Eduline
അയർലാൻഡ് വിളിക്കുന്നു
ഈ വർഷം ഐറിഷ് സർക്കാർ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പൂർണമായും ധനസഹായത്തോടെയുള്ള വിവിധ സ്‌കോളർഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നു
സ്കോളർഷിപ്പോടെ വിദേശ പഠനത്തിനായി തയ്യാറെടുക്കുകയാണോ നിങ്ങൾ?. വാർഷിക സ്‌റ്റൈപെൻഡുകൾ, ട്യൂഷൻ ഫീസ്, ഗവേഷണ ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്ന പൂർണമായും ധനസഹായത്തോടെയുള്ള സ്‌കോളർഷിപ്പുകൾ വാഗ്‌ദാനം ചെയ്ത് നിരവധി വിദേശ രാജ്യങ്ങൾ വിദ്യാർഥികളെ ആകർഷിക്കാറുണ്ട്. അത്തരത്തിലൊരു രാജ്യമാണ് അയർലാൻഡ്. ഈ വർഷം ഐറിഷ് സർക്കാർ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പൂർണമായും ധനസഹായത്തോടെയുള്ള വിവിധ സ്‌കോളർഷിപ്പുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.
യൂറോപ്യൻ യൂനിയനിലുൾപ്പെട്ടവർക്കും അന്തർദേശീയ വിദ്യാർഥികൾക്കും സ്‌കോളർഷിപ്പുകൾ ലഭ്യമാണ്. കൂടാതെ പി എച്ച്ഡിക്കും മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാമുകൾ ഉൾപ്പെടെ അയർലാൻഡിലെ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, ഡോക്ടറൽ തലങ്ങളിലെ പഠനങ്ങൾക്കും സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 12 ആണ്.
ഈ പ്രോഗ്രാമിന് കീഴിൽ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് 19,000 യൂറോ (ഏകദേശം 20 ലക്ഷം രൂപ) വാർഷിക സ്‌റ്റൈപെൻഡ് ലഭിക്കും. കൂടാതെ, സ്‌കോളർഷിപ്പ് പ്രതിവർഷം 5,750 യൂറോ (ഏകദേശം ആറ് ലക്ഷം രൂപ) വരെയുള്ള ട്യൂഷൻ ഫീസും, യൂറോപ്യൻ യൂനിയന് പുറത്തുള്ള ഫീസുകളും ഉൾപ്പെടെ നൽകുന്നു. കൂടാതെ പ്രതിവർഷം 3,250 യൂറോ (3.40 ലക്ഷം രൂപ) ഗവേഷണത്തിനായും നൽകുന്നു.
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്, മാനവികത, കല, സാമൂഹിക ശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ സ്‌കോളർഷിപ്പ് ലഭിക്കും. വ്യത്യസ്ത അക്കാദമിക് പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാമെന്നതാണ് പ്രത്യേകത.
ട്രിനിറ്റി കോളജ് ഡബ്ലിൻ, യൂനിവേഴ്‌സിറ്റി കോളജ് ഡബ്ലിൻ, യൂനിവേഴ്‌സിറ്റി കോളജ് കോർക്ക്, യൂനിവേഴ്‌സിറ്റി ഓഫ് ലിമെറിക്ക്, മെയ്‌നൂത്ത് യൂനിവേഴ്‌സിറ്റി, നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് അയർലൻഡ് ഗാൽവേ, ഡബ്ലിൻ സിറ്റി യൂനിവേഴ്‌സിറ്റി, ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റി ഡബ്ലിൻ തുടങ്ങിയ സർവകലാശാലകളും രാജ്യത്തുടനീളമുള്ള നിരവധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളും പ്രോഗ്രാമിന്റെ ഭാഗമാണ്. അയർലാൻഡ് ഗവൺമെന്റ് സ്‌കോളർഷിപ്പ് 2026നുള്ള അപേക്ഷകൾ സമയപരിധിക്ക് മുമ്പ് ഔദ്യോഗിക സ്‌കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം. വിദ്യാർഥികൾ അപേക്ഷിക്കുമ്പോൾ യോഗ്യതാ മാനദണ്ഡങ്ങൾ, കോഴ്സ് ആവശ്യകതകൾ, സ്ഥാപന മാർഗനിർദേശങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. സമഗ്രമായ സാമ്പത്തിക പിന്തുണയും ആഗോളതലത്തിൽ റാങ്കുമുള്ള ഐറിഷ് സർവകലാശാലകളിൽ വിദ്യാർഥികൾക്ക് മികച്ച പഠനം ലഭിക്കും.




