attack by patient
കായംകുളത്ത് താലൂക്ക് ആശുപത്രിയിൽ രോഗിയുടെ പരാക്രമം; രണ്ട് ജീവനക്കാർക്ക് കുത്തേറ്റു
കീഴടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർക്കും പരുക്കേറ്റു.

ആലപ്പുഴ | കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ പരാക്രമത്തെ തുടർന്ന് ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറി നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴായിരുന്നു ആക്രമണം. കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് അക്രമി. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കീഴടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർക്കും പരുക്കേറ്റു.
കാലിൽ മുറിവേറ്റ് എത്തിയ ദേവരാജൻ പെട്ടെന്ന് പ്രകോപിതനായി നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഹോം ഗാര്‍ഡിനെ അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കി കുത്തി. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ മധുവിന്‍റെ വലത് കൈക്കും കുത്തേറ്റു.
ഹോം ഗാർഡ് വിക്രമന്‍റെ വയറ്റിലാണ് കുത്തേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാരായ ശിവകുമാർ, ശിവൻ പിള്ള എന്നിവർക്കും പരുക്കേറ്റു.