Articles
കർണാടക: എന്തുകൊണ്ട് സിദ്ധരാമയ്യ?
സിദ്ധരാമയ്യയെ ഏറ്റവും ശ്രദ്ധേയനാക്കുന്ന ഘടകം സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെയുള്ള തികഞ്ഞ പ്രത്യയശാസ്ത്ര ബോധ്യമാണ്. ബ്രാഹ്മണിക്കല്‍- ഫ്യൂഡല്‍ ആധിപത്യ രാഷ്ട്രീയത്തിനെതിരെ കൗശല ബുദ്ധിയോടെയുള്ള സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഐക്യനിരയെ സ്പര്‍ശിക്കാന്‍ പോലും ആര്‍ എസ് എസിനു കഴിഞ്ഞിട്ടില്ല.

ചര്‍ച്ചകള്‍ക്കൊടുവില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിപദത്തിലേക്ക് വീണ്ടും കടന്നു വരുമ്പോള്‍ അതു കര്‍ണാടക നല്‍കിയ ജനവിധിക്കുള്ള പൂര്‍ണ നീതീകരണമാവുകയാണ്. നാളിതുവരെ തനിച്ചു ഭരിക്കാനുള്ള സീറ്റുകള്‍ കര്‍ണാടകയില്‍ ബി ജെ പിക്കു ലഭിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തിന്റെ ആനുകൂല്യത്തില്‍ തീവ്ര ഹിന്ദുത്വം പയറ്റിയിട്ടും ബി ജെ പിക്കു നിരാശപ്പെടേണ്ടി വന്നതിനു കൃത്യമായ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങളും ഭരണ നടപടികളും നവോത്ഥാന ചിന്തകളും പാകപ്പെടുത്തിയ മണ്ണ് കൂടിയാണ് കര്‍ണാടകയുടേത്. ദേവരാജ് അരസിനെ പോലുള്ള ഭരണാധികാരികള്‍ക്ക് അതില്‍ നേതൃപരമായ പങ്കുണ്ട്. 1985ലെ നിയമസഭാ തിരഞ്ഞെടുപ്പ് മികച്ച ഉദാഹരണമാണ്. 1983ല്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ആദ്യ കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരമേറ്റതിനെ തുടര്‍ന്ന് 1984ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടക കോണ്‍ഗ്രസ്സ് തൂത്തുവാരി. പരാജയത്തിന്റെ ധാര്‍മിക ഉത്തവാദിത്വമേറ്റ് ഹെഗ്‌ഡെ രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടു. രാഷ്ട്രീയ ധാര്‍മികത ശരിവെച്ച് ഹെഗ്‌ഡെക്കും ജനതാ പാര്‍ട്ടിക്കും 139 സീറ്റിന്റെ വിജയം നല്‍കിയവരാണ് കര്‍ണാടക വോട്ടര്‍മാര്‍. ഒഴുക്കിനെതിരെ നീന്താനും നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ള ശേഷി കന്നഡിഗര്‍ മുമ്പു തന്നെ തെളിയിച്ചവരാണ്. കന്നഡ നാടിന്റെ സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ ധാരയുടെ നിലവിലെ വലിയ പ്രതീകമായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സ് നിയോഗിക്കുമ്പോള്‍ പലതുകൊണ്ടും അതു കാവ്യനീതിയാകുകയാണ്.
