Connect with us

Kerala

നിലമ്പൂര്‍: അന്തിമ സ്ഥാനാര്‍ഥി ചിത്രം ഇന്ന്; പി വി അന്‍വര്‍ പിന്‍മാറുമോ എന്ന് ആകാംക്ഷ

നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയ പരിധി വൈകീട്ട് മൂന്നിന് അവസാനിക്കും

Published

|

Last Updated

മലപ്പുറം | ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പി വി അന്‍വര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് സൂചന. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയ പരിധി വൈകീട്ട് മൂന്നിന് അവസാനിക്കും മുമ്പ് പി വി അന്‍വറിന്റെ നിര്‍ണായക തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. പത്രിക സമര്‍പ്പിച്ച് രണ്ട് ദിവസമായിട്ടും അന്‍വര്‍ പ്രചാരണരംഗത്തേക്ക് ഇറങ്ങാത്തതാണ് ആകാംക്ഷക്ക് വഴിയൊരുക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് പിന്‍മാറുന്നു എന്ന നിലയില്‍ അന്‍വര്‍ പത്രിക പിന്‍വലിച്ചേക്കുമെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കുന്നത് രാഷ്ട്രീയമായി ആത്മഹത്യാ പരമാണെന്ന് അന്‍വര്‍ ക്യാമ്പില്‍ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. ഇരുപതിനായിരം വോട്ടെങ്കിലും സമാഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ അന്‍വര്‍ അസ്തമിച്ചുപോകുമെന്നാണ് വിലയിരുത്തല്‍. വലിയ ജനപിന്തുണ അന്‍വര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അന്‍വറിന്റെ ആഹ്വാനം കേട്ട് ജനങ്ങള്‍ ഇളകുന്നില്ല എന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തോടെ അന്‍വര്‍ ക്യാമ്പിനു ബോധ്യപ്പെട്ടത്.

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 14 സ്ഥാനാര്‍ഥികളാണ് അവശേഷിക്കുന്നത്. ചതുഷ്‌കോണ മത്സരം ഉണ്ടാവുന്നത് ഇടതു മുന്നണിയുടെ വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നതാണ് അന്‍വര്‍ ക്യാമ്പിലെ അവസാന വിലയിരുത്തല്‍.

പിണറായിസത്തിനെതിരെ രംഗത്തിറങ്ങി തന്റെ സാന്നിധ്യം കൊണ്ട് ഇടതു മുന്നണി വിജയിച്ചാല്‍ അത് പിണറായിയുടെ വിജയമായിരിക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയിച്ചാല്‍ അതു മൂന്നാം പിണറായി സര്‍ക്കാറിനു വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് മത്സര രംഗത്തുനിന്നു പിന്‍മാറിയാല്‍ യു ഡി എഫില്‍ പ്രവേശിക്കാനുള്ള ചര്‍ച്ചകള്‍ക്കുള്ള വാതില്‍ വീണ്ടും തുറക്കുമെന്ന സൂചനയും അന്‍വറിനു ലഭിച്ചിട്ടുണ്ട്. നിലമ്പൂരില്‍ യു ഡി എഫ് പരാജയപ്പെടുകയും അന്‍വറിനു നിര്‍ണായകമായ വോട്ടു ലഭിക്കാതിരിക്കുകയും ചെയ്താല്‍ അന്‍വറിന്റെ രാഷ്ട്രീയ ഭാവിയെ അതു ബാധിക്കും. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള ആലോചന നടക്കുന്നത്.

വി ഡി സതീശന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് അന്‍വര്‍ മത്സരിക്കാന്‍ രംഗത്തിറങ്ങിയത്. എന്നാല്‍ അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം യു ഡി എഫ് ക്യാമ്പില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല എന്നതും അന്‍വറിനെ അമ്പരപ്പിച്ചിട്ടുണ്ട് എന്നാണു വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തും. മൂത്തേടം പഞ്ചായത്തിലാണ് എം സ്വരാജിന്റെ പര്യടനം. നിലമ്പൂരില്‍ ഇന്ന് ബിജെപി മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

 

---- facebook comment plugin here -----

Latest