട് സ്റ്റാഫ് ആന്‍ഡ് ക്യാബിന്‍ ക്രു ട്രെയിനിംഗ്, എയര്‍ കാര്‍ഗോ മാനേജ്മെന്റ്, സ്പെഷ്യല്‍ കാര്‍ഗോ ഹാന്‍ഡ്ലിംഗ്, ഡേഞ്ചറസ് ഗുഡ്സ് ഓപറേഷന്‍സ് എന്നീ മേഖലകളില്‍ ഡിപ്ലോമ കോഴ്സുകള്‍ ലഭ്യമാണ്.

ഉന്നത പഠനം, പരീക്ഷകള്‍, പ്രവേശനം, തൊഴില്‍ സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യങ്ങള്‍ ഇമെയില്‍, വാട്‌സ്ആപ്പ് വഴി അയക്കാം.
9349918816

റംല ബീവി സി കെ
(ചീഫ് കരിയര്‍ കൗണ്‍സിലര്‍,
സിജി ചേവായൂര്‍)

 

ചീഫ് കരിയർ കൗൺസിലർ, സിജി ചേവായൂർ

Latest