Connect with us

Editorial

മഴക്കുറവ് ആശങ്കാജനകം

ലഭ്യതയിലെ കുറവിനപ്പുറം മഴയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നതു കൂടിയാണ് കേരളത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നത്

Published

|

Last Updated

കേരളത്തില്‍ ഇത്തവണ മഴയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ് ആശങ്കാജനകമാണ്. കാലവര്‍ഷത്തില്‍ ഏകദേശം 28 ശതമാനം കുറവ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് തുലാവര്‍ഷത്തിലും മഴയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെയും കര്‍ഷകന്റെ ഉപജീവനത്തെയും സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷയെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണിത്. കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും കൃത്യമായ ലഭ്യതയെ ആശ്രയിച്ചാണ് സംസ്ഥാനത്തിന്റെ കുടിവെള്ള ലഭ്യതയും കാര്‍ഷിക ഉത്പാദനവും ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയും നിലനില്‍ക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2026 ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള തെക്കുവടക്കന്‍ കാലവര്‍ഷത്തില്‍ 1,446.5 മില്ലീമീറ്റര്‍ മഴയാണ് കേരളത്തിനു ലഭിച്ചത്. സാധാരണഗതിയില്‍ ലഭിക്കേണ്ടിയിരുന്നത് 2,018.5 മില്ലീമീറ്ററാണ്. 572 മില്ലീമീറ്ററിന്റെ കുറവ്. വയനാട്ടില്‍ സാധാരണ ലഭിക്കേണ്ട മഴയില്‍ 53 ശതമാനവും ഇടുക്കിയില്‍ 47 ശതമാനവും കുറഞ്ഞു. 1901 മുതലുള്ള 125 വര്‍ഷത്തെ കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കുറഞ്ഞ കാലവര്‍ഷം ലഭിച്ച ഏഴാമത്തെ വര്‍ഷമാണിത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ 31 വരെയുള്ള കണക്ക് പ്രകാരം ഏഴ് ജില്ലകളില്‍ തുലാവര്‍ഷത്തിലും ഗണ്യമായ കുറവുണ്ടായി. 31 ശതമാനം കുറവ് വന്ന കാസര്‍കോട് ജില്ലയാണ് ഏറ്റവും പിന്നില്‍. ഇടുക്കി 26, മലപ്പുറം 24, തൃശൂര്‍ 23, എറണാകുളം 21, കണ്ണൂര്‍ 20 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ശതമാനക്കുറവ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡ പ്രകാരം ലഭിക്കേണ്ട മഴയില്‍ 19 ശതമാനത്തിനു മുകളില്‍ കുറവുണ്ടായാലാണ് “മഴക്കുറവാ’യി കണക്കാക്കുന്നത്.

സംസ്ഥാനത്ത് ഒരു വര്‍ഷത്തെ മഴയുടെ ഏകദേശം 65 മുതല്‍ 70 ശതമാനം വരെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്നാണ് ലഭിക്കുന്നത്. തുലാവര്‍ഷം 16 ശതമാനം സംഭാവന ചെയ്യുന്നു. ശേഷിക്കുന്നത് വേനല്‍ മഴയിലൂടെയാണ് ലഭിക്കുന്നത്. തുലാവര്‍ഷത്തില്‍ പതിവുപോലെയുള്ള മഴ ലഭിച്ചാല്‍ തന്നെ കാലവര്‍ഷത്തിലുണ്ടായ വലിയ കുറവ് പരിഹരിക്കപ്പെടുകയില്ല. പ്രത്യേകിച്ചും വയനാട്, ഇടുക്കി തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴയുടെ കുറവ് ജലസ്രോതസ്സുകളെയും നീരൊഴുക്കുകളെയും ജലസംഭരണികളെയും ബാധിക്കും.
കാലാവസ്ഥാ പ്രതിഭാസങ്ങളുടെ വ്യതിയാനം, ആഗോളതാപനം, സമുദ്രോപരിതലത്തിലെ താപനിലയിലെ മാറ്റങ്ങള്‍, കാറ്റിന്റെ ഗതിമാറ്റം, വനനശീകരണം തുടങ്ങി മഴക്കുറവിനു പിന്നില്‍ നിരവധി ആഗോള- പ്രാദേശിക കാലാവസ്ഥാ ഘടകങ്ങളുണ്ട്. ഈ വര്‍ഷത്തെ മഴക്കുറവില്‍ എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനവും ചൂണ്ടിക്കാട്ടുന്നു കാലാവസ്ഥാ നിരീക്ഷകര്‍. പസഫിക് സമുദ്രത്തിലെ ഉപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന എല്‍നിനോ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്‍സൂണ്‍ കാറ്റുകളുടെ ഗതിയെയും ശക്തിയെയും പ്രതികൂലമായി ബാധിക്കുകയും അത് മഴയെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുകയും ചെയ്യുന്നു. മഴക്കുറവിന്റെ ഏറ്റവും വലിയ പ്രത്യാഘാതം കുടിവെള്ള ലഭ്യതയിലാണ് അനുഭവപ്പെടുന്നത്. നദികളിലെയും അണക്കെട്ടിലെയും ജലനിരപ്പ് താഴുമ്പോള്‍ സ്വാഭാവികമായും കിണറുകളിലെ ജലനിരപ്പ് താഴുകയും വറ്റിപ്പോകുകയും ചെയ്യുന്നു. 44 നദികളും നിരവധി കായലുകളും തോടുകളുമുണ്ടായിട്ടും വേനൽക്കാലമാകുമ്പോള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ടി വരുന്നത് നമ്മുടെ ജലപരിപാലനത്തിലെ അടിസ്ഥാനപരമായ പാളിച്ചകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മഴവെള്ളം സംഭരിച്ചു വെക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും തണ്ണീർത്തടങ്ങളും വയലുകളും കുളങ്ങളും നീര്‍ച്ചാലുകളും നശിപ്പിച്ചു കൊണ്ടിരിക്കുന്നതും ജലപ്രതിസന്ധിയെ രൂക്ഷമാക്കുകയും ചെയ്യുന്നു.

