Connect with us

From the print

നന്മകൾ വിരിയുന്ന നോമ്പുകാലം

നോമ്പുകാലത്തെ വാക്കുകളും പ്രവൃത്തികളും അനക്കങ്ങളും നീക്കങ്ങളുമെല്ലാം സദുദ്ദേശ്യത്തോടെയാക്കുക. കളവുകളും പരദൂഷണങ്ങളും മാത്രമല്ല, അനാവശ്യ സംസാരങ്ങളില്‍ നിന്ന് പോലും മാറിനില്‍ക്കണം.

Published

|

Last Updated

ഒരു റമസാന്‍ കൂടി നമ്മിലേക്ക് സമാഗതമായിരിക്കുന്നു. നിറഞ്ഞ മനസ്സോടെ അതിനെ നമുക്ക് സ്വീകരിക്കാം. റജബിന്റെ പൊന്നമ്പിളി കണ്ടത് മുതല്‍ നമ്മള്‍ റമസാനിനെ പ്രതീക്ഷിച്ച് കഴിയുകയായിരുന്നു. റജബിലും ശഅബാനിലും സമൃദ്ധി നല്‍കുകയും റമസാനിനെ ഞങ്ങളിലേക്കടുപ്പിക്കുകയും ചെയ്യേണമേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു നാം.

വിശ്രുത മാസത്തെ സ്വീകരിക്കാനായി വീടും പരിസരവും വെടിപ്പാക്കിയും ക്ലാവും കറുപ്പും തേച്ചു മിനുക്കിയും സ്ഫുടം ചെയ്ത മനസ്സുമായി കാത്തിരുന്ന നമ്മളിനി റമസാനിനെ കാര്യമായി പരിഗണിക്കുകയാണ് വേണ്ടത്.

വ്രതാനുഷ്ഠാനത്തിന്റെ നാളുകളാണിനി. കടുത്തു കൊണ്ടിരിക്കുന്ന വേനലിലും കൊടും ചൂടിലും അന്നവും വെള്ളവും വര്‍ജിച്ചുകൊണ്ടാണ് നോമ്പെടുക്കേണ്ടത്.

‘സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍കാലക്കാര്‍ക്ക് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച് കഴിയാന്‍ വേണ്ടിയാണത്’ എന്ന വിശുദ്ധ ഖുര്‍ആനിന്റെ ആജ്ഞ ശിരസാവഹിക്കുന്ന വിശ്വാസികള്‍ക്ക് ദാഹവും വിശപ്പും ക്ഷീണവും തളര്‍ച്ചയും പ്രശ്‌നമായി തോന്നുകയില്ല.

‘നോമ്പ് എനിക്കുള്ളതു തന്നെയാണ്. ഞാന്‍ തന്നെയാണതിന് പ്രതിഫലം നല്‍കുന്നതും.’ എന്ന താത്പര്യപൂര്‍വമുള്ള അല്ലാഹുവിന്റെ പ്രഖ്യാപനത്തില്‍ ആവേശഭരിതരായ വിശ്വാസികള്‍ക്ക് നോമ്പെടുക്കാന്‍ മറ്റെന്തിനെക്കാളും ഉത്സാഹവുമാണ്.

എന്നാല്‍, നമ്മളനുഷ്ഠിക്കുന്ന നോമ്പിന്റെ മാറ്റുകൂട്ടാനുള്ള നല്ല ശ്രമങ്ങള്‍കൂടി ഇതോടൊപ്പം നടത്തേണ്ടതുണ്ട്. നാക്കും കണ്ണും കാതുമുള്‍പ്പെടെ നോമ്പുകാരന്റെ എല്ലാ അവയവങ്ങളും നല്ല വഴിക്ക് തിരിക്കുകയും അകവും പുറവും ഒരുപോലെ പരിശുദ്ധി കൈവരിക്കുകയും ചെയ്യുമ്പോഴാണത് സാധ്യമാകുന്നത്.

ഹദീസുകളില്‍ പരാമര്‍ശിച്ച റയ്യാനിനെ കുറിച്ച് കേട്ടിട്ടില്ലേ. നോമ്പുകാര്‍ക്കായുള്ള സ്വര്‍ഗീയ കവാടമാണത്. നോമ്പുകാര്‍ക്ക് മാത്രം പ്രവേശനാനുമതിയുള്ള, നോന്പുകാരെവിടെ എന്ന് വിളിച്ചന്വേഷിച്ച് കടത്തുന്ന, അവര്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അടച്ചിടുന്ന വാതില്‍. മര്‍മം ചോരാതെ നോമ്പെടുക്കുന്നവര്‍ക്ക് മാത്രമേ അതിലൂടെ സ്വര്‍ഗീയ പ്രവേശം സാധ്യമാവുകയുള്ളൂ.

പരിശുദ്ധ റമസാനിന്റെ ഓരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണ്. ഈ മാസത്തിനിടക്ക് ചെയ്യുന്ന സത്കര്‍മങ്ങള്‍ക്ക് എത്രയോ ഇരട്ടിയാണ് പ്രതിഫലം നല്‍കപ്പെടുന്നത്. ഇതിന് രാത്രിയെന്നും പകലെന്നും വ്യത്യാസമില്ല. ആയതിനാല്‍ നോന്പുകാലത്തെ വാക്കുകളും പ്രവൃത്തികളും അനക്കങ്ങളും നീക്കങ്ങളുമെല്ലാം സദുദ്ദേശ്യത്തോടെയാക്കുക. കളവുകളും പരദൂഷണങ്ങളും മാത്രമല്ല, അനാവശ്യ സംസാരങ്ങളില്‍ നിന്ന് പോലും മാറിനില്‍ക്കണം.

30 ദിനനരാത്രങ്ങള്‍ മിന്നിമറിഞ്ഞാല്‍ ഈ വര്‍ഷത്തെ റമസാന്‍ നമ്മോട് വിടപറഞ്ഞകലും. അതിനിടക്ക് കഴിവിന്റെ പരമാവധി സുകൃതങ്ങള്‍ ചെയ്യാന്‍ നമുക്ക് ശ്രമിക്കാം. പാപക്കറ കഴുകിക്കളയാതെ റമസാനിനെ യാത്രയാക്കുന്നത് വലിയ നഷ്ടമായിരിക്കും.

 

 

---- facebook comment plugin here -----

Latest