National
മണ്ണിടിച്ചില്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു; ഒറ്റപ്പെട്ടത് നിരവധി പേര്‍
കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നൂറുകണക്കിന് ആളുകളാണ് കുടുങ്ങിയത്.

ശ്രീനഗര്‍ | മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഗതാഗതം തടസ്സപ്പെടുകയും നിരവധി പേര്‍ ഒറ്റപ്പെടുകയും ചെയ്തു. കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നൂറുകണക്കിന് ആളുകളാണ് കുടുങ്ങിയത്. ഹൈവേയില്‍ കുടുങ്ങിയ വാഹനങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന രണ്ട് ആംബുലന്‍സുകളും അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന നിരവധി ട്രക്കുകളും ഉള്‍പ്പെടുന്നു.
30 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചില സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് രണ്ട് മൃതദേഹങ്ങളും ശ്രീനഗറിലേക്ക് കൊണ്ടുപോകുന്നതിനായി ബനിഹാല്‍ ഭാഗത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകരുടെ ധീരതയെ റമ്പാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുസ്സറത്ത് സിയ അഭിനന്ദിച്ചു. ഹൈവേയിലൂടെ യാത്ര ചെയ്യരുതെന്നും സ്ഥിതിഗതികളെക്കുറിച്ച് പരിശോധിക്കുന്നത് തുടരാനും ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശ്രീനഗര്‍-ജമ്മു ദേശീയ പാത താഴ്‌വരയെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ണായക കണ്ണിയാണ്. ഇവിടെ അടിക്കടിയുണ്ടാകുന്ന അടച്ചുപൂട്ടലുകള്‍ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, കശ്മീരിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നല്‍കുന്നതിനായി നാലുവരി പാതയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. പലയിടത്തും ബുള്‍ഡോസര്‍ ഉപയോഗിച്ച് മല റോഡ് വെട്ടിയത് മണ്ണ് ഇളകി മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ട്.