National
കേരള മുഖ്യമന്ത്രി; ചര്‍ച്ച ഡല്‍ഹിയില്‍ തുടരുന്നു
എന്നാല്‍ അനുയായികളെ തെരുവിലിറക്കി പാര്‍ട്ടി തീരുമാനം അനുകൂലമാക്കാനുള്ള നീക്കങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് എ ഐ സി സി നിരീക്ഷകര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി | കേരളത്തില്‍ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ചര്‍ച്ച ഡല്‍ഹിയില്‍ തുടരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരാണ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുള്ളത്.
കേന്ദ്ര നേതൃത്വം വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന ധാരണയിലാണ്. പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷമുള്ളയാള്‍ മുഖ്യമന്ത്രിയാവുക എന്ന പാര്‍ട്ടി പിന്തുടരുന്ന ജനാധിപത്യ മര്യാദ നടപ്പാക്കണം എന്ന നിലപാടിലാണ് നേതൃത്വം. എന്നാല്‍ അനുയായികളെ തെരുവിലിറക്കി പാര്‍ട്ടി തീരുമാനം അനുകൂലമാക്കാനുള്ള നീക്കങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് എ ഐ സി സി നിരീക്ഷകര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെത്തിയ നിരീക്ഷകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് ചര്‍ച്ച രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നത്. മുഖ്യമന്ത്രിയെ വേഗം തീരുമാനിക്കണമെന്ന നിരീക്ഷകരുടെ നിര്‍ദ്ദേശം മാനിച്ചാണ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.
വി ഡി സതീശന് കേരള ഹൗസില്‍ ജാമിയ മിലിയ, ഡല്‍ഹി സര്‍വകലാശാലയിലെ എന്‍ എസ് യു വിദ്യാര്‍ഥികള്‍ സ്വീകരണം നല്‍കി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കേരളത്തില്‍ ചേരി തിരിഞ്ഞ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതോടെയാണ് ചര്‍ച്ച വേഗത്തിലാക്കിയത്. ഇരു നേതാക്കളുമായി ചര്‍ച്ച നടക്കുമ്പോള്‍ ഡല്‍ഹിയിലെ വസതിയിലുണ്ടെങ്കിലും കെ സി വേണുഗോപാല്‍ പങ്കെടുത്തേക്കില്ല. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും ഹൈക്കമാന്‍ഡ് കാണും.







