Connect with us

Kerala

കെ എം ബഷീര്‍ കൊലപാതകം; ശ്രീറാമിന്റെ വിടുതല്‍ ഹരജി 14ലേക്കു മാറ്റി

രണ്ടാം പ്രതിയും വാഹനത്തിന്റെ ഉടമസ്ഥയുമായ വഫയുടെ വിടുതല്‍ ഹരജിയില്‍ വിധി പറയുന്നതും കോടതി അടുത്തമാസം 14 ലേക്ക് മാറ്റി.

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹരജി വാദംകേള്‍ക്കാനായി കോടതി അടുത്ത മാസം പതിനാലിലേക്ക് മാറ്റി. വിടുതല്‍ ഹരജിയില്‍ ഇന്നലെ പ്രാരംഭ വാദം കേട്ടിരുന്നു. നിലവിലുള്ള കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും മദ്യപിച്ചതിന് തെളിവില്ലെന്നും വാദിച്ച ശ്രീറാമിന്റെ അഭിഭാഷകന്‍ വിചാരണ കൂടാതെ തന്നെ ശ്രീറാമിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. കൂടുതല്‍ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് 14ലേക്കു മാറ്റുകയായിരുന്നു. അതേസമയം, രണ്ടാം പ്രതിയും വാഹനത്തിന്റെ ഉടമസ്ഥയുമായ വഫയുടെ വിടുതല്‍ ഹരജിയില്‍ വിധി പറയുന്നതും കോടതി അടുത്തമാസം 14 ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഹരജി പരിഗണിച്ചിരുന്നുവെങ്കിലും വിധിപറയാനായി മാറ്റുകയായിരുന്നു.

മദ്യപിച്ചു വാഹനമോടിച്ചാല്‍ മറ്റുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെ വാഹനമോടിച്ച് ബൈക്ക് യാത്രികനായ ബഷീറിനെ കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തുവെന്നാണ് ശ്രീറാമിനെതിരായ കുറ്റാരോപണം. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നാണ് ശ്രീറാം സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ മുമ്പാകെയാണ് ഹരജി ബോധിപ്പിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 (മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം) നിലനില്‍ക്കണമെങ്കില്‍ നിയമത്തില്‍ പറയുന്നത് 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലിഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ്. എന്നാല്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13ാം രേഖയായ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ തന്റെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നതെന്നും ശ്രീറാം ബോധിപ്പിച്ചു. 2019 ലെ ഹൈക്കോടതി ജാമ്യ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നതായും ബോധിപ്പിച്ചു. സര്‍ക്കാറിന്റെ ആക്ഷേപം വന്നശേഷം വിശദ വാദം ഒക്ടോബര്‍ 14 ന് കേള്‍ക്കാമെന്ന് ജഡ്ജി കെ സനില്‍കുമാര്‍ ഉത്തരവായി.

ഇന്നലെ വഫ മാത്രമാണ് കോടതിയില്‍ ഹാജരായത്. തന്നെ വിചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെന്നായിരുന്നു നേരത്തെ വഫ വിചാരണ കോടതിയെ ബോധിപ്പിച്ചിരുന്നത്. താന്‍ ശ്രീറാം വിളിച്ചതനുസരിച്ച് ലിഫ്റ്റ് നല്‍കാനായി വാഹനവുമായി പോകുക മാത്രമാണ് ചെയ്തതെന്നും മദ്യപിച്ച് വാഹനമോടിക്കാന്‍ താന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ വഫ അപകട കൃത്യത്തിന് ശേഷം സ്ഥലത്തെത്തിയ 74ാം സാക്ഷിയായ മ്യൂസിയം എസ് ഐ മാത്രമാണ് തന്റെ സാന്നിധ്യം പറയുന്നതെന്നും വാദിച്ചിരുന്നു. എന്നാല്‍, ഡ്രൈവിംഗ് സീറ്റ് നല്‍കി മനപ്പൂര്‍വം വഫ ശ്രീറാമിനെ കൃത്യത്തിന് സഹായിക്കുകയും ഗൂഢാലോചനയില്‍ പങ്കാളിയാവുകയും ചെയ്തുവെന്നും പ്രേരണാക്കുറ്റത്തിനൊപ്പം തെളിവു നശിപ്പിക്കല്‍ കുറ്റവും നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു.

 

---- facebook comment plugin here -----

Latest