Connect with us

തെളിയോളം

ചാടിക്കോളൂ, നീന്തിക്കോളും

നിങ്ങൾ ഒരിക്കൽ കഴിവുള്ളവനായിരുന്നു എങ്കിൽ, നിങ്ങൾ ഇന്നും കഴിവുള്ളവനാണ്. നിങ്ങൾ ഒരിക്കൽ ശക്തനായിരുന്നു എങ്കിൽ, ആ ശക്തി ഇന്നും നിങ്ങളിൽ ഉണ്ടെന്നതാണ് സത്യം.

Published

|

Last Updated

“എനിക്ക് ഇനി അതു ചെയ്താൽ ശരിയാകും എന്ന് തോന്നുന്നില്ല’, “ഞാൻ അതൊക്കെ മറന്നുപോയിട്ടുണ്ട്’, “ഇനി അത് തുടങ്ങാൻ പറ്റില്ല.’ തുടങ്ങി നമ്മിൽ പലരും പിന്നെയും പിന്നെയും പറയുന്ന പിന്നോട്ട് വലിയലിന്റെ ചില സ്ഥിരം പദാവലികളുണ്ട്. അഥവാ പ്രയോഗം നിർത്തിയവയെ പറ്റി നാം വിചാരിക്കുന്നത് അതൊക്കെ നാം മറന്നു എന്നാണ്. എന്നാൽ നമ്മൾ ജീവിതത്തിൽ പഠിക്കുന്ന പല കാര്യങ്ങളും പുസ്തകത്തിലെ അറിവ് പോലെ സിദ്ധാന്തങ്ങളായി തലച്ചോറിൽ സേവ് ചെയ്തിരിക്കുകയല്ല, അവ ശരിക്കും നമ്മുടെ ശരീരത്തിലാണ് ആവാഹിക്കപ്പെട്ടിരിക്കുന്നത്. നീന്തൽ പഠിച്ച ഒരാൾക്ക് വെള്ളത്തിൽ വീണാൽ “എങ്ങനെ നീന്തണം’ എന്ന ചിന്തയോ സംശയമോ വരുന്നില്ല. കൈകാലുകൾ സ്വയം ചലിക്കുകയും നീന്തുക എന്ന പ്രവൃത്തി സംഭവിക്കുകയും ചെയ്യും. സൈക്കിൾ ചവിട്ടാൻ പഠിച്ച ഒരാൾക്ക് വർഷങ്ങൾക്ക് ശേഷം വീണ്ടും സൈക്കിളിൽ ഇരിക്കുമ്പോൾ ആദ്യം അൽപ്പം അസ്വസ്ഥത തോന്നാം.പക്ഷേ, കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ശരീരം പ്രവൃത്തിയെ നേരാംവണ്ണം ഏറ്റെടുക്കും. ഡ്രൈവ് ചെയ്യുന്ന ഒരാളുടെ കാലുകൾ ക്ലച്ചിലും ബ്രേക്കിലും ആക്സിലറേറ്ററിലും മാറി മാറി പതിയുന്നു,

ഇതൊന്നും മനസ്സിന്റെ ഓർമയല്ല, “മസിൽ മെമ്മറി’ ആണ്, ശരീരത്തിൽ പ്രവഹിക്കുന്ന മൗനമായ ഓർമകളാണ് ഈ പ്രവൃത്തികളെ നിയന്ത്രിക്കുന്നത്. ജീവിതത്തെ കുറിച്ചുള്ള ആഴമുള്ള ഒരു സത്യം ഇതിൽ മറഞ്ഞിരിക്കുന്നുണ്ട്: നമ്മൾ ആവർത്തിച്ച് ചെയ്ത ഒന്നും നമ്മളെ വിട്ടുപോകില്ല. ഒരു പഴയ ഗിറ്റാർ വായിക്കുന്നയാളെ നോക്കൂ, വർഷങ്ങളായി കൈവെച്ചിട്ടില്ലെങ്കിലും, ഒരിക്കൽ ഗിറ്റാർ കൈയിൽ എടുത്താൽ അയാളുടെ വിരലുകൾ, മീട്ടലിന്റെ നറുവഴികൾ ഓർത്തെടുക്കും. ഒരു അമ്മ പല വർഷങ്ങൾക്ക് ശേഷം പാചകം തുടങ്ങുമ്പോൾ, അളവുകൾ പുസ്തകത്തിൽ നോക്കേണ്ടതില്ല, കൈകൾക്കറിയാം. ഒരു അധ്യാപകൻ ക്ലാസ്സ് വിട്ട് വർഷങ്ങൾ കഴിഞ്ഞാലും, ഒരിക്കൽ ക്ലാസ്സിൽ നിൽക്കുമ്പോൾ വാക്കുകൾ സ്വാഭാവികമായി ഒഴുകും. അഥവാ, “മികവ് ഒരു പ്രവൃത്തിയല്ല, മറിച്ച് ഒരു ശീലമാണ്.’ എന്ന അരിസ്റ്റോട്ടിലിന്റെ വാക്കുകളിൽ ഉണ്ട്, ആദ്യഘട്ട പ്രയാസങ്ങൾ കണക്കിലെടുക്കാതെ പിന്മാറ്റമില്ലാത്ത ആവർത്തിച്ചുള്ള പ്രവൃത്തികളാണ് നമ്മിലെ നമ്മളെ രൂപപ്പെടുത്തുന്ന ശക്തിയെന്ന്.

