Connect with us

nn kakkad

കക്കാടിന്റെ ഓര്‍മ ദിനം; പെരുവഴിയില്‍ നിന്ന കവിയെ തേടി പുതു തലമുറയെത്തി

പാട്ടും പറച്ചിലും കവിതയുമായി കവി നടന്ന വഴികള്‍തേടി കുടുംബാംഗങ്ങളോടൊപ്പം പുതു തലമുറ സാഹിത്യ സല്ലാപം നടത്തി

Published

|

Last Updated

കോഴിക്കോട് | വഴിവെട്ടുന്നവരോടു പെരുവഴി തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്ത കവിയുടെ ഓര്‍മദിനത്തില്‍ പുതു തലമുറ കാവ്യാനുഭവങ്ങളുടെ പെരുവഴി തേടിയെത്തി.

‘വഴിവെട്ടാന്‍ പോകുന്നവനോ പലനോമ്പുകള്‍ നോല്‍ക്കേണം… പലകാലം തപസ്സുചെയ്ത് പലപീഡകളേല്‍ക്കേണം…’ എന്നോര്‍മിപ്പിച്ച കവി എന്‍ എന്‍ കക്കാടിന്റെ കൂട്ടാലിട അവിടനല്ലൂരിലെ കക്കാട് ഇല്ലത്തേക്ക് കടന്നെത്തുമ്പോള്‍ അവരുടെ ഉള്ളം തുടിച്ചു.
കനത്തമഴയിലും നേര്‍ത്ത ശബ്ദത്തില്‍ ‘ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിരവരും പോകുമല്ലേസഖീ…….’ എന്ന വരികള്‍ ഒഴുകിയെത്തി. ഗ്രാമവിശുദ്ധിയെ തൊട്ടറിഞ്ഞ കവി എന്‍ എന്‍ കക്കാടിന്റെ ഓര്‍മകള്‍ പങ്ക് വെച്ച് അവധി ദിവസത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദിയും കലാ ,സാംസ്‌കാരിക, ഗ്രന്ഥശാല പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അധ്യാപകരും ജനപ്രതിനിധികളും ജന്മഗൃഹത്തില്‍ ഒത്തുചേര്‍ന്നു.

പാട്ടും പറച്ചിലും കവിതയുമായി കവി നടന്ന വഴികള്‍തേടി കുടുംബാംഗങ്ങളോടൊപ്പം പുതു തലമുറ സാഹിത്യ സല്ലാപം നടത്തി. വീടും നാടും നഗരവും നാട്ടുനന്മയും ആത്മവേദനയും സര്‍ഗ യാത്ര സഫലമാക്കിയ കവിയുടെ സര്‍ഗവസന്തത്തെ കുട്ടികള്‍ വേണ്ടുവോളം ആസ്വദിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് കൂട്ടാലിട അവിടനല്ലൂരിലെ കക്കാട് ഇല്ലത്ത് സഫലമീ യോര്‍മ സംഘടിപ്പിച്ചത്.

സാഹിത്യ സാംസ്‌കാരിക ഒത്തുചേരല്‍ ജില്ല വിദ്യാഭ്യാസ ഉപഡയരക്ടറും എഴുത്തുകാരനുമായ മനോജ് മണിയൂര്‍ ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ഷൈന്‍ അധ്യക്ഷത വഹിച്ചു. പിന്നണിഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായി. സാഹിത്യ നിരൂപകന്‍ മോഹനന്‍ ചേനോളി മുഖ്യപ്രഭാഷണം നടത്തി. കക്കാടിന്റെ മകനും എഴുത്തുകാരനുമായ ശ്യാംകുമാര്‍ കക്കാട് ഓര്‍മകള്‍ പങ്കുവച്ചു.

 

 

---- facebook comment plugin here -----

Latest