Covid Vaccination in children
കൊവാക്‌സീൻ കുട്ടികളിലും കുത്തിവെക്കാം; വിദഗ്ധ സമിതി ശിപാർശ
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് രണ്ട് മുതൽ 18 വരെ പ്രായമുള്ള കുട്ടികളിൽ വാക്‌സീന്റെ രണ്ടും മുന്നും ഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു
ന്യൂഡൽഹി | ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ രണ്ട് മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് നൽകാമെന്ന് വിദഗ്ധ സമിതി ശിപാർശ. കുട്ടികളിൽ കൊവാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് (ഡി സി ജി ഐ) സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി ശിപാർശ ചെയ്തതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വാക്‌സീൻ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ശിപാർശ. ഡി സി ജി ഐയുടെ അനുമതി ലഭിച്ചാൽ കുട്ടികളിൽ വാക്സീൻ ഉപയോഗിക്കാനാകും.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് രണ്ട് മുതൽ 18 വരെ പ്രായമുള്ള കുട്ടികളിൽ വാക്‌സീന്റെ രണ്ടും മുന്നും ഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു. ഈ മാസം ആദ്യത്തിൽ പരീക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഡി സി ജി ഐക്ക് സമർപ്പിച്ചു. ഇത് പരിശോധിച്ചാണ് വിദഗ്ധ സമിതി ശിപാർശ നൽകിയത്.
രാജ്യത്തെ ആറ് സ്ഥലങ്ങളിലായാണ് കുട്ടികളിൽ കൊവാക്‌സീൻ പരീക്ഷണം നടത്തിയത്. ഇരുപത് ദിവസത്തെ ഇടവേളകളിൽ രണ്ട് ഡോസായാണ് കൊവാക്‌സീൻ കുട്ടികളിൽ കുത്തിവെക്കുക. നിലവിൽ സൈഡസ് കാഡിലയുടെ ഡി എൻ എ അടിസ്ഥാനമാക്കിയുള്ള സൈക്കോവ് ഡിയാണ് രാജ്യത്ത് കുട്ടികൾക്കായി അനുമതി നൽകിയ ഏക കൊവിഡ് പ്രതിരോധ വാക്‌സീൻ. പന്ത്രണ്ടിന് മുകളിൽ പ്രായമായവർക്കാണ് ഇത് നൽകുന്നത്. മൂന്ന് ഡോസായാണ് സൈക്കോവ് ഡി നൽകുന്നത്.
പുണെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കുട്ടികൾക്കുള്ള വാക്‌സീനായ നൊവാവാക്സ് നിലവിൽ പരീക്ഷണ ഘട്ടത്തിലുണ്ട്. ഏഴ് മുതൽ 11 വരെ പ്രായമുള്ളവർക്കുള്ളതാണ് നൊവാവാക്സ്. സ്‌കൂളുകൾ പൂർണാർഥത്തിൽ തുറക്കാൻ കുട്ടികളിൽ വാക്‌സീൻ നൽകിയ ശേഷം മാത്രമേ സാധ്യമാകൂവെന്ന് ആരോഗ്യ വിദഗ്ധർ നേരത്തേ പറഞ്ഞിരുന്നു.