Articles
കാത്തിരിക്കുന്നത് കടുത്ത വേനലോ?
മാറുന്ന കാലാവസ്ഥയോ മഴയോ, വേനലോ ഒന്നുമല്ല ഇവിടെ പ്രധാനം. അതിനേക്കാള്‍ ഈ കഠിനമായ കാലാവസ്ഥാമാറ്റങ്ങളോട് ചേര്‍ന്നുപോകാന്‍ നാം എത്രമാത്രം തയ്യാറായി എന്നതാണ് കാര്യം. ഒരുകാലത്ത് കാലാവസ്ഥ നമ്മുടെ സീസണുകള്‍ക്ക് അനുസരിച്ച് പ്രകൃതി തന്നെ ക്രമീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നമ്മള്‍ തന്നെ പ്രകൃതിയുടെ താളം തെറ്റിക്കുകയായിരുന്നു. നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഇനിയും കൂടുതല്‍ പ്രകൃതിയെ കുത്തിനോവിക്കാതെയിരിക്കുക എന്നതും, ഈ മാറിയ കാലാവസ്ഥക്കനുസരിച്ച് നമ്മുടെ ജീവിത രീതികള്‍ ക്രമീകരിക്കുക എന്നതും മാത്രമാണ്.

കാലാവസ്ഥാമാറ്റവും അതേത്തുടര്‍ന്നുള്ള പാരിസ്ഥിതികപ്രശ്നങ്ങളും മലയാളിക്ക് പരിചിതമായ ഒന്നായി മാറിയിരിക്കുന്നു. മുമ്പ് വടക്കേ ഇന്ത്യയില്‍ കടുത്ത വേനലും മഞ്ഞും മഴയുമൊക്കെ നമുക്ക് വെറും വാര്‍ത്തകള്‍ മാത്രമായിരുന്നു. നമ്മള്‍ കേരളത്തില്‍ അല്ലെ, ഇവിടെ അങ്ങനെയൊന്നുമില്ലല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമുക്ക് തീര്‍ത്തും അപരിചിതമായ കാലാവസ്ഥയിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരേ സീസണില്‍ തന്നെ ചരിത്രത്തിലെ ഏറ്റവും കൂടിയ മഴയും ഏറ്റവും ശക്തികൂടിയ വേനലുമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ശക്തമായ മഴയും അതിനെത്തുടര്‍ന്നുണ്ടായ മഴക്കെടുതികളും കൊണ്ടാണ് കേരളം അടയാളപ്പെടുത്തപ്പെട്ടത്. തുലാവര്‍ഷക്കാലം കഴിഞ്ഞിട്ടും മഴ അതിശക്തമായി തുടരുന്ന സ്ഥിതിവിശേഷമാണ് നാം കണ്ടത്. മഴക്കെടുതികളും ഉരുള്‍പൊട്ടലുകളും ജീവഹാനിയും ഒക്കെ പിറകെയെത്തി. പക്ഷേ വളരെപ്പെട്ടെന്ന് സ്വിച്ചിട്ടപോലെ മഴ അവസാനിക്കുകയും അത് മെല്ലെ മെല്ലെ വേനലിന് വഴിമാറുകയുമാണുണ്ടായത്. ഇത്തവണയും വരുന്ന നാലോ അഞ്ചോ മാസങ്ങള്‍ കടുത്ത വേനലിന്റേതുകൂടി ആയിരിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞന്മാര്‍ ഒരേസ്വരത്തില്‍ പറയുന്നത്. 2018ലെ പ്രളയത്തിനുമുമ്പ് 2015-2016 കാലഘട്ടത്തില്‍ നാം വലിയൊരു വരള്‍ച്ചയുടെ കെടുതികളെ അഭിമുഖീകരിച്ചിരുന്നല്ലോ. അത്തരത്തിലൊരു കടുത്ത വേനല്‍ 2022ലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മാറുന്ന കാലാവസ്ഥയോ മഴയോ, വേനലോ ഒന്നുമല്ല ഇവിടെ പ്രധാനം. അതിനേക്കാള്‍ ഈ കഠിനമായ കാലാവസ്ഥാമാറ്റങ്ങളോട് ചേര്‍ന്നുപോകാന്‍ നാം എത്രമാത്രം തയ്യാറായി എന്നതാണ് കാര്യം. ഒരുകാലത്ത് കാലാവസ്ഥ നമ്മുടെ സീസണുകള്‍ക്ക് അനുസരിച്ച് പ്രകൃതി തന്നെ ക്രമീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നമ്മള്‍ തന്നെ പ്രകൃതിയുടെ താളം തെറ്റിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മാറിയ കാലാവസ്ഥയെ മാറിനിന്നു കൊണ്ട് പഴിക്കാമെന്നല്ലാതെ കൂടുതലായി ഒന്നും നമുക്ക് ചെയ്യാന്‍ കഴിയില്ല. നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഇനിയും കൂടുതല്‍ പ്രകൃതിയെ കുത്തിനോവിക്കാതെയിരിക്കുക എന്നതും, ഈ മാറിയ കാലാവസ്ഥക്കനുസരിച്ച് നമ്മുടെ ജീവിത രീതികള്‍ ക്രമീകരിക്കുകയും ചെയ്യുക എന്നതു മാത്രമാണ്.
മഴവെള്ളം
സംഭരിച്ചേ മതിയാകൂ
പണ്ടുകാലത്ത് നമ്മുടെയൊക്കെ വീടുകളില്‍ ഒന്നോ അതിലധികമോ കുളങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് കുടിക്കാന്‍, മറ്റൊന്ന് കുളിക്കാന്‍ എന്നിങ്ങനെ പോകുന്നു അതിന്റെ ഉപയോഗങ്ങള്‍. എന്നാല്‍ ഇന്ന് കുളങ്ങള്‍ ഒരു ഓര്‍മയായി മാറിയിരിക്കുന്നു. മാത്രമല്ല ഉള്ളവയൊക്കെത്തന്നെയും ഉപയോഗശൂന്യമായി ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞു മലിനമാക്കി അവശേഷിപ്പിച്ചിരിക്കുന്നു. ഈ വേനലില്‍ നാം ഏറെ ബുദ്ധിമുട്ടാന്‍ പോകുന്നതിന് കാരണവും ഇത്തരം ജലശേഖരങ്ങളുടെ അപര്യാപ്തത തന്നെയാണ്.
മഴ സുലഭമായിക്കിട്ടുന്ന അവസരങ്ങളില്‍ മഴക്കുഴികള്‍ നിര്‍മിക്കുകയെന്നതും കിണര്‍ റീചാര്‍ജ് ചെയ്യുക എന്നതും ഈ മാറിയ കാലാവസ്ഥയില്‍ വളരെ അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ്. എത്ര തന്നെ മഴ ലഭിച്ചാലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവ മണ്ണില്‍ നിന്ന് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഒപ്പം വേനല്‍ കൂടുതല്‍ കടുക്കുമ്പോള്‍ ഉള്ള ജലാശയങ്ങള്‍ കൂടി വറ്റിവരളുന്ന അവസ്ഥ സംജാതമാകുന്നു. മഴവെള്ള സംഭരണികള്‍ ഇന്ന് എല്ലാ വീടുകളിലും ഉണ്ടാകണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ വീടുകള്‍ക്ക് പെര്‍മിറ്റും നമ്പറും കൊടുക്കുന്നതു തന്നെ മഴവെള്ള സംഭരണികള്‍ അവര്‍ സ്ഥാപിച്ചിട്ടുണ്ടോ എന്നു കൂടി പരിശോധിച്ചതിനു ശേഷമാണ്. എന്നാല്‍ പേരിന് മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുന്നതിനപ്പുറം അത് ഉപയോഗിക്കാനോ മഴവെള്ളം സംഭരിച്ചുവെക്കാനോ ആരും തയ്യാറാകാറില്ല. എന്നാല്‍ ഇനിയും ഇത്തരത്തില്‍ മഴവെള്ളത്തെ സംഭരിക്കാതെ മുന്നോട്ടു പോയിക്കഴിഞ്ഞാല്‍ ആസന്നമായ വേനലിനെ നാം എങ്ങനെ പ്രതിരോധിക്കും എന്നത് ചോദ്യചിഹ്നമാണ്. അതുകൊണ്ട് മഴക്കാലത്തെ കെടുതികള്‍ക്കൊപ്പം മഴവെള്ളം സംഭരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. വരാനിരിക്കുന്ന കടുത്ത വേനലിനെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ നാം ശ്രമിക്കണം.
