wayand landslide
ഉരുൾപൊട്ടൽ ദുരന്തം: ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തി; കാണാതായത് 29 കുട്ടികളെ
ഉരുള്‍പൊട്ടല്‍ ബാധിച്ചത് വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ
കൽപ്പറ്റ | ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ ശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വയനാട്ടില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യു യോഗത്തെ അറിയിച്ചു.
ആര്‍മിയുടെ 500 പേര്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തെരച്ചിലിനായി ഉണ്ട്. ഇനി ആരെയും രക്ഷപ്പെടുത്താന്‍ ഇല്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൂന്നു സ്‌നിഫര്‍ നായകളും തെരച്ചിലിനായി ഉണ്ട്.
മുണ്ടക്കൈയിലേക്ക് യന്ത്രോപകരണങ്ങള്‍ എത്തിക്കാന്‍ പാലം പണിയല്‍ ആയിരുന്നു പ്രധാനദൗത്യം. ബുധനാഴ്ച രാത്രിയും ഇടതടവില്ലാതെ പ്രവൃത്തി ചെയ്തതിനാല്‍ ബെയ്ലി പാലം പൂർത്തിയായി. കേരള പോലീസിന്റെ 1000 പേര്‍ തെരച്ചില്‍ സ്ഥലത്തും 1000 പൊലീസുകാര്‍ മലപ്പുറത്തും പ്രവര്‍ത്തന രംഗത്ത് ഉണ്ടെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ അറിയിച്ചു.
മൃതദേഹ അവശിഷ്ടങ്ങളുടെ തിരിച്ചറിയലും സംസ്‌കാരവുമാണ് പ്രശ്‌നമായി അവശേഷിക്കുന്നത്.