അരസിന്റെ പിന്‍ഗാമി
കന്നഡ രാഷ്ട്രീയത്തെ സംബന്ധിച്ച വരമൊഴികളിലും വാമൊഴികളിലും ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളാണ് നിറഞ്ഞു നില്‍ക്കാറുള്ളത്. വരേണ്യ, മുന്നാക്ക ഭൂവുടമകളായ ഇവരുടെ ജനസംഖ്യാ അനുപാതം യഥാക്രമം 16, 12 ശതമാനം വീതമാണ്. എന്നാല്‍ എസ് സി വിഭാഗം 20 ശതമാനമുണ്ട്. ഒ ബി സി ഹിന്ദുവും 20 ശതമാനം വരും. 15 ശതമാനം ന്യൂനപക്ഷവും, ആറ് ശതമാനം പട്ടിക വര്‍ഗവും വേറെയുമുണ്ട്. ലിംഗായത്തും വൊക്കലിഗയും കോണ്‍ഗ്രസ്സിന്റെ വോട്ടു ബേങ്കായിരുന്ന കാലത്തു തന്നെ ഇതര വിഭാഗങ്ങളുടെ വലിയ പ്രാതിനിധ്യത്തെ രാഷ്ട്രീയമായി തട്ടിയുണര്‍ത്തിയ അഹിന്ദ ഫോര്‍മുല ആവിഷ്‌കരിച്ചത് ദേവരാജ് അരസായിരുന്നു. അരസിന്റെ മരണശേഷം ബോധപൂര്‍വമോ സ്വഭാവികമായോ ഈ സൂത്രവാക്യം മറവിയിലായി. ദേവരാജ് അരസ് വിടവാങ്ങി രണ്ട് വ്യാഴവട്ടം പിന്നിടുമ്പോഴേക്കും അഹിന്ദ ഫോര്‍മുല സിദ്ധരാമയ്യയിലൂടെ കന്നഡ രാഷ്ട്രീയത്തില്‍ ശക്തമായ പുനഃ പ്രവേശം നടത്തി. ഇതുള്‍പ്പെടെ പലതു കൊണ്ടും സാമൂഹിക പരിഷ്‌കര്‍ത്താവായ ഭരണാധികാരി എന്നറിയപ്പെട്ട ദേവരാജ അരസിന്റെ പിന്‍ഗാമിയായി സിദ്ധരാമയ്യ ഗണിക്കപ്പെടുന്നു.
കര്‍ണാടകയിലെ ആദ്യ പിന്നാക്കക്കാരനായ മുഖ്യമന്ത്രി ദേവരാജ അരസാണ്. 1970കളുടെ അധിക പങ്കും അദ്ദേഹം മുഖ്യമന്ത്രി പദവി വഹിച്ചു. സെമീന്ദാരി സമ്പ്രദായം അവസാനിപ്പിച്ച് ഭൂപരിഷ്‌കരണം നടത്തിയ ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ്സ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹം നയിച്ച കര്‍ണാടകയായിരുന്നു. തങ്ങളുടെ മേല്‍ക്കോയ്മക്ക് ഇളക്കം തട്ടിയതില്‍ പ്രകോപിതരായ മുന്നാക്ക സമുദായങ്ങള്‍ വരുത്തുന്ന രാഷ്ട്രീയ തിരിച്ചടികള്‍ കൂടി മുന്നില്‍ കണ്ടാണ് അന്ന് അഹിന്ദ അദ്ദേഹം രൂപപ്പെടുത്തിയത്. ബാലവേലക്കും നിര്‍ബന്ധിത തൊഴിലിനുമെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പാക്കി. പാര്‍പ്പിടം തൊഴിലാളികളുടെ അവകാശമാക്കി. മൈസൂരിനെ കര്‍ണാടക എന്നു പേര് മാറ്റിയതും ഇലക്ട്രോണിക് സിറ്റിക്ക് തറക്കല്ലിട്ടതും ഒരു വീട്ടില്‍ ഒരു ഇലക്ട്രിക് ബള്‍ബ് പദ്ധതിക്ക് തുടക്കമിട്ടതും അരസായിരുന്നു. ഗരീബി ഹഠാവോയും, ഇന്ദിരാ ഗാന്ധിയുടെ ഇരുപതിന ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയും മികച്ച രീതിയില്‍ നടപ്പാക്കിയ ഇന്ത്യന്‍ സംസ്ഥാനം കര്‍ണാടകയായിരുന്നു.