ചൂടാണ്; തീപ്പിടിത്തത്തെ സൂക്ഷിക്കണം
വരുന്ന വേനല്‍ കടുക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അങ്ങനെ വരുമ്പോള്‍ അത് ഏത് തരത്തിലൊക്കെയാണ് പ്രകൃതിയെയും മനുഷ്യനെയും ബാധിക്കുന്നതെന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. മനുഷ്യനെ സംബന്ധിച്ച് വേനലില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കാന്‍ പോകുന്നത് കുടിവെള്ളത്തിന്റെ പ്രശ്‌നം തന്നെയാണ്. അതിനൊപ്പം ഉണങ്ങിക്കിടക്കുന്ന ഇലകളും വൃക്ഷങ്ങളുടെ അവശിഷ്ടങ്ങളുമൊക്കെ തീയിടുന്ന സ്വഭാവവും നമുക്കുണ്ട്. അന്തരീക്ഷവും ഭൂമിയും ഒരുപോലെ ചൂടായി നില്‍ക്കുന്ന അവസരത്തില്‍ ഇത്തരത്തില്‍ തീയിടുന്നത് അപകടകരമാണ്. നമ്മുടെ ശ്രദ്ധയില്ലാതാകുന്ന അവസരത്തില്‍ ഒരു ചെറിയ കാറ്റിനു പോലും വലിയ ദുരന്തത്തിലേക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞേക്കാം. അതുകൊണ്ടുതന്നെ വേനല്‍ കാലത്ത് പറമ്പുകളിലും മറ്റും തീയിടുന്നത് വളരെ സൂക്ഷിച്ചുമതി.
മാത്രമല്ല, തീയിടുന്നത് അന്തരീക്ഷത്തിലേക്ക് കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് പോലെയുള്ള സിന്തറ്റിക് പദാര്‍ഥങ്ങള്‍ അല്ലല്ലോ അഗ്നിക്കിരയാക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നു വന്നേക്കാം. പക്ഷേ പ്ലാസ്റ്റിക്കിന്റെയത്ര ഇല്ലെങ്കില്‍ പോലും അന്തരീക്ഷത്തിലേക്കുയരുന്ന ഓരോ പുകയും കാര്‍ബണിന്റെ അംശം തന്നെയാണ്. ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നതിനു പകരം അത് കമ്പോസ്റ്റ് ചെയ്ത് ചെടികള്‍ക്ക് ഉത്തമമായ ഒരു വളമായി ഉപയോഗിക്കാന്‍ കഴിയും. അത്തരത്തിലുള്ള ശ്രമങ്ങള്‍ കൂടി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.
വൈദ്യുതി ഉപഭോഗം
കുറക്കണം
മഴ കുറയുകയും വേനല്‍ വരികയും ചെയ്യുമ്പോള്‍ വൈദ്യുതിയുടെ കാര്യത്തില്‍ രണ്ട് തരത്തിലാണ് പ്രശ്നങ്ങള്‍ ഉടലെടുക്കാറുള്ളത്. അണക്കെട്ടുകളില്‍ ജലം കുറയുന്നതിനനുസരിച്ച് വൈദ്യുതിയുടെ ഉത്പാദനം കുറയുന്നു. രണ്ടാമതായി ചൂടിനെ പ്രതിരോധിക്കാനായി വീടുകളില്‍ ഫാന്‍, എ സി തുടങ്ങിയവയുടെ ഉപഭോഗം ക്രമാതീതമായി കൂടുകയും ചെയ്യും. ഇവയെല്ലാം കൂടി പരിഗണിക്കുമ്പോള്‍ വരുന്ന വേനല്‍ കാലത്ത് വൈദ്യുതിയുടെ വലിയ കുറവിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതിനാല്‍ വൈദ്യുതിയുടെ ഉപഭോഗം വലിയൊരളവില്‍ കുറക്കുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്. അതിനെല്ലാം ഉപരിയായി വേനല്‍ കാലത്ത് കുത്തനെ ഉയരുന്ന എ സിയുടെയും മറ്റും ഉപയോഗം അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കും. അവ പുറത്തു വിടുന്ന വാതകങ്ങള്‍ ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്നതിനൊപ്പം ഓസോണ്‍ മലിനീകരണം കൂടാനും സാധ്യതയുണ്ട്.
