Editorial
എ ഐ മനുഷ്യരാശിക്ക് ഭീഷണി?
ലോകത്തെ തന്നെ ഏറ്റവും വലിയ ഐ ടി ഹബ്ബുകളിലൊന്നായ ബെംഗളൂരുവിനെ വലിയ തോതില്‍ ബാധിക്കും എ ഐയുടെ വളര്‍ച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെംഗളൂരു നഗരത്തില്‍ ഒരു ലക്ഷത്തിലേറെ ഐ ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. എ ഐയുടെ കാര്യത്തിലും നഗരം ഏറെ മുന്നിലാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ ഐ) വരവ് സൃഷ്ടിക്കുന്ന തൊഴില്‍ നഷ്ടങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഐ ടി അടക്കം വിവിധ മേഖലകളിലെ വിദഗ്ധര്‍, കമ്പനികളിലെ മാനവവിഭവ ശേഷി വിഭാഗം മേധാവികള്‍, അക്കാദമിക് രംഗത്തെ വിദഗ്ധര്‍, എ ഐ വിദഗ്ധര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചായിരിക്കും സര്‍വേ. പുതിയ ഐ ടി നയം തയ്യാറാക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന സര്‍വേ ഈ മാസം 27ന് ആരംഭിക്കുമെന്ന് സംസ്ഥാന ഐ ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി. ഐ ടി മേഖല ഉടച്ചു വാര്‍ക്കുമ്പോള്‍ സംസ്ഥാനത്തെ തൊഴില്‍ മേഖല പിന്നിലാകാതിരിക്കാന്‍ സര്‍വേ സഹായിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ലോകത്തെ തന്നെ ഏറ്റവും വലിയ ഐ ടി ഹബ്ബുകളിലൊന്നായ ബെംഗളൂരുവിനെ വലിയ തോതില്‍ ബാധിക്കും എ ഐയുടെ വളര്‍ച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെംഗളൂരു നഗരത്തില്‍ ഒരു ലക്ഷത്തിലേറെ ഐ ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. എ ഐയുടെ കാര്യത്തിലും നഗരം ഏറെ മുന്നിലാണ്. ഒരു ലക്ഷത്തോളം എ ഐ വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്നുണ്ട് ബെംഗളൂരുവില്‍. എ ഐയുടെ വരവ് ഇവരെയെല്ലാം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഭീതിയുമാണ് കര്‍ണാടക സര്‍ക്കാറിന്റെ സര്‍വേക്ക് പിന്നില്‍.
ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകളില്‍ അതിപ്രധാനമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ- നിര്‍മിത ബുദ്ധി). മനുഷ്യകുലത്തെ സ്പര്‍ശിക്കുന്ന മുഴുവന്‍ മേഖലകളിലും എ ഐ സ്വാധീനം ചെലുത്തുകയും അത് സമൂഹത്തിന്റെ പുരോഗതിക്ക് വന്‍തോതില്‍ സഹായകമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം തൊഴില്‍ മേഖലയില്‍ മനുഷ്യകുലത്തിന് ഭീഷണിയാകുമോ എ ഐ എന്ന ഭീതിയും ശക്തമാണ്. ഒരു വ്യക്തി എ ഐയുടെ സഹായത്തോടെ പത്ത് പേരുടെ ജോലി ചെയ്യുന്ന സ്ഥിതി സംജാതമാകുകയും ഇത് വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കുകയും ചെയ്യുമെന്നാണ് അടുത്തിടെ ന്യൂയോര്‍ക്കില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ എ ഐയുടെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ അഭിപ്രായപ്പെട്ടത്. സാധാരണ ബൗദ്ധിക ജോലികളില്‍ എല്ലാവര്‍ക്കും പകരമാകും എ ഐ. അതീവ വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രമേ ഭാവിയില്‍ എ ഐ ചെയ്യാത്ത ജോലികള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ലോകത്ത് ചെറിയ മത്സ്യങ്ങളെ വലിയ മത്സ്യങ്ങള്‍ ഭക്ഷിക്കുകയല്ല, മറിച്ച് വേഗം കുറഞ്ഞ മത്സ്യങ്ങളെ വേഗം കൂടിയ മത്സ്യങ്ങള്‍ ഭക്ഷിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു എ ഐ മൂലമുള്ള തൊഴില്‍ നഷ്ടത്തെക്കുറിച്ച് വേള്‍ഡ് ഇക്കണോമിക് ഫോറം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ക്ലോസ് ഷാബി അഭിപ്രായപ്പെട്ടത്.
