Connect with us

waqf board appointment

കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; വഖ്ഫ് ബോര്‍ഡ് നിയമനം ആശങ്കകള്‍ അകറ്റിയ ശേഷമെന്ന് മുഖ്യമന്ത്രി

വഖ്ഫ്‌ബോര്‍ഡ് ആവശ്യപ്പെടുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ മാനദണ്ഡങ്ങളനുസരിച്ച് റിക്രൂട്ടമെന്റ് നടത്തി നല്‍കുക മാത്രമാണ് പി എസ് സിയുടെ ജോലി. അതിനാല്‍ ഇത്തരം ആശങ്കകള്‍ക്ക് വകയില്ലെന്നും ഇക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ തസ്തികകളിലേക്കുള്ള നിയമനം പി എസ് സി വഴി നടപ്പിലാക്കുന്നത് സംബന്ധിച്ച ബില്‍ നിയമസഭ പാസ്സാക്കിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആശങ്കകളും പരിഹരിച്ച ശേഷമേ നടപ്പിലാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിനാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ധൃതിപിടിച്ച് നിയമം നടപ്പിലാക്കില്ലെന്നും ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ച നടത്തി അവര്‍ ഉന്നയിക്കുന്ന മുഴുവന്‍ ആശങ്കകളും പരിഹരിച്ച് മാത്രമേ നടപ്പില്‍ വരുത്തുകയുള്ളുവെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ നേതാക്കളോട് പറഞ്ഞു. വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനം പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന ആശങ്കകള്‍ അസ്ഥാനത്താണ്. നിയമസഭ പാസാക്കിയ ബില്ലില്‍ തന്നെ ബോര്‍ഡ് നിയമനത്തില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികളെ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പൊതുപ്ലാറ്റ്‌ഫോമെന്ന നിലയില്‍ പി എസ് സി വഴി മുസ്‌ലിംകള്‍ക്ക് മാത്രമായി റിക്രൂട്ട്‌മെന്റ് ചെയ്യപ്പെടുന്നത് ഭാവിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍, പി എസ് സി റിക്രൂട്ട്‌മെന്റ് ഏജന്‍സി മാത്രമാന്നെിരിക്കെ വഖ്ഫ്‌ബോര്‍ഡ് ആവശ്യപ്പെടുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ മാനദണ്ഡങ്ങളനുസരിച്ച് റിക്രൂട്ടമെന്റ് നടത്തി നല്‍കുക മാത്രമാണ് പി എസ് സിയുടെ ജോലി. അതിനാല്‍ ഇത്തരം ആശങ്കകള്‍ക്ക് വകയില്ലെന്നും ഇക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഹലാല്‍ വിവാദത്തിന്റെ മറവില്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. ഇത്തരം ആളുകളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ സംസ്ഥാനത്തിന്റെ ബഹുസ്വരതക്ക് പരുക്കേല്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം പങ്കെടുത്തു.

 

---- facebook comment plugin here -----

Latest