Connect with us

Health

കിഡ്‌നി സ്റ്റോണ്‍ ലക്ഷണങ്ങളും രോഗം വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും

യുവാക്കളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്.

Published

|

Last Updated

കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന അസുഖമാണ്. യുവാക്കളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. വെള്ളം കുടി കുറയുന്ന സമയത്തോ അല്ലെങ്കില്‍ മൂത്രത്തില്‍ കല്ലുണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതിലൂടെയോ അമിതമായി വിയര്‍ക്കുന്നവരിലോ കൂടുതല്‍ ചൂടുള്ള കാലാവസ്ഥയില്‍ ജോലി എടുക്കുന്നവരിലും കിഡ്‌നി സ്‌റ്റോണുകള്‍ രൂപപ്പെടാം.

ലക്ഷണങ്ങള്‍

അതികഠിനമായ വയറുവേദന, അതിശക്തമായ വയറ് കമ്പിക്കല്‍, ഛര്‍ദ്ദി, ഓക്കാനം എന്നിവയെല്ലാം കിഡ്‌നി സ്‌റ്റോണിന്റെ ലക്ഷണങ്ങളാണ്. മൂത്രമൊഴിക്കുന്ന സമയത്ത് കടച്ചില്‍, പുകച്ചില്‍, ഇടക്കിടെ മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രം പൂര്‍ണ്ണമായി ഒഴിഞ്ഞുപോകുന്നില്ല എന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയും ഉണ്ടായേക്കാം.

എങ്ങനെ കണ്ടുപിടിക്കാം

രക്തപരിശോധനയിലൂടെയും യൂറിന്‍ റുട്ടീന്‍ ടെസ്റ്റിലൂടെയും മൂത്രത്തില്‍ കല്ലുണ്ടോ എന്ന് കണ്ടുപിടിക്കാവുന്നതാണ്. ക്രിയാറ്റിന്‍, യൂറിക് ആസിഡ്, കാത്സ്യം എന്നീ പരിശോധനയും നടത്താറുണ്ട്. വയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്യുന്നതും നല്ലതാണ്. സ്‌കാനിംഗ് ചെയ്യുന്നതിലൂടെ കിഡ്‌നിക്ക് നീര്‍ക്കെട്ട് ഉണ്ടോ കിഡ്‌നിയില്‍ കല്ലുകളുണ്ടോ എന്നും കണ്ടെത്താന്‍ സാധിക്കും. ചില സമയത്ത് മൂത്രനാളിയിലുള്ള കല്ലുകള്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലൂടെ കണ്ടെത്താന്‍ സാധിച്ചു എന്നുവരില്ല. അങ്ങനെയുള്ള സമയത്ത് ഒരു പ്ലെയിന്‍ സിടി സ്‌കാന്‍ എടുക്കേണ്ടി വരും. ഈ സ്‌കാനിംഗിലൂടെ നൂറ് ശതമാനം കല്ലുകളും കണ്ടുപിടിക്കാന്‍ സാധിക്കും.

ചികിത്സ

രക്തം, യൂറിന്‍ ടെസ്റ്റുകള്‍ നോര്‍മല്‍ ആവുകയും രോഗിയ്ക്ക് വേദന സഹിക്കാന്‍ പറ്റുന്ന തരത്തിലുമാണെങ്കില്‍ പത്തു മുതല്‍ പതിനഞ്ച് ദിവസം വരെ മരുന്നുകള്‍ കഴിച്ചു നോക്കാവുന്നതാണ്. മരുന്നു കഴിച്ച ശേഷം സ്‌കാനിംഗ് ചെയ്തു നോക്കിയാല്‍ കല്ല് പോയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാന്‍ കഴിയും. ഈ ഒരു രീതി ചെറിയ കല്ലുകള്‍ ഉള്ളവര്‍ക്കാണ് ഫലപ്രദമാവുക. ഒരു സെന്റി മീറ്ററിന് മുകളിലുള്ള മൂത്രനാളിയില്‍ ബ്ലോക്കായിട്ടുള്ള കല്ലുകള്‍ അല്ലെങ്കില്‍ അതിനോടൊപ്പം പനി, കിഡ്‌നിയ്ക്ക് ഇന്‍ഫക്ഷന്‍ വരിക, ഇടക്കിടയ്ക്ക് വേദന വരിക, ഇടയ്ക്കിടയ്ക്ക് ഇഞ്ചക്ഷന്‍ എടുക്കേണ്ടി വരിക ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാകുകയാണെങ്കില്‍ കാത്തിരിക്കാതെ കല്ല് പൊടിച്ചു കളയുകയാണ് നല്ലത്.

കിഡ്‌നിയില്‍ കട്ടി കുറഞ്ഞ കല്ലാണ് ഉള്ളതെങ്കില്‍പുറത്തുനിന്ന് ഷോക്കടിച്ച് പൊടിക്കാനുള്ള സംവിധാനമുണ്ട്. അതിന് ഇഎസ്ഡബ്ല്യുഎല്‍(എക്‌സ്ട്രാകോര്‍പറല്‍ ഷോക്ക് വേവ് ലിത്തോട്രിപ്‌സി) എന്നാണ് പറയുന്നത്. ഇതുകൂടാതെ ഏറ്റവും നൂതനമായ ചികിത്സാ മാര്‍ഗമായ ലേസര്‍ വെച്ചും കല്ല് പൊടിക്കാന്‍ കഴിയും. കിഡ്‌നിയിലോ മൂത്രനാളിയിലോ ഉള്ള കല്ലാണെങ്കില്‍ ഫ്‌ളെക്‌സിബിളായുള്ള യുറെറ്ററോസ്‌കോപ്പ് എന്ന ഉപകരണം കടത്തി ലേസര്‍ വെച്ച് കല്ല് പൂര്‍ണ്ണമായി പൊടിച്ച് തരികളാക്കിയെടുക്കാനും പിന്നീട് മൂത്രത്തിലൂടെ പോക്കാനും സാധിക്കും. വളരെ കട്ടി കൂടിയ വലിയ കല്ലുകളാണെങ്കില്‍ കിഡ്‌നിയില്‍ ചെറിയ ദ്വാരമുണ്ടാക്കി കീ ഹോള്‍ സര്‍ജറി ചെയ്യേണ്ടി വരും.

കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാന്‍

ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, തൂക്കം നിയന്ത്രിച്ചു നിര്‍ത്തുക, കല്ലുണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക, മത്സ്യം, മാംസം, മുട്ട, തക്കാളി, വഴുതന, കൂണ്‍, കോളിഫ്‌ളവര്‍ എന്നിങ്ങനെയുള്ള സാധനങ്ങളും സപ്പോട്ട, മുന്തിരി, ചോക്ലേറ്റ്, കോഫി, കോള എന്നിങ്ങനെയുള്ള സാധനങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഇളനീര്‍, ബാര്‍ളി, കൈതച്ചക്ക, ഓട്ട്‌സ്, വാഴപ്പഴം, ചെറിയ അളവില്‍ ബദാം എന്നിവ കഴിക്കുന്നത് നല്ലതാണ്.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. രാഹുല്‍ രവീന്ദ്രന്‍
കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ്
ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്