canal fell down
മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് റോഡിലേക്ക് വീണു; ആളപായമില്ല
കനാൽ ഇടിഞ്ഞതിനെ തുടർന്ന് വെള്ളം റോഡിലേക്കും സമീപത്തെ വീടുകളിലേക്കും ഇരച്ചെത്തി.

മൂവാറ്റുപുഴ | മൂവാറ്റുപുഴ- പണ്ടപ്പിള്ളി റോഡിലേക്ക് കനാല്‍ ഇടിഞ്ഞുവീണു. മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി കനാലിന്റെ ഉപകനാലാണ് ഇടിഞ്ഞ് വീണ് റോഡ് ചെളിയും വെള്ളവും കൊണ്ട് മൂടിയത്. വേനൽക്കാലത്തിൻ്റെ തുടക്കമായതിനാൽ കഴിഞ്ഞ ദിവസം മുതൽ കനാലിലൂടെ വെള്ളം ഒഴുക്കിവിടുന്നുണ്ടായിരുന്നു. 15 അടി മുകളിൽ നിന്നാണ് കനാൽ ഇടിഞ്ഞത്.
കനാൽ ഇടിഞ്ഞതിനെ തുടർന്ന് വെള്ളം റോഡിലേക്കും സമീപത്തെ വീടുകളിലേക്കും ഇരച്ചെത്തി. റോഡിലൂടെ ഒരു വാഹനം കടന്നുപോയയുടനെയായിരുന്നു ഇടിഞ്ഞുവീണത്. ആ സമയം മറ്റ് വാഹനങ്ങളും ആളുകളും റോഡിലില്ലാത്തത് കാരണമാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
വളരെ നേരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ചെളിയും മണ്ണും നീക്കി റോഡ് ഗതാഗത യോഗ്യമാക്കി. 15 വര്‍ഷം മുമ്പും സമാന രീതിയിൽ കനാൽ ഇടിഞ്ഞുവീണിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയും അപാകതയും അപകടത്തിന് കാരണമായതായി നാട്ടുകാർ ആരോപിക്കുന്നു.