Uae
യു എ ഇയില്‍ ഇത്തവണ ടിക്കറ്റ് നിരക്കില്‍ വലിയ ചൂഷണമില്ലെന്ന് വിലയിരുത്തല്‍
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി സ്ഥലങ്ങളിലേക്കുള്ള നിരക്കുകള്‍ വളരെ ആകര്‍ഷകമാണ്.

ദുബൈ | യു എ ഇയില്‍ വേനല്‍ക്കാല വിമാന യാത്രാനിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് വിലയിരുത്തല്‍. ദുബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള ഇക്കണോമി ക്ലാസ് നിരക്കുകള്‍ കണക്റ്റിംഗ് ഫ്‌ളൈറ്റുകളില്‍ ശരാശരി 1,300 ദിര്‍ഹം കുറവില്‍ ലഭ്യമാണ്. അബൂദബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ജൂലൈ 15നും 31നും ഇടയില്‍ യാത്ര ചെയ്യാന്‍ 708 ദിര്‍ഹമാണ് ഈടാക്കുന്നത്. അതേസമയം, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സി ഐ എസ്), ഇന്ത്യ എന്നിവിടങ്ങളിലെ ചില റൂട്ടുകളില്‍ ടിക്കറ്റ് 610 ദിര്‍ഹമിന് ലഭ്യമാണ്.
കഴിഞ്ഞ ജൂലൈയില്‍ വിമാന നിരക്കുകള്‍ കൂടുതലായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി സ്ഥലങ്ങളിലേക്കുള്ള നിരക്കുകള്‍ വളരെ ആകര്‍ഷകമാണ്. ചില യൂറോപ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കുന്നുണ്ട്. നേരിട്ടുള്ള സര്‍വീസുകള്‍ക്കാണിത്. 2,500 ദിര്‍ഹം മുതല്‍ 3,800 ദിര്‍ഹം വരെയാണ്, ബജറ്റ് എയര്‍ലൈനുകള്‍ ഈടാക്കുന്നത്. യൂറോവിംഗ്‌സ്, വിസ് എയര്‍ അബൂദബി, എയര്‍ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികള്‍ ദുബൈയില്‍ നിന്ന് പാരീസിലേക്ക് 2,815 ദിര്‍ഹത്തിനും ബെര്‍ലിനിലേക്ക് 1,860 ദിര്‍ഹത്തിനും വണ്‍വേ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.
ആളുകള്‍ ഇപ്പോള്‍ ഒന്നോ രണ്ടോ മാസത്തെ അവധിക്കു യാത്ര ചെയ്യുന്നില്ല. മറിച്ച് രണ്ട് മുതല്‍ പത്ത് ദിവസം വരെയുള്ള ചെറിയ കാലയളവിലേക്കാണ് യാത്ര. യാത്രക്കാര്‍ ഇപ്പോള്‍ വേഗത്തില്‍ തിരിച്ചെത്തുകയും ചെയ്യുന്നുണ്ട്. യു എ ഇയോട് ചേര്‍ന്നുള്ള അസര്‍ബൈജാന്‍, ഷെങ്കന്‍ രാജ്യങ്ങള്‍, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവ ഹ്രസ്വകാല യാത്രക്ക് ആളുകള്‍ തിരഞ്ഞെടുക്കുന്നു.