Connect with us

Kerala

കോട്ടയത്ത് സ്വകാര്യബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

അപകടത്തില്‍ അഞ്ജലിയുള്‍പ്പെടെ അഞ്ച് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Published

|

Last Updated

കോട്ടയം| ചന്തക്കവലയില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നട്ടാശേരി പാറയില്‍ അജയന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത്. 19 വയസ്സായിരുന്നു. അഞ്ജലി കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്നു. ചന്തക്കവലയ്ക്ക് സമീപം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജലി.മാതാവ് മരിച്ചതിനുശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്.

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. നാഗമ്പടം സ്റ്റാന്റില്‍ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ‘തണ്ടപ്ര’ എന്ന സ്വകാര്യ ബസ് ആണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ അഞ്ജലിയുള്‍പ്പെടെ അഞ്ച് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത്തിത്താനം സുഭാഷ് ഭവനില്‍ ശ്രീകുമാരി (54), മറിയപ്പള്ളി മുട്ടം ഉള്ളാട്ട് വീട്ടില്‍ ജയ (51), കൊല്ലാട് കലേഷ് ഭവനില്‍ അനുമോള്‍ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി വീട്ടില്‍ എ.കെ സുനി (46) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

നിയന്ത്രണം നഷ്ടമായതോടെ ബസ് റോഡരികിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ് കാത്ത് നിന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കുമാണ് പരുക്കേറ്റത്. ബസിനടിയില്‍ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ചാറ്റല്‍മഴ ഉണ്ടായിരുന്നതു മൂലം ബസ് സ്റ്റോപ്പിനു സമീപത്തെ കടത്തിണ്ണയിലേക്കു ചിലര്‍ കയറി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

Content Highlights:
A 19-year-old girl succumbed to her injuries after an overspeeding private bus rammed into a pedestrian path at Chandakavala in Kottayam. Four other women sustained serious injuries in the accident caused by the Thandapra bus operating from Nagampadam. Locals and rescue personnel rushed the victims to the hospital, and the fleeing driver was apprehended by the police.

 

 

 

---- facebook comment plugin here -----

Latest