Connect with us

Kerala

വ്യാജരേഖ ചമച്ച് അവയവക്കച്ചവടം; ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും ഇഡി അന്വേഷണം

നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോയെന്നാണ് പരിശോധന.

Published

|

Last Updated

കൊച്ചി|വ്യാജരേഖ ഉപയോഗിച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണത്തിന്റെ ഭാഗമായി ലേക് ഷോറിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തു. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോയെന്നാണ് പരിശോധന. ഡോക്ടര്‍മാരുടെ ബേങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ആശുപത്രിയുടെ എംഡി എസ് കെ അബ്ദുല്ലയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ്, ലേക് ഷോര്‍ അടക്കം ആറ് ആശുപത്രികളില്‍ നേരത്തെ പരിശോധന നടന്നിരുന്നു. കേരളത്തിലെ ആറ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി കേസെടുത്ത് പരിശോധന നടത്തിയത്.

കേരളത്തിന് അകത്തും പുറത്തമുള്ള വന്‍ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ആലപ്പുഴ റൂറല്‍ പോലീസ് കേസെടുത്തതിന് പിന്നാലെ മുഖ്യകണ്ണി നജീബ് ഒളിവില്‍ പോയിരുന്നു. ഇയാളാണ് ഇടനിലക്കാരെ ഏകോപിപ്പിച്ചത്. മെഡിക്കല്‍ ടൂറിസത്തിന്റെ മറവിലായിരുന്നു വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള അവയവ വാണിഭം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയക്ക് അവയവ കൈമാറ്റം ഉറപ്പിക്കും. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് വലിയ തുകയ്ക്ക് അവയവം കൈമാറുകയുമായിരുന്നു. ഓരോ ശസ്ത്രക്രിയക്കും ശേഷം നജീബിന് വന്‍ തുക ആശുപത്രികള്‍ കമ്മീഷന്‍ നല്‍കിയെന്നാണ് ഇഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തെ സാമ്പത്തിക ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.

Content Highlights:
The Enforcement Directorate expanded its probe into the illegal organ trade scam involving Kochi Lakeshore Hospital doctors. Senior consultant Dr Mohamed Iqbal was interrogated to check for illegal commissions. The money laundering investigation targets massive medical tourism rackets across Kerala.

 

---- facebook comment plugin here -----

Latest