Kerala
കൊയിലാണ്ടിയിൽ ആനകളിടഞ്ഞ ദുരന്തം; മരണം മൂന്നായി
പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

കോഴിക്കോട് | കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടു വന്ന രണ്ട് ആനകള്‍ വിരണ്ടതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. 31 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകീട്ടാണ് സംഭവം. കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68 ), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയില്‍ രാജന്‍ (68) എന്നിവരാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ഉത്സവം നിര്‍ത്തിവെച്ചു.
ഗുരുവായൂരില്‍ നിന്നെത്തിയ പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത് . അപകടത്തില്‍ പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ നിന്ന് മണക്കുളങ്ങര ക്ഷേത്രത്തിലേക്കുളള എഴുന്നള്ളിപ്പിന് ആനകളെ സജ്ജമാക്കുന്നതിനിടയില്‍ പീതാംബരന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ആനകളുടെ പുറത്ത് തിടമ്പേറ്റി കൊണ്ടിരിക്കുന്നതിനിടെ കൂട്ടാന കുത്തിയതാണ് ഇടയാന്‍ കാരണം. ആനപ്പുറത്തിരുന്നവര്‍ താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇറങ്ങാന്‍ കഴിയാതിരുന്ന രണ്ടു പേരെയും കൊണ്ട് ആന ഒരുപാട് നേരം ഓടി.
ക്ഷേത്രത്തിലേക്കുളള വരവിനിടയില്‍ പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരളുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പീതംാബരന്‍ എന്ന ആന ഗോകുലിനെ കൊമ്പു കൊണ്ട് കുത്തിയതോടെ രണ്ടാനകളും ഓടുകയായിരുന്നു. ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തേക്കും വടക്ക് ഭാഗത്തേക്കും ഓടിയ ആനകളെ പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തളച്ചത്. ഇതിനിടയില്‍ ആനകള്‍ ക്ഷേത്രം ഓഫീസ് തകര്‍ത്തു. ക്ഷേത്രത്തില്‍ ദീപാരാധന സമയത്ത് സ്ത്രീകളടക്കം നൂറ് കണക്കിന് ഭക്തര്‍ എത്തിയിരുന്നു. അണേല, കാട്ടുവയല്‍ ഭാഗത്തു നിന്നുളള ആഘോഷ വരവുകളും ഈ സമയത്താണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്.
പരുക്കേറ്റവര്‍
ബീന (51), കല്യാണി (68), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന്‍ (42), വത്സരാജ് (60), പത്മാവതി (68), വാസുദേവന്‍ (23), മുരളി (50), ശ്രീധരന്‍ (69), ആദിത്യന്‍ (22), രവീന്ദ്രന്‍ (65), വത്സല (62), പ്രദീപ് (46), സരിത (42), മല്ലിക (62), ശാന്ത (52), നാരായണവര്‍മ (56), പ്രണവ് (25), കല്യാണി (77), പത്മനാഭന്‍ (76), വബിത (45) മഹേഷ് (45), രാഹുല്‍ (23), അഭിനന്ദ (25), ഗിരിജ (65). വടകര എസ് പി, കൊയിലാണ്ടി സി ഐയും സംഘവും, കൊയിലാണ്ടി ഫയര്‍ യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു.