Editors Pick
രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കോ? ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ അർഥമാക്കുന്നത് എന്ത്?
2026 മാർച്ച് പകുതി മുതൽ രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ നിലനിർത്തിയതിലൂടെ ഐ ഒ സി, ബി പി സി എൽ, എച്ച് പി സി എൽ എന്നീ കമ്പനികൾക്ക് ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് കണക്കുകൾ.
ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപയോഗം നിയന്ത്രിക്കാൻ പെട്ടെന്ന് ആഹ്വാനം ചെയ്തത് രാജ്യം ഒരു വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ എന്ന ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോള എണ്ണ വിപണിയിലുണ്ടായ അസ്ഥിരത ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ കൂടിയാണ് പെട്രോൾ, ഡീസൽ ഉപയോഗം അടിയന്തരമായി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് ആവശ്യപ്പെട്ടതെന്നാണ് കരുതുന്നത്. പെട്രോൾ, ഡീസൽ വില വർധനയിലേക്കുള്ള സൂചനയായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) ഇറാൻ – ഇസ്റാഈൽ സംഘർഷം മൂലം തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 60 ശതമാനവും ഈ പാത വഴിയാണ് എത്തുന്നത്. വിതരണ ശൃംഖലയിലുണ്ടായ ഈ വിള്ളൽ എണ്ണവില വർധിപ്പിക്കുക മാത്രമല്ല, ചരക്ക് നീക്കം വൈകിപ്പിക്കുകയും ചെയ്യുന്നു.

ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ബാരലിന് 72 ഡോളറിലായിരുന്ന ആഗോള എണ്ണവില യുദ്ധത്തിനിടെ 138 ഡോളർ വരെ ഉയർന്നിരുന്നു. ഹോർമുസ് പാത അടഞ്ഞതോടെ ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വന്നതും ലോജിസ്റ്റിക്സ്, ഇൻഷുറൻസ് ചെലവുകൾ വർധിച്ചതും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. നിലവിൽ യുഎസ് സൈനിക നീക്കങ്ങൾ അവസാനിപ്പിച്ചതോടെ വില 100 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ടെങ്കിലും ഇത് എണ്ണക്കമ്പനികൾക്ക് ഇപ്പോഴും ലാഭകരമായ നിരക്കല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണം; സ്വർണം വാങ്ങൽ നിർത്തണം: കർശന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി
2026 മാർച്ച് പകുതി മുതൽ രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ നിലനിർത്തിയതിലൂടെ ഐ ഒ സി, ബി പി സി എൽ, എച്ച് പി സി എൽ എന്നീ കമ്പനികൾക്ക് ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് കണക്കുകൾ. ഇൻപുട്ട് ചെലവുകളിൽ 50 ശതമാനത്തിലധികം വർധനയുണ്ടായിട്ടും ജനങ്ങളെ ബാധിക്കാതിരിക്കാൻ ചില്ലറ വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപ കുറച്ചില്ലായിരുന്നെങ്കിൽ ഈ നഷ്ടം 62,500 കോടി രൂപയിൽ എത്തുമായിരുന്നു.

നിലവിൽ ഇന്ത്യയ്ക്ക് ഏകദേശം 5.33 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ കരുതൽ ശേഖരമുണ്ട്. വിശാഖപട്ടണം, മംഗളൂരു, പാഡൂർ എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിലായാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ഇത് ഏകദേശം 9.5 ദിവസത്തെ രാജ്യത്തിന്റെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ. ഇതിനുപുറമെ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ പക്കൽ 64 ദിവസത്തെ ഉപയോഗത്തിനുള്ള ശേഖരമുണ്ട്. മൊത്തത്തിൽ 74 ദിവസത്തോളം വിതരണം തടസ്സമില്ലാതെ കൊണ്ടുപോകാൻ സാധിക്കുമെങ്കിലും, ഹോർമുസ് പ്രശ്നം നീണ്ടുനിന്നാൽ ഇത് വെല്ലുവിളിയാകും.
ഇറക്കുമതി ചെലവ് കുത്തനെ കൂടുന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെയും (Foreign Exchange Reserves) ബാധിക്കുന്നുണ്ട്. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിലൂടെ ഡോളർ ലാഭിക്കാമെന്നും അതുവഴി രൂപയുടെ മൂല്യം ഇടിയുന്നത് തടയാമെന്നുമാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ.
Summary
The follow-up report analyzes whether Prime Minister Modi’s recent statement signals a looming fuel shortage in India. It highlights the strategic importance of the Strait of Hormuz, where disruptions have affected 60% of India’s oil imports, and examines India’s 74-day combined fuel reserve. The analysis, based on Ministry of Petroleum and IEA data, suggests that the PM’s call is a preemptive measure to safeguard foreign exchange reserves and ensure long-term energy security.







