Connect with us

സാഹിത്യം

ഇരുൾപ്പരപ്പിലെ വിളക്കുമരങ്ങൾ

കോട്സിയുടെ രചനകളുടെ പ്രധാന പ്രമേയം വർണവിവേചനവും കോളനിവത്കരണവും സാമൂഹിക ആഘാതങ്ങളും അവ ദക്ഷിണാഫ്രിക്കയുടെ സാമൂഹികാന്തരീക്ഷത്തിൽ സൃഷ്ടിച്ച കടുത്ത പ്രതിസന്ധികളിൽ ഉഴറുന്ന സാധാരണ ജനങ്ങളുടെ ദൈന്യവും തന്നെയാണ്. അലങ്കാരങ്ങളില്ലാത്ത, നൈസർഗികവും മിതത്വവുമുള്ള ഭാഷയും വായനക്കാരുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നതും, എന്നാൽ അതേസമയം ഏറെക്കുറെ നിർവികാരവുമായ ശൈലിയും കോട്്സിയുടെ രചനകളുടെ ആഖ്യാനപരമായ മുഖ്യ സവിശേഷതകളാണ്.

Published

|

Last Updated

ക്ഷിണാഫ്രിക്കയിലെ മുൻനിര എഴുത്തുകാരനാണ് 2003ലെ നൊബേൽ സമ്മാനം നേടിയ ജെ എം കോട്സി (J M Coetzee). നോവലിസ്റ്റ്, സാഹിത്യവിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ രാജ്യാന്തരപ്രശസ്തി നേടിയ ഇദ്ദേഹത്തിന്റെ രചനകളിൽ വർണവിവേചനവും കോളനിവത്കരണവും ഇരുൾ പരത്തിയ ആഫ്രിക്കൻ സമൂഹങ്ങളുടെ ദൈന്യചിത്രങ്ങളാണ് ദൃശ്യവത്കരിക്കുന്നത്.

1940 ഫെബ്രുവരി ഒമ്പതിന് ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലാണ് ജോൺ മാക്സ് വെൽ കോട്സി ജനിച്ചത്. കേപ്പ് ടൗൺ സർവകലാശാലയിൽനിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം യു എസിലെത്തിയ അദ്ദേഹം അവിടെ ടെക്സാസ് സർവകലാശാലയിൽ ഗവേഷണത്തിന് ചേർന്നു. തുടർന്ന് പി എച്ച് ഡി നേടി മാതൃരാജ്യത്ത് തിരിച്ചെത്തി കേപ്പ് ടൗൺ സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപകനായി. അതോടൊപ്പം മറ്റു പല സർവകലാശാലകളിലും വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

1969 ലാണ് കോട്സി സാഹിത്യത്തിന്റെ മേഖലയിലേക്ക് പ്രവേശിച്ചത്. 1974ൽ ആദ്യപുസ്തകം Dusklands പ്രസിദ്ധീകരിച്ചു. കോളനിവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ പ്രമേയമായിവരുന്ന The Vietnam Project, The Narrative of Jacobus Coetzee എന്നീ രണ്ടു നോവലെറ്റുകളാണ് ഈ പുസ്തകത്തിലുള്ളത്. 1977ൽ പുറത്തുവന്ന In the Heart of the Country ബോധധാരാ രീതിയിൽ എഴുതപ്പെട്ട നോവലാണ്. ദക്ഷിണാഫ്രിക്കയിലെ പരമോന്നത പുരസ്‌കാരം നേടിയ നോവലാണിത്. കോട്സി എന്ന എഴുത്തുകാരനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയ നോവലാണ് Waiting for the Barbarians (1980). 1983ൽ അദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമായ നോവൽ Life & Times of Michael K വെളിച്ചം കണ്ടു. കോട്സിയെ ബുക്കർ പ്രൈസിന് അർഹനാക്കിയ ഈ രചന മലയാളമുൾപ്പെടെ ഒട്ടേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തുടർന്ന് Foe (1986), Age of Iron (1990), The Master of Petersburg എന്നീ നോവലുകളും പുറത്തുവന്നു.

1999ൽ പ്രസിദ്ധീകരിച്ച Disgrace എന്ന നോവലിലൂടെ രണ്ടാം തവണയും ബുക്കർ പ്രൈസ് നേടി കോട്സി അക്ഷരലോകത്തെ വിസ്മയിപ്പിച്ചു. ഇവയ്ക്കു പുറമെ Boyhood (1997), Youth (2002) എന്നീ ഓർമക്കുറിപ്പുകളും White Writing (1988) എന്ന ലേഖനസമാഹാരവും ഡച്ച്, ആഫ്രിക്കൻ ഭാഷകളിൽനിന്നും ഒട്ടേറെ വിവർത്തന ഗ്രന്ഥങ്ങളും സാഹിത്യവിമർശനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. സാഹിത്യലോകത്തെ നിസ്തുല സംഭാവനകൾ പരിഗണിച്ച് 2003ൽ നൊബേൽ പ്രൈസ് നൽകി സ്വീഡിഷ് അക്കാദമി ഈ എഴുത്തുകാരനെ ആദരിക്കുകയുണ്ടായി.

