Kerala
ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം; സഊദി വ്യോമാതിര്‍ത്തി അടച്ചു
യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് സഊദി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ദമാം | ഇറാനെതിരായ ഇസ്‌റാഈലിന്റെ ആക്രമണത്തെത്തുടര്‍ന്ന് വ്യോമാതിര്‍ത്തി അടച്ചതിനാല്‍ സഊദി വിമാനത്താവളങ്ങളില്‍ യാത്രാ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് സഊദി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്‌റാഈല്‍ ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് വ്യോമ മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് ഇറാന്‍, ഇറാഖ്, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമ പാതകളില്‍ നിന്ന് വിമാന കമ്പനികള്‍ പിന്‍വാങ്ങിയതായി ഫ്‌ലൈറ്റ് റാഡാര്‍ 24 ഡാറ്റ റെക്കോര്‍ഡുകള്‍ വ്യക്തമാക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി നിലനിര്‍ത്താന്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും റദ്ദാക്കാനും വിമാനക്കമ്പനികള്‍ പ്രയാസങ്ങള്‍ അനുഭവിക്കുകയാണെന്നും വിമാന കമ്പനികള്‍ അറിയിച്ചു.
യാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ വിമാനത്താവളങ്ങളാണ് സഘര്‍ഷത്തെ തുടര്‍ന്ന് അടച്ചത്. ഇറാനെതിരെയുള്ള ഇസ്‌റാഈലിന്റെ ആക്രമണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം മേഖലയില്‍ അനാവശ്യമായ കുഴപ്പങ്ങള്‍ സൃഷ്ടിച്ചതാണ് നിലവിലെ വ്യോമ പാതയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരങ്ങളാണ് മക്കയിലെയും മദീനയിലെയും ഹോട്ടലുകളില്‍ മടക്കയാത്രയും പ്രതീക്ഷിച്ച് കഴിയുന്നത്. സംഘര്‍ഷം രൂക്ഷമായതിനാല്‍ ജോര്‍ദാന്‍ വ്യോമാതിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.