കൃഷിയാണ് മഴക്കുറവ് പ്രതിസന്ധിയിലാക്കുന്ന മറ്റൊരു മേഖല. നെല്‍കൃഷി, തെങ്ങ്, കുരുമുളക്, റബ്ബര്‍, വാഴ, ഏലം, കാപ്പി തുടങ്ങിയ വിളകളുടെ ഉത്പാദനത്തെ മഴയുടെ ലഭ്യതയും കാലാവസ്ഥയും ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. വൈദ്യുതി മേഖലയെയും ഇത് സാരമായി ബാധിക്കും. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ പ്രധാനമായും ഇടുക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളിലെ ജലലഭ്യതയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും ആവശ്യത്തിനു മഴ ലഭിക്കാത്തത് അണക്കെട്ടുകളിലെ വൈദ്യുതി ഉത്പാദനത്തിനുള്ള ജലത്തിന്റെ ലഭ്യതയെ സാരമായി ബാധിക്കും. പുറത്തു നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരികയും ചെയ്യും. ഇത് കെ എസ് ഇ ബിയുടെ സാമ്പത്തിക ബാധ്യതയും ഉപഭോക്താക്കളുടെ ഭാരവും വര്‍ധിപ്പിക്കും.

ലഭ്യതയിലെ കുറവിനപ്പുറം മഴയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നതു കൂടിയാണ് കേരളത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നത്. മഴക്കുറവ് പ്രകൃതിദത്തമാണ്. അത് വര്‍ധിപ്പിക്കാന്‍ മനുഷ്യനോ ആധുനിക സാങ്കേതിക വിദ്യകള്‍ക്കോ ആകില്ല. എന്നാല്‍ മഴക്കുറവ് സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഒരളവോളം മനുഷ്യനു സാധിക്കും. കാലവര്‍ഷം കുറയുമ്പോള്‍ തുലാവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു ആശ്വാസം കണ്ടെത്തുന്നതിനു പകരം ലഭിക്കുന്ന ഓരോ തുള്ളി വെള്ളവും സംരക്ഷിക്കാനുള്ള ജാഗ്രത വേണം. മഴ പെയ്യുമ്പോള്‍ വെള്ളപ്പൊക്കത്തെക്കുറിച്ചും മഴ മാറുമ്പോള്‍ വരള്‍ച്ചയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന പതിവുശൈലി അവസാനിപ്പിച്ച് ജലസംരക്ഷണത്തെ ഒരു ജനകീയ വികസന അജന്‍ഡയാക്കി മാറ്റിയാല്‍ മാത്രമേ മഴയെ ആശ്രയിച്ചുള്ള കേരളത്തിന്റെ ജീവിതവും സമ്പദ്‌വ്യവസ്ഥയും സുരക്ഷിതമാകുകയുള്ളൂ. കാലാവസ്ഥാ പ്രവചനങ്ങള്‍ക്കപ്പുറം കാലാവസ്ഥാ പ്രതിസന്ധികളെ നേരിടാനുള്ള ഭരണശേഷിയാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടത്.

Latest