തങ്ങളുടെ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് വന്‍കിട കമ്പനികള്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഐ ബി എം കമ്പനി (ഇന്റര്‍നാഷനല്‍ ബിസിനസ്സ് മെഷീന്‍സ് കോര്‍പറേഷന്‍സ്)യുടെ ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പില്‍ നിന്ന് അടുത്തിടെയായി 8,000 ജീവനക്കാരെ പിരിച്ചുവിട്ടു. വിവരങ്ങള്‍ തരംതിരിക്കുക, സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുക, കമ്പനിക്കകത്തെ പേപ്പര്‍ വര്‍ക്കുകള്‍ തുടങ്ങിയ ജോലികള്‍ ഇപ്പോള്‍ എ ഐ ആണ് നിര്‍വഹിച്ചു വരുന്നത്. അതേസമയം ഇതുകൊണ്ട് തൊഴില്‍നഷ്ടം വരുന്നില്ല; ജീവനക്കാരെ കുറക്കുന്നതു കൊണ്ട് ലഭിക്കുന്ന സാമ്പത്തിക ലാഭം സോഫ്റ്റ്‌വെയര്‍ വികസനം, മാര്‍ക്കറ്റിംഗ്, വില്‍പ്പന തുടങ്ങിയ ബിസിനസ്സ് സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിനാല്‍ മറ്റു മേഖലകളില്‍ കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നുണ്ടെന്നാണ് ഐ ബി എമ്മിന്റെ സി ഇ ഒ അരവിന്ദ് കൃഷ്ണയുടെ വാദം.
അതേസമയം ടെക്‌നോളജി എത്ര വികസിച്ചാലും പകരം വെക്കാത്ത ചില കഴിവുകള്‍ മനുഷ്യവര്‍ഗത്തിനുണ്ട്. സാമൂഹിക ബുദ്ധി, സര്‍ഗാത്മകത, വിമര്‍ശനാത്മക ചിന്ത, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയവ മനുഷ്യന്റെ മാത്രം സവിശേഷതകളാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കി അവരോട് സഹാനുഭൂതിയോടെ പെരുമാറേണ്ട ചില സന്ദര്‍ഭങ്ങളുണ്ട് തൊഴില്‍ മേഖലകളില്‍. ഇത് മനുഷ്യന്‍ നേരിട്ടു തന്നെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. പരസ്പര സഹകരണം, നേതൃശേഷി തുടങ്ങിയവയിലും എ ഐക്കോ മറ്റോ കടന്നു കയറാനാകില്ല. മനുഷ്യവിഭവവും എ ഐയും ഇടകലര്‍ന്ന ഒരു തൊഴില്‍ സംസ്‌കാരമായിരിക്കും ഭാവിയില്‍ വരാനിരിക്കുന്നത്.
സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിക്കുന്ന മറ്റൊരു പ്രശ്‌നം. പൊതുമേഖലയില്‍ പ്രയോജനപ്പെടുത്തുന്ന എ ഐ സംവിധാനങ്ങളിലാണ് ഇത് കൂടുതല്‍ അനുഭവപ്പെടുക. ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ റോഡുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ വാഹനത്തിന്റെ ഉള്‍ഭാഗ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാല്‍ അത് യാത്രക്കാരുടെ സ്വകാര്യതയും പകര്‍ത്താന്‍ ഇടയാക്കുന്നു. സ്വകാര്യ വാഹനങ്ങളിലെ ദമ്പതികളുടെ സ്‌നേഹപ്രകടനങ്ങള്‍, അവര്‍ അറിയാതെ പകര്‍ത്തുന്നത് പോലീസ് ആക്ട് പ്രകാരവും ഐ ടി നിയമ പ്രകാരവും മൂന്ന് വര്‍ഷം വരെ തടവും പിഴവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പൊതുനിരത്തിലെ നിയമലംഘനങ്ങളെ വേറിട്ട് തിരിച്ചറിയാനും അത് മാത്രം പകര്‍ത്താനുമുള്ള സംവിധാനം എ ഐ ക്യാമറകളില്‍ ഉണ്ടെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും. ക്യാമറകള്‍ക്ക് ഈ വിവേചന ബുദ്ധിയില്ലല്ലോ.
എ ഐ മനുഷ്യരാശിക്ക് മൊത്തം ഉയര്‍ത്താനിടയുള്ള വന്‍ഭീഷണിയെയും വിപത്തിനെയും കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് ഐ പി ആര്‍ ഐ). അടുത്തിടെ അവര്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക മാഗസിനിലെ പഠനറിപോര്‍ട്ടിലാണ് മുന്നറിയിപ്പുള്ളത്. എല്ലാ കാര്യങ്ങളും എ ഐയെ ഏല്‍പ്പിക്കാനുള്ള ത്വരയില്‍ അണുവായുധങ്ങളുടെ കൈകാര്യ കര്‍തൃത്വവും എ ഐയെ ഏല്‍പ്പിച്ചാല്‍ വരാനിടയുള്ള ഭവിഷ്യത്തിലേക്കാണ് മാഗസിന്‍ രാഷ്ട്ര നേതൃത്വങ്ങളുടെ ശ്രദ്ധക്ഷണിക്കുന്നത്. അത് ഭൗമരാഷ്ട്രീയത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അത് ലോകത്തിന്റെ ആത്യന്തിക നാശത്തിന് വഴിവെച്ചേക്കുമെന്നും പഠനം വിലയിരുത്തുന്നു. മനുഷ്യന്റെ പല കണ്ടുപിടിത്തങ്ങളും അവസാനം മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ആണവായുധങ്ങളുടെ കാര്യത്തില്‍ ഇത് പ്രകടമാണല്ലോ.