National
എഡ്ജ്ബാസ്റ്റണില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 337 റണ്‍സിന്റെ ജയം
608 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 271 റണ്‍സില്‍ അവസാനിച്ചു

ബര്‍മിങ്ഹാം | ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. 337 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 271 റണ്‍സിന് പുറത്തായി.എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇവിടെ കളിച്ച എട്ടില്‍ ഏഴ് ടെസ്റ്റിലും ഇന്ത്യ തോറ്റു. ഒരു ടെസ്റ്റ് സമനിലയിലും അവസാനിച്ചു.
ഇംഗ്ലണ്ടിന്റെ സമനില സ്വപ്നങ്ങള്‍ തകര്‍ത്താണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.608 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 271 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 587 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സും കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ 407 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 180 റണ്‍സിന്റെ ലീഡ് പിടിച്ചു
ഇന്ത്യക്കായി രണ്ടാം ഇന്നിങ്സില്‍ ആകാശ് ദീപ് 6 വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിങ്സില്‍ താരം 4 വിക്കറ്റെടുത്തിരുന്നു. മൊത്തം 10 വിക്കറ്റുകള്‍ ആകാശ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സിറാജ് ഒന്നാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരം മൊത്തം 7 വിക്കറ്റെടുത്തു.
ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 99 പന്തില്‍ നിന്ന് നാലു സിക്‌സും ഒമ്പത് ഫോറുമടക്കം 88 റണ്‍സാണ് താരം എടുത്തത്. മൂന്നിന് 72 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്.