സമാവേശം
സിദ്ധരാമയ്യ ആദ്യമായി ഉപമുഖ്യമന്ത്രിയാവുന്നത് 1996ല്‍ ദേവെഗൗഡ പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ അധികാരമേറ്റ ജെ എച്ച് പട്ടേല്‍ മന്ത്രിസഭയിലാണ്. 2004ല്‍ ധരംസിംഗ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സ് – ദള്‍ സര്‍ക്കാറില്‍ ദളിനെ പ്രതിനിധീകരിച്ച് വീണ്ടും ഉപമുഖ്യമന്ത്രിയായി. നിഴലുകള്‍ പറ്റി നടക്കുന്ന രാഷ്ട്രീയത്തിനു ഇതിനപ്പുറത്തേക്ക് സാധ്യതകളില്ലെന്ന് സിദ്ധരാമയ്യ തിരിച്ചറിഞ്ഞിട്ടുണ്ടാകണം, ഏഴ് ശതമാനം വരുന്ന സ്വന്തം സമുദായമായ കുറുബയുടെ മൂലധനത്തില്‍ അരസ് അവശേഷിപ്പിച്ച അഹിന്ദ ഫോര്‍മുല അദ്ദേഹം പൊടിതട്ടിയെടുത്തു. 2005 ജൂലൈ 24ന് ഹുബ്ലിയില്‍ അഹിന്ദ സമാവേശ എന്ന പേരില്‍ ദളിത് – പിന്നാക്ക – ന്യൂനപക്ഷ സമ്മേളനം നടത്തി. പതിനായിരങ്ങള്‍ ഇരമ്പിയെത്തിയ സമാവേശ കര്‍ണാടകയെ പിടിച്ചു കുലുക്കാന്‍ പോന്നതായിരുന്നു.
അപകടം മണത്ത ദേവെഗൗഡ, സിദ്ധരാമയ്യക്ക് രാഷ്ട്രീയ ചരമക്കുറിപ്പ് എഴുതാന്‍ വെമ്പല്‍ കൊണ്ടു. വൊക്കലിഗ വോട്ടു ബേങ്കിന്റെ താത്പര്യവും മകന്‍ കുമാരസ്വാമിക്കു മുന്നിലെ ഭീഷണിയും ദേവെഗൗഡ കണക്കിലെടുത്തു. 2005 ആഗസ്റ്റ് മൂന്നിന് സിദ്ധരാമയ്യയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ദള്‍ കത്തു നല്‍കി. തുടര്‍ന്ന് അഹിന്ദ സമ്മേളനങ്ങളുമായി പര്യടനം ആരംഭിച്ച സിദ്ധരാമയ്യ 2005 ഡിസംബറിലെ ത്രിതല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സ് വലിയ മുന്നേറ്റമുണ്ടാക്കി. 2006 സെപ്തംബറില്‍ ബാംഗ്ലൂരില്‍ നടന്ന മഹാറാലിയില്‍ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ സിദ്ധരാമയ്യ ഔദ്യോഗികമായി കോണ്‍ഗ്രസ്സിന്റെ ഭാഗമായി.
ചലോ ബെല്ലാരി
നിയമങ്ങള്‍ കാറ്റില്‍ പറത്തിയ ബെല്ലാരിയിലെ ഖനനം കര്‍ണാടക്കകത്തും പുറത്തും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചവയായിരുന്നു. ചലോ ബെല്ലാരി എന്ന പേരില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ 2010ല്‍ നടത്തിയ പദയാത്ര അദ്ദേഹത്തിന്റെ രാഷ്ട്രീയഗ്രാഫ് ഉയര്‍ത്തി. 2013ലെ തിരഞ്ഞെടുപ്പ് വിജയത്തോടെ സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രി പദവിയിലെത്തി. കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂരിഭാഗം സാമാജികരുടെ പിന്തുണയോടെ സി പി പി ലീഡറും മുഖ്യമന്ത്രിയുമായത് സാധാരണഗതിയില്‍ അവിശ്വസനീയമെങ്കിലും സിദ്ധരാമയ്യയെ അറിയാവുന്നവരെ സംബന്ധിച്ച് അത് സ്വാഭാവികതയായിരുന്നു
കര്‍ണാടകയുടെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തീകരിച്ച രണ്ടാമത്തെ മുഖ്യമന്ത്രി എന്ന ഖ്യാതിയോടെ ഭരണാധികാരി എന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തിയാണ് സിദ്ധരാമയ്യ പടിയിറങ്ങിയത്. പാവപ്പെട്ടവരോടും കൃഷിക്കാരോടും ആഭിമുഖ്യം നിലനിര്‍ത്തിയ നിരവധി നടപടികള്‍ കൈക്കൊണ്ട സിദ്ധു സര്‍ക്കാറിനെതിരെ അഴിമതിയുടെ നേരിയ ആരോപണം ഉയര്‍ത്താന്‍ പോലും പ്രതിപക്ഷം ധൈര്യപ്പെട്ടില്ല. കര്‍ണാടകയില്‍ മിസ്റ്റര്‍ ക്ലീനായിരിക്കുക എന്നത് പുതിയ കാലത്തെ ക്ലേശകരമായ ദൗത്യമാണ്.
