Kerala
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടെ യുവാവില്‍ നിന്ന് തിരുവനന്തപുരം സ്വദേശിനി 20.81 ലക്ഷം രൂപ തട്ടിയെടുത്തു
വിവാഹത്തിന് സന്നദ്ധയാണെന്നു വിശ്വസിപ്പിച്ച ശേഷമാണ് തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച് എം ഹൈമ കക്കോടി സ്വദേശിയില്‍ നിന്നു പല ഘട്ടങ്ങളിലായി പണം കൈക്കലാക്കിയതെന്നാണ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്
കോഴിക്കോട് | സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടെ യുവാവില്‍ നിന്ന് തിരുവനന്തപുരം സ്വദേശിനി 20.81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച് എം ഹൈമക്കെതിരെയാണ് കേസെടുത്തത്.
സാമൂഹിക മാധ്യമത്തിലൂടെയാണ് യുവാവ് യുവതിയുമായി പരിചയത്തിലായത്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായശേഷം വിവാഹത്തിന് സന്നദ്ധയാണെന്നു വിശ്വസിപ്പിച്ച ശേഷമാണ് യുവതി പല ഘട്ടങ്ങളിലായി പണം കൈക്കലാക്കിയതെന്നാണ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ആകെ 20,81,450 രൂപ യുവതി കൈക്കലാക്കി കഴിഞ്ഞ ശേഷമാണ് യുവതി നേരത്തെ വിവാഹിതയാണെന്ന സൂചന ലഭിക്കുന്നത്. വിവാഹ വാഗ്ദാനത്തില്‍ വിശ്വസിച്ച് വലിയ തുക കൈമാറിയ യുവാവ് തട്ടിപ്പ് മനസ്സിലാക്കിയതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Content Highlights: A woman from Thiruvananthapuram was booked for swindling Rs 20.81 lakh from a Kozhikode native. The duo met on social media, where she promised marriage to extort money. Police launched an investigation after the victim discovered she was already married.



