Editors Pick
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങി; വില 99 ലക്ഷം രൂപ മുതല്‍
രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, മൂന്ന് ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും ലഭ്യമാണ്
ന്യൂഡല്‍ഹി | ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ തങ്ങളുടെ ആഡംബര എസ്യുവിയായ ഡിഫൻഡറിന്റെ പ്രാദേശിക ഉൽപാദനം പൂനെയിൽ ആരംഭിച്ചു. പ്രാദേശിക ഉൽപാദനത്തിലേക്ക് മാറിയതോടെ ഇന്ത്യയിൽ ഈ വാഹനത്തിന്റെ വിലയിൽ മുപ്പത്തിനാല് ലക്ഷം രൂപ വരെ കുറവ് വരും. 99 ലക്ഷം രൂപ മുതലാകും ഡിഫൻഡറിന്റെ പ്രാരംഭ വില ആരംഭിക്കുന്നത്. 110 മോഡലിൽ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ഡിഫെൻഡർ ലഭ്യമാകും
രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, മൂന്ന് ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും ലഭ്യമാണ്. ഇതിലെ ചെറിയ പെട്രോള്‍ എന്ജിന് 296 ബ്രൈക്ക് ഹോസ് പവറും 400 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍, വലിയ പെട്രോള്‍ എന്ജിന് 394 ബ്രൈക്ക് ഹോസ് പവറും 550 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഡീസല്‍ എന്ജിന് 346 ബ്രൈക്ക് ഹോസ് പവറും 700 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
മുമ്പ് വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്തിരുന്ന ഡിഫന്‍ഡര്‍ 110ന് 1.35 കോടി രൂപയായിരുന്നു വില. ഇതിനു പുറമെ ഓപ്ഷണല്‍ ഫീച്ചറുകള്‍ക്കായി 17 ലക്ഷം രൂപ വരെ അധികം ചെലവാക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ മോഡലുകളില്‍ 29ഓളം ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തുകയും വാഹനത്തിന്റെ വിലയില്‍ കുറവും വരുത്തിയിരിക്കുന്നു.