പ്രത്യയശാസ്ത്ര ബോധ്യം
ലോക്നീതി – സി ഡി എസ് പോസ്റ്റ് പോള്‍ സര്‍വേ പ്രകാരം ലിംഗായത്തുകളില്‍ 56 ശതമാനം വോട്ട് ബി ജെ പിക്കും, 29 ശതമാനം വോട്ട് കോണ്‍ഗ്രസ്സിനും ലഭിച്ചു എന്നു പറയുന്നുണ്ട്. കോണ്‍ഗ്രസ്സ് വിജയത്തിന്റെ അടിസ്ഥാനം അഹിന്ദ വോട്ടു സമാഹരണം കാരണമെന്നും സൂചിപ്പിക്കുന്നു. സിദ്ധരാമയ്യയെ ഏറ്റവും ശ്രദ്ധേയനാക്കുന്ന ഘടകം സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെയുള്ള തികഞ്ഞ പ്രത്യയശാസ്ത്ര ബോധ്യമാണ്. ബ്രാഹ്മണിക്കല്‍- ഫ്യൂഡല്‍ ആധിപത്യ രാഷ്ട്രീയത്തിനെതിരെ കൗശല ബുദ്ധിയോടെയുള്ള സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഐക്യനിരയെ സ്പര്‍ശിക്കാന്‍ പോലും ആര്‍ എസ് എസിനു കഴിഞ്ഞിട്ടില്ല. പ്രത്യേക മത വിഭാഗമായി അംഗീകരിച്ച്, ന്യൂനപക്ഷ പദവി നല്‍കണമെന്ന് ഒരു വിഭാഗം ലിംഗായത്തുകള്‍ ആവശ്യപ്പെട്ട് പോന്നിരുന്നു. 2017ല്‍ ആ ദിശയില്‍ സിദ്ധരാമയ്യ നടത്തിയ നീക്കം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അല്ലാത്ത പക്ഷം അഹിന്ദ- ലിംഗായത്ത് ഫോര്‍മുല രൂപപ്പെടുമായിരുന്നു.
1983ല്‍ ആദ്യ നിയമസഭാംഗമായ വേളയില്‍ തന്നെ “കന്നഡ കാവലു സമിതി’ ചെയര്‍മാനായി സിദ്ധരാമയ്യ തിരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ വ്യവഹാരങ്ങളിലെ കന്നഡവത്കരണത്തിന്റെ പിതാവായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ഏകത്വ ദേശീയതയും ഹിന്ദി വത്കരണവുമൊക്കെ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള പോരാട്ടത്തിലും അതു വഴി കോണ്‍ഗ്രസ്സ് മുന്നിലെത്തി. പുതിയ കാലഘട്ടത്തില്‍ സംഘ്പരിവാറിനെ പ്രത്യയശാസ്ത്രപരമായി എതിര്‍ക്കുന്നതില്‍ മാത്രം ജനാധിപത്യ പോരാട്ടം പൂര്‍ണമാകുന്നില്ല. അടിത്തട്ടിലെ ജനവിഭാഗങ്ങള്‍ക്കിടയിലും തിരഞ്ഞെടുപ്പ് ഗോദയിലും അതിനു വിജയകരമായ പരിസമാപ്തി തീര്‍ക്കുക എന്നതു കൂടി പരമ പ്രധാനമാണ്. ഇന്ത്യയില്‍ അതു വ്യക്തിഗതമായി സാധ്യമാകുന്ന എത്ര നേതാക്കളുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം സ്പഷ്ടമല്ലെങ്കിലും ഒരു നേതാവിന്റെ പേര് ചോദിച്ചാല്‍ സിദ്ധരാമയ്യ നിശ്ചയമായും ഉള്‍പ്പെടും. 84ശതമാനം ഭൂരിപക്ഷ ജനത അധിവസിക്കുന്ന കര്‍ണാടകയില്‍ ഹിന്ദുത്വ പരീക്ഷണം പരാജയപ്പെടുന്നതിനും വിജയത്തെ നയിക്കാന്‍ സിദ്ധരാമയ്യ കടന്നുവരുന്നത് കാവ്യനീതിയാകുന്നതിനും കാരണം വേറെ തിരയേണ്ടതില്ല.