Connect with us

Poem

കോലങ്ങൾ

മുണ്ടുടുത്തു എത്തുമ്പോൾ‘എന്തൊരു ആഢ്യത്വം’എന്ന മുഖസ്തുതിയിൽ സ്വയം മറക്കരുത് ‘എന്തൊരു പേക്കോലം’ എന്ന പരിഹാസം പിറകെ വന്നേക്കും.

Published

|

Last Updated

നിങ്ങൾ,
നിങ്ങളുടെ കോലങ്ങളെ കുറിച്ച്
ചിന്തിച്ചിട്ടുണ്ടോ

തീർച്ചയായും
കണ്ണാടിയിൽ നിങ്ങൾ കാണുന്ന കോലമാകില്ല,
അന്യർ അവരുടെ കണ്ണാൽ കാണുന്നത്.
(കണ്ണാടിയും
നമ്മളോട് നമ്മെ കുറിച്ച്
പാതി സത്യമല്ലേ പറയുന്നുള്ളു.!)

നിങ്ങളോടവർ
വാക്കാൽ വർണിക്കുന്ന
രൂപമോ ഭാവമോ കോലമോ
ഒന്നുമാകില്ല
അവർ മനസ്സിൽ കാണുന്നത്

മുണ്ടുടുത്തു എത്തുമ്പോൾ
‘എന്തൊരു ആഢ്യത്വം’
എന്ന മുഖസ്തുതിയിൽ സ്വയം മറക്കരുത്
‘എന്തൊരു പേക്കോലം’
എന്ന പരിഹാസം പിറകെ വന്നേക്കും.

മോഡേൺ ഡ്രെസ്സിലെത്തുമ്പോൾ
സ്റ്റൈലിഷാണല്ലോ
എന്ന വാക്കിൽ സ്വയം ഭ്രമിച്ച്
കണ്ണിലെ കൗതുകവും
ചുണ്ടിലെ പരിഹാസവും
കാണാതെ പോകരുത്.

ഉണ്ണാനും
ഉടുക്കാനും
മിണ്ടാനും
വായിക്കാനും വരയ്ക്കാനും വരെ
അതിരുകളിട്ട് തുടങ്ങിയ
കോലം കെട്ടയിടത്ത്,

വർണവും വർഗവും
ഭാഷയും തിരിച്ചു
മനുഷ്യർക്ക്
അടയാളങ്ങളിട്ട് തുടങ്ങിയ
പേക്കോലം തുള്ളും കാലത്ത്,

നിങ്ങളുടെ കോലം പറയും
നിങ്ങൾ ആരാണെന്നും
എന്താണെന്നും
‘എന്ത് അല്ല’ എന്നും..!

അതെന്തുമാകട്ടെ,
ഏത് വേഷം ഏത് കോലം
എന്ന് സ്വയം നിർണയിക്കാനാകണം.
രസിക്കാൻ പറ്റുന്നതാകണം
കാരണം,
ചേർന്ന് നിന്നവർക്ക് പോലും
ഇനിയെന്തെല്ലാം
തിരുത്തിപ്പറയാനുണ്ടെന്ന് ആർക്കറിയും..?

---- facebook comment plugin here -----

Latest