Connect with us

Kerala

കരിപ്പൂർ - ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി

വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത് എൻജിൻ തകരാറിനെ തുടർന്ന്

Published

|

Last Updated

കൊണ്ടോട്ടി | യന്ത്രത്തകരാറിനെ തുടർന്ന് കരിപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 385 വിമാനം തിരുവന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. കരിപ്പൂരിൽ നിന്ന് 183 യാത്രക്കാരുമായി രാവിലെ 9.44ന് പറന്നുയർന്ന വിമാനത്തിന്റെ വാലറ്റം റൺവേയിൽ ഉരസിയതിനെ തുടർന്നാണ് യന്ത്രത്തകരാർ ശ്രദ്ധയിൽപെട്ടത്.

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വാലറ്റം റൺവേയിൽ ഉരസുകയായിരുന്നു. തുടർന്ന് അടിയന്തര ലാൻഡിംഗിന് അനുമതി തേടി. വിമാനം ആദ്യം കരിപ്പൂരിന്റെ ആകാശ പരിധിയിൽ മൂന്ന് തവണ വട്ടമിട്ടുപറന്നു. തുടർന്ന് എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശപ്രകാരം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു.

ഇന്ധനം വറ്റിക്കുന്നതിനായി വിമാനം തിരുവനന്തപുരം കന്യാകുമാരിഭാഗത്ത് അറബിക്കടലിന് മുകളിൽ ഏഴ് തവണ വട്ടമിട്ട് പറന്ന ശേഷമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. ഒരു മണിക്കൂർ നേരമാണ് വിമാനം ആകാശത്ത് വട്ടമിട്ടത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ അടയന്തര ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ചിരുന്നു.

Latest