Connect with us

India- Ireland

കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യയെ പിന്തുടർന്ന് വിറപ്പിച്ച് അയര്‍ലാന്‍ഡ്; തലനാരിഴക്ക് ഇന്ത്യൻ ജയം

ദീപക് ഹൂഡ സെഞ്ചുറിയും സഞ്ജു സാംസണ്‍ അര്‍ധ സെഞ്ചുറിയും നേടി.

Published

|

Last Updated

ഡബ്ലിന്‍ | അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 എന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ ഉയര്‍ത്തിയപ്പോള്‍, അയര്‍ലാന്‍ഡിന്റെ മറുപടി ബാറ്റിംഗ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സിലെത്തി. നാല് റൺസിനാണ് ഇന്ത്യൻ ജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ത്യക്ക് വേണ്ടി ദീപക് ഹൂഡ സെഞ്ചുറിയും സഞ്ജു സാംസണ്‍ അര്‍ധ സെഞ്ചുറിയും നേടി.

സ്‌കോര്‍ 13ല്‍ എത്തിനില്‍ക്കെ ഇശാന്‍ കിഷനെ നഷ്ടമായെങ്കിലും സഞ്ജുവും ഹൂഡയും തകര്‍ത്തടിക്കുകയായിരുന്നു. 42 ബോളില്‍ നിന്നാണ് സഞ്ജു 77 റണ്‍സെടുത്തത്. 57 ബോളില്‍ നിന്ന് ഹൂഡ 104 റണ്‍സുമെടുത്തു. അതേസമയം, ബാക്കിയുള്ളവരൊന്നും കാര്യമായ സംഭാവന നല്‍കിയിട്ടില്ല. ഹര്‍ദിക് പാണ്ഡ്യ 13ഉം സൂര്യകുമാര്‍ യാദവ് 15ഉം റണ്‍സെടുത്തു. ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ സംപൂജ്യരായി മടങ്ങിയത് നാണക്കേടായി.

അയര്‍ലാന്‍ഡിന് വേണ്ടി മാര്‍ക് അഡെയര്‍ മൂന്നും ജോഷ് ലിറ്റില്‍, ക്രെയ്ഗ് യംഗ്, ഗാരിഥ് ഡെലാനി എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. ഐറിഷ് ഓപണര്‍മാരായ പോള്‍ സ്റ്റിര്‍ലിംഗും ആന്‍ഡി ബല്‍ബേണീയും തകര്‍ത്തടിച്ചു. സ്റ്റിര്‍ലിംഗ് 40ഉം ബല്‍ബേണീ 60ഉം റണ്‍സെടുത്തു. ഹാരി ടെക്ടര്‍ 39ഉം ജോര്‍ജ് ഡോക്‌റെല്‍ 34ഉം മാർക് അഡെയ്ർ 23ഉം റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, രവി ബിഷ്ണോയ് എന്നിവർ ഓരോന്ന് വീതം വിക്കറ്റെടുത്തു.