ജെ എം കോട്്സിയുടെ ഏറെ വിഖ്യാതമായ നോവലാണ് “മൈക്കൽ കെയുടെ ജീവിതവും കാലവും’ (Life and Times of Michael K). ഒരു സാങ്കൽപ്പിക ആഭ്യന്തരയുദ്ധത്തെ പശ്ചാത്തലമാക്കിക്കൊണ്ട് രചിക്കപ്പെട്ട ഈ നോവൽ കടുത്ത വർണവിവേചനം നടമാടിയിരുന്ന ദക്ഷിണാഫ്രിക്കയിലെ പാർശ്വവത്കൃതരായ മനുഷ്യരുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്. അതോടൊപ്പം കോളനിവത്കരണം സൃഷ്ടിക്കുന്ന വ്യവസ്ഥാപിതമായ സാമൂഹിക അടിച്ചമർത്തലുകളും യുദ്ധത്തിന്റെ ഭീകരതയും അവരിൽ സൃഷ്ടിക്കുന്ന വൈയക്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളും ഈ നോവലിൽ ഹൃദയസ്പർശിയായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. നോവലിലെ കേന്ദ്രകഥാപാത്രമായ മൈക്കൽ കെ എന്ന യുവാവിന്റെ ജീവിത ചിത്രങ്ങളിലൂടെയാണ് നോവൽ മുന്നോട്ടു പോകുന്നത്.

സ്ഥാപനവത്കരിക്കപ്പെട്ട മനുഷ്യവിരുദ്ധ നിയമങ്ങളുടേയും നിയന്ത്രണങ്ങളുടേയും ഉരുക്കുമുഷ്ടിയിൽനിന്നും തന്റെ ആന്തരികജീവിതത്തെ സംരക്ഷിക്കാനായി അയാൾ നടത്തുന്ന വൃഥാശ്രമങ്ങളെ തികഞ്ഞ നൈസർഗികതയോടെ നോവൽ ആവിഷ്കരിക്കുന്നു. കോട്സിയുടെ മറ്റു രചനകളുടെയും പ്രധാന പ്രമേയം വർണവിവേചനവും കോളനിവത്കരണവും സാമൂഹിക ആഘാതങ്ങളും, അവ ദക്ഷിണാഫ്രിക്കയുടെ സാമൂഹികാന്തരീക്ഷത്തിൽ സൃഷ്ടിച്ച കടുത്ത പ്രതിസന്ധികളിൽ ഉഴറുന്ന സാധാരണ ജനങ്ങളുടെ ദൈന്യവും തന്നെയാണ്. അലങ്കാരങ്ങളില്ലാത്ത, നൈസർഗികവും മിതത്വവുമുള്ള ഭാഷയും വായനക്കാരുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നതും, എന്നാൽ അതേസമയം ഏറെക്കുറെ നിർവികാരവുമായ ശൈലിയും കോട്്സിയുടെ രചനകളുടെ ആഖ്യാനപരമായ മുഖ്യ സവിശേഷതകളാണ്.

ആഫ്രിക്കൻ സാഹിത്യത്തിലെ അതികായനാണ് ജെ എം കോട്സി. നൊബേൽ പ്രൈസും രണ്ട് തവണ ബുക്കർ പ്രൈസും നേടിയ ഇദ്ദേഹം ലോകസാഹിത്യത്തിലെ തന്നെ ഒരപൂർവ പ്രതിഭയാണ്. ഇരുണ്ട വൻകരയിലെ കൂരിരുൾ മൂടിയ ജീവിതസ്വപ്നങ്ങളെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ ഈ എഴുത്തുകാരന്റെ രചനകളെല്ലാം ലോകസാഹിത്യത്തിലെ അമൂല്യമായ ഈടുവെപ്പുകളാണ്. ഇരുൾപ്പരപ്പിലെ വിളക്കുമരങ്ങളെന്ന് അവയെ വിശേഷിപ്പിക്കാം.

Content Highlights:
J M Coetzee is a renowned South African novelist and 2003 Nobel laureate in literature. His celebrated works like Life and Times of Michael K portray struggles against apartheid and colonial oppression. Coetzee remains an extraordinary force in world literature through his deeply impactful storytelling.

 

Latest