From the print
കെ എസ് ആർ ടി സി ലക്ഷദ്വീപ് ടൂർ പാക്കേജ്: "കാഴ്ചകളുടെ കടൽ' കാണാൻ തിക്കും തിരക്കും
കാത്തിരിപ്പ് പട്ടികയില് 500 ലേറെ പേർ, മാർച്ച് വരെ ഫുൾ ബുക്കിംഗ് • ഓണ്ലൈന് ബുക്കിംഗ് ആരംഭിക്കും
കണ്ണൂർ | പഞ്ചാരമണലും നീലക്കടലിന്റെ ശാന്തതയും ഇരുട്ടിൽ കുഞ്ഞുതാരകക്കൂട്ടം പോലെ തെളിഞ്ഞുകാണുന്ന കടല് കവരുകളും കൺനിറയെ കണ്ട്, തീരത്തെ മനുഷ്യരുടെ നിഷ്കളങ്കമായ സ്നേഹം പങ്കിട്ട് നാല് പകലും മൂന്ന് രാത്രിയും ചെലവിടാൻ കെ എസ് ആർ ടി സി ഒരുക്കിയ ടൂർ പാക്കേജ് സൂപ്പർഹിറ്റിലേക്ക്. കഴിഞ്ഞ സെപ്തംബറിൽ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ തുടങ്ങിയ ലക്ഷദ്വീപ് യാത്രയാണ് പ്രതീക്ഷക്കപ്പുറം മികച്ച നേട്ടം കൈവരിച്ചത്.
സാധാരണക്കാരുടെ സാമ്പത്തികശേഷിയിൽ ഒതുങ്ങുന്ന രീതിയിലാണ് കെ എസ്് ആർ ടി സി യാത്ര ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ആരംഭിച്ച് ദ്വീപിലെ പ്രധാന ആകർഷണങ്ങളായ അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കുന്നതാണ് പാക്കേജ്. ജില്ലാ അടിസ്ഥാനത്തിൽ പത്ത് പേരടങ്ങുന്ന ടീമിനാണ് ഒരു ബാച്ചിൽ യാത്രാസൗകര്യം ഒരുക്കുന്നത്. യാത്രാ പദ്ധതിയിൽ ഈ മാസത്തോടെ ഏഴ് ബാച്ചുകൾ ദ്വീപ് സന്ദർശനം പൂർത്തിയാക്കും. വരുന്ന മാർച്ച് വരെയുള്ള ബുക്കിംഗ് ഇതുവരെ പൂർത്തിയായിക്കഴിഞ്ഞു. മൺസൂണിന് തൊട്ടുമുമ്പുള്ള മേയ് പകുതി വരെയാണ് ദ്വീപിലേക്ക് യാത്രാസൗകര്യം നൽകുന്നത്. മാർച്ചിന് ശേഷമുള്ള യാത്രകളിൽ ഉൾപ്പെടുത്താൻ 500ലേറെ പേർ ഇതുവരെ അപേക്ഷ നൽകിക്കഴിഞ്ഞു.
ലക്ഷദ്വീപ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോറൽ വിസ്ത എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ടൂർ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി നിശ്ചിതവരുമാനം പ്രതിമാസം കെ എസ് ആർ ടി സിക്ക് ലഭിക്കുന്നുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് യാത്ര തുടങ്ങുക. യാത്ര തിരിക്കുന്നതിന് 17 ദിവസം മുമ്പെങ്കിലും യാത്രക്കാരുടെ വിവരങ്ങളും പെർമിറ്റിനായുള്ള രേഖകളും നൽകണം. രണ്ട് വയസ്സ് മുതലുള്ള കുട്ടികൾക്കും പൂർണ വിമാന ടിക്കറ്റ് നിരക്ക് ബാധകമായിരിക്കും. ഹോം സ്റ്റേ, റിസോർട്ട് എന്നീ രണ്ട് ടൈപ്പ് പാക്കേജാണ് ഒരുക്കിയിട്ടുള്ളത്. ഹോം സ്റ്റേ പാക്കേജിന് 30,000 രൂപയും റിസോർട്ട് പാക്കേജിന് 40,000 രൂപയുമാണ് ഈടാക്കുക. വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസങ്ങൾ അനുസരിച്ച് ഓരോ മാസവും പാക്കേജ് നിരക്കിൽ ചെറിയ വ്യത്യാസം വരും.
കൊച്ചിയിൽ നിന്ന് വിമാനമാർഗം അഗത്തി എയർപോർട്ടിൽ എത്തും. തുടർന്ന് ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി എന്നിവിടങ്ങൾ സന്ദർശിക്കും. വൈകിട്ട് അന്ധൻ ബീച്ചിലെ സൂര്യാസ്തമയ കാഴ്ചയോടെ ആദ്യ ദിവസം അവസാനിക്കും.
സ്നോർക്കെലിംഗ്, നീന്തൽ, ഡോൾഫിൻ വാച്ച്, ഡീപ് സീ ബോട്ട് സഫാരി തുടങ്ങിയ സാഹസിക വിനോദങ്ങൾക്കാണ് രണ്ടാം ദിവസം മാറ്റിവെച്ചിരിക്കുന്നത്. മൂന്നാം ദിവസം ഗ്ലാസ്സ് ബോട്ട് യാത്ര, കടലാമകളെ കാണൽ, കയാക്കിംഗ് എന്നിവക്ക് ശേഷം സ്വകാര്യ ബോട്ടിൽ കൽപ്പിട്ടി ദ്വീപിലേക്ക് യാത്ര തിരിക്കും. നാലാം ദിവസം ലക്ഷദ്വീപിന്റെ തനത് പലഹാരങ്ങളും അച്ചാറുകളും വാങ്ങാൻ സമയം നൽകിയശേഷം കൊച്ചിയിലേക്ക് മടങ്ങും. നിലവിൽ ടൂർ പാക്കേജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് കെ എസ് ആർ ടി സി ടൂറിസം ബജറ്റ് സെല്ലിലെ എറണാകുളം ജില്ലാ കോ-ഓർഡിനേറ്ററാണ്. ഇവരുമായി ബന്ധപ്പെട്ടാണ് സീറ്റുറപ്പിക്കേണ്ടത്. ദ്വീപ് കാണാൻ താത്പര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ എണ്ണം വലിയ തോതിൽ കൂടുന്ന സാഹചര്യത്തിൽ ഓൺലൈൻ ബുക്കിംഗുൾപ്പെടെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
Content Highlights: KSRTC budget tourism cell’s four-day three-night Lakshadweep tour package from Kochi to Agatti and Kalpeni has become a major hit, with bookings full until March. Priced at Rs 30,000 for homestay and Rs 40,000 for resort packages in partnership with Coral Vista, the service runs until mid-May. Authorities plan to launch online booking as demand rises.





