International
ഫ്രാന്‍സില്‍ രാജ്യവ്യാപക പണിമുടക്ക്: ഈഫല്‍ ടവര്‍ അടച്ചു
വിലക്കയറ്റത്തിനും അപര്യാപ്തമായ പൊതുസേവനങ്ങള്ക്കുമെതിരെ വിവിധ തൊഴിലാളി യൂണിയനുകളും വിദ്യാര്‍ത്ഥി സംഘടനകളും രാജ്യവ്യാപകമായി പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്ന സാഹചര്യത്തിലാണ് അടച്ചിടല്‍
പാരീസ് | ഫ്രാന്‍സില്‍ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിനെത്തുടര്‍ന്ന് സ്കൂളുകളും ട്രെയിന്‍ സര്‍വീസുകളും ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനാല്‍ ഈഫല്‍ ടവര്‍ വ്യാഴാഴ്ച അടച്ചിട്ടതായി ഔദ്യോഗിക വെബ്സൈറ്റ് അറിയിച്ചു. ദേശീയ പണിമുടക്ക് കാരണം ഈഫല്‍ ടവര്് അടച്ചിട്ടിരിക്കുന്നെന്നും ഇലക്ട്രോണിക് ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ തങ്ങളുടെ ഇമെയില്‍ പരിശോധിക്കണമെന്നും സന്ദര്‍ശകര്‍ക്കുള്ള അറിയിപ്പില്‍ പറയുന്നു.
വിലക്കയറ്റത്തിനും അപര്യാപ്തമായ പൊതുസേവനങ്ങള്ക്കുമെതിരെ വിവിധ തൊഴിലാളി യൂണിയനുകളും വിദ്യാര്‍ത്ഥി സംഘടനകളും രാജ്യവ്യാപകമായി പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്ന സാഹചര്യത്തിലാണ് ഈ അടച്ചിടല്‍. സെപ്റ്റംബര്‍ പകുതിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധമായി ആരംഭിച്ച് തൊഴിലാളി യൂണിയനുകളിലേക്കും മറ്റ് വിഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയുമായിരുന്നു. ഇതിനിടെയാണ് പാരീസിന് പുറത്ത് അഞ്ച് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ ആളുകളും തലസ്ഥാന നഗരമായ പാരീസില്‍ 40,000 മുതല്‍ 80,000 വരെ ആളുകളും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കിടയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി 70,000 പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.





