Kerala
ലീഗിന് നാലു മന്ത്രിമാര്‍ മാത്രം; എം കെ മുനീറിന് കാബിനറ്റ് പദവി
അഞ്ചാം മന്ത്രി ആവശ്യം പിന്നീട് പരിഗണിക്കാമെന്നു കോണ്‍ഗ്രസ് നിര്‍ദ്ദേശം
തിരുവനന്തപുരം | മുസ്്‌ലിം ലീഗിന് നാലു മന്ത്രി സ്ഥാനം മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസ് ലീഗ് നേതൃത്വത്തെ അറിയിക്കും. അഞ്ചാം മന്ത്രിസ്ഥാനത്തിനായി ഇപ്പോള്‍ ശബ്ദമുയര്‍ത്തി വിവാദമുണ്ടാക്കരുതെന്നും പിന്നീട് അലോചിക്കാമെന്നുമാണ് കോണ്‍ഗ്രസ് നിലപാടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യങ്ങള്‍ ലീഗ് നേതൃത്വത്തെ മുഖ്യമന്ത്രി അറിയിക്കും.
എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹമാണെന്നും നാളെ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നുമാണ് സാദിഖലി തങ്ങള്‍ പറഞ്ഞത്. ലീഗിന്റെ എല്ലാ എം എല്‍ എ മാരും മന്ത്രിസ്ഥാനത്തിന് അഹരാണെന്നും അതില്‍ നിന്നു പാര്‍ട്ടി അഞ്ചാളെ തിരഞ്ഞെടുക്കുമെന്നും സാദഖലി തങ്ങള്‍ പറഞ്ഞു.
ലീഗിന് നാല് മന്ത്രിമാര്‍ക്കുപുറമെ ഇപ്പോള്‍ ഒരു കാബിനറ്റ് പദവി കൂടി നല്‍കും. രോഗാവസ്ഥയെ തുടര്‍ന്ന് ഇത്തവണ നിയമസഭയിലേക്കു മത്സരിക്കാതെ മാറിനിന്ന എം കെ മുനീറിനായിരിക്കും ഈ പദവി നല്‍കുക. ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ പദവിയാണ് ഇതിനായി കാണുന്നത്. നേരത്തെ വി എസ് അച്യുതാനന്ദന്‍ വഹിച്ച പദവിയാണിത്. ഇങ്ങനെ ഒരു കാബിനറ്റ് പദവി നല്‍കിയതിനെ അന്ന് യു ഡി എഫ് എതിര്‍ത്തതാണെങ്കിലും മുനീറിന് അക്കൊമഡേഷന്‍ നല്‍കണമെന്ന ലീഗ് ആവശ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു. ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്, ഭാരിച്ച ചെലവു വരുന്ന ഇത്തരമൊരു കാബിനറ്റ് പദവി അനുവദിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്.
ഇടതു സര്‍ക്കാര്‍ രണ്ടാക്കിമാറ്റിയ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ ഒരുമിച്ചാക്കി ലീഗിനു നല്‍കണമെന്ന നിര്‍ദ്ദേശം ലീഗ് മുന്നോട്ടു വച്ചിട്ടുണ്ട്. കന്റോണ്‍മെന്റ് ഹൗസില്‍ നടക്കുന്ന ഉഭയ കക്ഷി ചര്‍ച്ചയിലാണ് വിവിധ ഘടക കക്ഷികളുമായി കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വൈകിയതു മൂലം സമൂഹത്തില്‍ ഉണ്ടായ കടുത്ത നിരാശക്കുമേല്‍ വകുപ്പു വിഭജനത്തിന്റെയും മന്ത്രി പദവിയുടേയും പേരില്‍ തര്‍ക്കമുണ്ടാക്കരുതെന്ന പൊതു വികാരത്തിലാണ് മുന്നണി ഘടക കക്ഷികള്‍. അതിനാല്‍ ഏതു വകുപ്പായാലും പ്രശ്‌നമില്ല കാര്യങ്ങള്‍ എളുപ്പം മുന്നോട്ടും പോകണമെന്നാണ് എല്ലാവരും ചിന്തിക്കുന്നത് എന്നതിനാല്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ വേഗം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുണ്ട്.