സര്‍ക്കാര്‍ ചെയ്യേണ്ടത്;
നമ്മളും
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്നങ്ങള്‍ വര്‍ഷംതോറും ഉയര്‍ന്നുവരുന്നതുകൊണ്ടുതന്നെ സര്‍ക്കാര്‍ തലത്തില്‍ ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. മഴയായാലും വേനല്‍ ആയാലും അതിനെക്കുറിച്ചുള്ള ഒരു റിസ്‌ക് മാപ്പിംഗ് തയ്യാറാക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഏതൊക്കെ പ്രദേശങ്ങളില്‍ വേനലിന്റെ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, മഴക്കെടുതികള്‍ക്ക് സാധ്യതയുണ്ട്, എന്നിങ്ങനെ എക്സ്‌ക്ലൂസീവ് ആയിട്ടുള്ള ഒരു റിസ്‌ക് മാപ്പിംഗും അതിന്റെ മാനേജ്മെന്റ് പഠനവും നടത്തേണ്ടതുണ്ട്. ദുരന്തങ്ങള്‍ ഉണ്ടായതിനു ശേഷം അതിന്റെ അന്വേഷണവും നഷ്ടപരിഹാരവും ഒക്കെയാണ് നമ്മുടെ ശീലങ്ങള്‍. അതൊക്കെ മാറേണ്ടിയിരിക്കുന്നു. കാലാവസ്ഥയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കൃത്യമായ പഠനവും പഠനത്തിന്റെ ഫലത്തിന് അനുസരിച്ച് മുന്‍കരുതലും കൈക്കൊള്ളണം. അതിനുപകരം യാതൊരു മുന്‍കരുതലുമില്ലാതെ ഇനിയും നമ്മള്‍ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെങ്കില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് നാം ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതായി വരും. സര്‍ക്കാറിനൊപ്പം നമ്മള്‍ ഓരോരുത്തരുടെയും ഭാഗത്തുനിന്ന് വേനലിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറക്കാനുള്ള ശ്രമങ്ങള്‍ ആത്മാര്‍ഥമായി നാം കൈക്കൊള്ളണം. കടുത്ത വേനലിനെ പ്രതിരോധിക്കാനായി കൂടുതല്‍ മരങ്ങള്‍ വീടിനുചുറ്റും വെച്ചുപിടിപ്പിച്ചുകൊണ്ട് കാര്‍ബണ്‍ ബഹിര്‍ഗമനത്തെ വലിയൊരളവില്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയും. ഈ വരുന്ന നാലോ അഞ്ചോ മാസങ്ങള്‍ വേനലില്‍ നമ്മള്‍ വലയുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പുതരുമ്പോള്‍ അത് നേരിടാന്‍ ഭയാശങ്കകള്‍ വെടിഞ്ഞുകൊണ്ട് തന്നെ നാം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. യാതൊന്നും ചെയ്യാതെ തന്നെ അതിനെയൊക്കെ നേരിടുകയും നഷ്ടങ്ങള്‍ മാത്രം ഏറ്റുവാങ്ങുകയും ചെയ്യുന്ന നമ്മുടെ രീതികള്‍ക്ക് മാറ്റം വന്നില്ലെങ്കില്‍ കടുത്ത വേനലും വരള്‍ച്ചയും നമ്മുടെ നാളെകള്‍ വലിയ ബുദ്ധിമുട്ടിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.