Kerala
കെ റെയില്‍ കല്ലിടല്‍; നടാലില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം
സംഭവത്തില്‍ രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി

കണ്ണൂര്‍ | കെ റെയില്‍ പദ്ധതിക്കായുള്ള കല്ലിടലുമായി ബന്ധപ്പെട്ട് സിപിഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം . നാടാലില്‍ ഇന്ന് രാവിലെ സര്‍വേ നടപടികള്‍ പൊലീസ് സംരക്ഷണയില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധവുമായി എത്തി. ഇവരെ പോലീസ് നീക്കം ചെയ്തതിന് പിന്നാലെ എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചു വിട്ടു. സംഭവത്തില്‍ രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്ക് ശേഷം സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്.