ജീവിതത്തിലെ പല നല്ല കാര്യങ്ങളും – ആത്മവിശ്വാസം, സഹനം, പോസിറ്റീവ് ചിന്ത, പരിശ്രമം – ഇവയെല്ലാം ആദ്യം ബുദ്ധിമുട്ടാണ്. പക്ഷേ നിങ്ങൾ അത് ആവർത്തിച്ചാൽ, അത് നിങ്ങളുടെ ശരീരത്തിലും മനസ്സിലും പതിയും. പിന്നെ പ്രതിസന്ധി വന്നാലും, നിങ്ങൾ ചിന്തിച്ചിട്ട് പ്രവർത്തിക്കേണ്ടതില്ല ; നിങ്ങൾ സ്വാഭാവികമായി തന്നെ ശക്തമായി പ്രതികരിക്കും. “പ്രേരണയിൽ നിങ്ങൾ ആരംഭിക്കുക, ശീലം നിങ്ങളെ മുന്നോട്ട് നയിക്കും’ എന്ന് ജിം റോൺ പറഞ്ഞതുപോലെ, ആഗ്രഹിക്കുന്നത് തുടക്കം കുറിക്കുക, മുന്നോട്ട് പോകുമ്പോൾ അത് പ്രയാസരഹിതമായ ശീലമായ്ക്കൊള്ളും. ജീവിതത്തിൽ എന്തിനെങ്കിലും ഒരു ഇടവേള വന്നാൽ, നമ്മൾ പലപ്പോഴും പേടിക്കുന്നു. “ഇനി പഴയ പോലെ ആകാൻ കഴിയില്ല’ എന്നൊരു ഭയം. ഇത് ഓർത്തുവെച്ചോളൂ. ഒരു നീന്തൽക്കാരൻ വർഷങ്ങൾക്കു ശേഷം വെള്ളത്തിൽ ഇറങ്ങിയാലും ശരീരം നീന്താൻ മറക്കില്ല. “ഞാൻ വളരെ മിടുക്കനൊന്നുമല്ല, എന്നാൽ പ്രശ്‌നങ്ങളിൽ കൂടുതൽ നേരം നിൽക്കാനുള്ള ധൈര്യം എനിക്കുണ്ട്’ എന്ന് ആൽബർട്ട് ഐൻസ്റ്റീൻ.

നിങ്ങൾ ഒരിക്കൽ കഴിവുള്ളവനായിരുന്നു എങ്കിൽ, നിങ്ങൾ ഇന്നും കഴിവുള്ളവനാണ്. നിങ്ങൾ ഒരിക്കൽ ശക്തനായിരുന്നു എങ്കിൽ, ആ ശക്തി ഇന്നും നിങ്ങളിൽ ഉണ്ടെന്നതാണ് സത്യം. നിങ്ങൾക്ക് അത് വീണ്ടും ഉണർത്താനുള്ള ഒരു പ്രേരണ ഉണ്ടായാൽ മാത്രം മതി. പലർക്കും “റീ സ്‌റ്റാർട്ട്’ ഒരു ഭയമാണ്. സത്യത്തിൽ, അതൊരു “മടക്കം’ ആണ്. നിങ്ങൾ പഠിച്ച വഴികളിലേക്കുള്ള തിരിച്ചു പോക്ക്. ആദ്യം അൽപ്പം താളം തെറ്റാം, ആത്മവിശ്വാസം കുറയാം, പക്ഷേ, ഒരു ചെറിയ തുടർച്ച മതി, ശരീരം ഓർമിക്കും, മനസ്സ് പിന്തുടരും. “ഒരു മരം നടാനുള്ള ഏറ്റവും നല്ല സമയം 20 വർഷം മുമ്പായിരുന്നു. രണ്ടാമത്തെ മികച്ച സമയം ദേ ഇപ്പോഴാണ്.’ എന്ന ചൈനീസ് പഴമൊഴി നമ്മളെ ഓർമിപ്പിക്കുന്നത് ഇതാണ്: വൈകിയാലും, വീണ്ടും തുടങ്ങുന്നത് എപ്പോഴും ശരിയാണ്.

 

 

---- facebook comment plugin here -----

Latest