Connect with us

sahityolsav 22

കേരള സാഹിത്യോത്സവ്: ആദ്യഘട്ട സെമിനാറുകൾ സമാപിച്ചു

സെമിനാറുകളിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുത്തു.

Published

|

Last Updated

കൊച്ചി | കോതയാറും കാളിയാറും തൊടുപുഴയാറും കൂടിച്ചേരുന്ന മൂവാറ്റുപുഴയാറിന് സമീപം ഇനി കലയുടെ സർഗാത്മകത വിരിയും. എസ് എസ് എഫ് 29ാമത് കേരള സാഹിത്യോത്സവിന്റെ ആദ്യ ഘട്ട സെമിനാറുകൾ സമാപിച്ചതോടെ കലാപ്രതിഭകളുടെ മാറ്റുരക്കലിന് മൂവാറ്റുപുഴ പെഴക്കാപള്ളിയിൽ വേദിയുയർന്നു. വരകളിൽ വർണമൊരുക്കി വരികളിൽ വിസ്മയം തീർത്ത് വാക്കുകൾക്ക് മൂർച്ച കൂട്ടി കലാപ്രതിഭകൾ വ്യാഴാഴ്ച മുതൽ കൊച്ചിയിലേക്ക് എത്തിത്തുടങ്ങും.
മൂന്ന് ദിവസമായി എറണാകുളം ടൗൺ ഹാളിൽ നടന്ന സെമിനാറുകളിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുത്തു.

രണ്ട് ലക്ഷം കുടുംബങ്ങളിൽ നടന്ന കലാമത്സരങ്ങൾ, 21,700 ബ്ലോക്ക്, 7,000 യൂനിറ്റ്, 648 സെക്ടർ, 120 ഡിവിഷൻ, തമിഴ്‌നാട്ടിലെ നീലഗിരി അടക്കം 17 ജില്ലാതല സാഹിത്യോത്സവുകൾ എന്നിവയുടെ സംസ്ഥാനതല മത്സരമാണ് മൂവാറ്റുപുഴയിൽ നടക്കുന്നത്. 17 ജില്ലകളിലെ 2,000 മത്സരാർഥികൾ എട്ട് വിഭാഗങ്ങളിലായി 144 ഇനങ്ങളിൽ മാറ്റുരക്കും. കലാ മത്സരങ്ങൾക്ക് പുറമെ ചർച്ചകൾ, പുസ്തക പ്രകാശനം എന്നിവയും നടക്കും. എസ് എസ് എഫിന്റെ പ്രസിദ്ധീകരണ വിഭാഗമായ ഐ പി ബി പുതുതായി 33 പുസ്തകങ്ങളാണ് പുറത്തിറക്കുന്നത്.

കലാമത്സരങ്ങളുടെ ഉദ്ഘാടനം ഒമ്പതിന് വൈകുന്നേരം നാലിന് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി മുഖ്യപ്രഭാഷണം നടത്തും. ഡോ. രാജാ ഹരിപ്രസാദ് സാംസ്‌കാരിക പ്രഭാഷണം നിർവഹിക്കും. ഉച്ചക്ക് 2.30ന് മാധ്യമസെമിനാറിൽ ദാമോദർ പ്രസാദ്, ടി എം ഹർഷൻ, രാം മോഹൻ പാലിയത്ത്, മുഹമ്മദലി കിനാലൂർ സംബന്ധിക്കും. 10ന് രാവിലെ ഒമ്പതിന് ജെൻഡർ പൊളിറ്റിക്‌സുമായി ബന്ധപ്പെട്ടും 11 മണിക്ക് കേരള പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ടും ചർച്ചകൾ നടക്കും.

വൈകുന്നേരം നാലിന് നടക്കുന്ന സമാപന സംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിക്കും. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം മുഹമ്മദ് സ്വാദിഖ്, അബ്ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പള്ളി, വി എച്ച് അലി ദാരിമി, സയ്യിദ് ഹാശിം തങ്ങൾ, സി എ ഹൈദ്രോസ് ഹാജി, കൽത്തറ അബ്ദുൽ ഖാദർ മദനി പങ്കെടുക്കും.